തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ സംഭവം ചുരുളഴിയുമ്പോള്‍ നടുക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. കേസിലെ പ്രധാന പ്രതിയും ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളുമായ സെറീന ഷാജിക്ക് പാക്കിസ്ഥാന് സ്വദേശിയായ നദീമുമായി ബന്ധമുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്നുമുള്ള റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ രഹസ്യങ്ങളുടെ കവാടം തുറക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുപത്തിയഞ്ച് കിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ബന്ധങ്ങള്‍ ശക്തവും വ്യാപകവുമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അനധികൃത സ്വര്‍ണക്കടത്ത് കേസുകള്‍ പലതും അധികം വൈകാതെ തേഞ്ഞുമാഞ്ഞുപോകുകയാണ് പതിവ്.
കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനടക്കം നിരവധിപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സെറീനയ്ക്ക് പുറമെ, സുനില്‍കുമാര്‍, വിഷ്ണു സോമസുന്ദരം, ഇടതുപക്ഷ നേതാവായ അഡ്വ. ബിജുമോഹന്‍, ഇയാളുടെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിച്ചിരുന്ന ജുവല്ലറി ഉടമ മുഹമ്മദലി, മാനേജര്‍മാരായ റാഷിദ്, അബ്ദുള്‍ ഹക്കിം എന്നിവര്‍ പ്രതികളായിരിക്കുന്ന കേസില്‍ പല കാര്യങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ സംഘം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 400 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന ഡിആര്‍ഐയുടെ നിഗമനംപോലും മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാകാനേ സാധ്യതയുള്ളൂ. ബാഹ്യമായ ഇടപെടലുകളില്ലാതെ ശരിയായ അന്വേഷണം നടത്തിയാലല്ലാതെ ഇക്കാര്യത്തില്‍ സത്യം പുറത്തുവരില്ല. അതിന് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്
കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധം ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ് പരിണമിക്കുന്നത്. ദുരൂഹത ചൂഴ്്ന്ന് നില്ക്കുന്ന കാറപകടത്തിന്റെ കാണാപ്പുറങ്ങളില്‍ എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ഇപ്പോഴത്തെ നിലയില്‍ ഊഹിക്കാന്‍പോലും ആവുന്നില്ല. ബാലഭാസ്കറിന്റെ ജീവനെടുത്ത അപകടംപോലും ആസൂത്രിതമായിരുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ഇക്കാര്യത്തില്‍ ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് അന്വേഷിക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ തന്നെ ഇക്കാര്യവും അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂ എന്നിടത്തേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്.
വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നിത്യസംഭവമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം സമീപകാലത്ത് സ്വര്‍ണ്ണക്കടത്ത് പിടികൂടിയ സംഭവങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തും കരിപ്പൂരും പരിശോധനകള്‍ കര്‍ശനമാക്കിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്രാമിന് 50 രൂപ നികുതിയടച്ച് സ്വര്‍ണം കൊണ്ടുവരാമെന്ന നില, പി. ചിദംബരം മന്ത്രിയായിരിക്കെ മാറ്റിയതാണ് വന്‍തോതിലുള്ള സ്വര്‍ണക്കടത്തിന് ഇടയാക്കുന്നതെന്ന് കരുതുന്നവരുണ്ട്. ഇപ്പോള്‍ വിലയുടെ 35 ശതമാനം നികുതിയടയ്ക്കണം. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ നാല് ലക്ഷം രൂപയോളം കിട്ടുമെന്നാണ് പറയുന്നത്. സ്വര്‍ണം കടത്തുന്നത് ആരായിരുന്നാലും അതിന് പിന്നില്‍ വമ്പന്മാരായിരിക്കും എന്നുറപ്പാണ്. മായികലോഹമായി തുടരുന്ന കാലത്തോളം സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുകയേയുള്ളൂ. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: