സുബ്രഹ്മണ്യന് സാക്ഷാല്‍ ശ്രീപരമേശ്വരന്റേയും ശ്രീപാര്‍വതിയുടേയും പുത്രനാണെന്ന് തിരിച്ചറിഞ്ഞ നമ്പിനാരായണന് അത്ഭുതത്തോടെ നാരദമഹര്‍ഷിയോട് നന്ദി പറഞ്ഞു. നമ്പിരാജന് മനസ്സറിയാതെ തന്നെ പ്രാര്‍ഥിച്ചു. ‘ശ്രീമഹാദേവാ, ഗൗരീ പരമേശ്വരീ’ . ആ പ്രാര്‍ഥനയില്‍ പതുക്കെപ്പതുക്കെ നമ്പിരാജന് സ്വയമലിഞ്ഞില്ലാതെയായിപ്പോകുന്നതു പോലെ തോന്നി.
അങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി നില്ക്കുമ്പോള് മഹാദേവനും മറ്റും അവിടെ പ്രത്യക്ഷനായി. ശ്രീപരമേശ്വരനും ശ്രീപാര്‍വീദേവിയും സാക്ഷാല്‍ ശ്രീനിവാസനും നമ്പിരാജന്റെ മുമ്പില്‍ പ്രത്യക്ഷനായി.
സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് നമ്പിരാജന് തന്നെ സംശയമായി. ഭഗവാന്റെ ദര്‍ശനം, അതും പാര്‍വതീ പരമേശ്വരനായി, ഭഗവാന് ശ്രീനിവാസന്റെയൊപ്പം. തന്നെപ്പോലൊരു എളിയവന് ഇതൊക്കെ എങ്ങനെ വിശ്വസിക്കും. സ്വയം ദേഹത്തില്‍ നുള്ളി നോക്കി. അല്ല, സ്വപ്നമല്ല, യാഥാര്‍ഥ്യം തന്നെ.
ഉമാമഹേശ്വര ദര്‍ശനം ലഭിച്ച നമ്പിരാജന് തൊഴുതു നമസ്ക്കരിച്ചു. നാരദമഹര്‍ഷി നമ്പിരാജനെ എഴുന്നേല്‍പ്പിച്ചു. മുരുകന്റെ വിവാഹം നടത്തിക്കുന്നതിനാണ് വൈകുണ്ഠനാഥനും കൈലാസനാഥനും വന്നിരിക്കുന്നത്. ശ്രീവള്ളിയും സുബ്രഹ്മണ്യനുമായുള്ള വിവാഹം ഉടന്‍ നടത്തണം.
മുഹൂര്‍ത്തം മുരുകനും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നു തന്നെ നിശ്ചയിച്ചു. നമ്പിരാജന് തന്നെ വിഘ്നേശ പൂജയ്ക്കും ഏര്‍പ്പാടു ചെയ്തു. ദേവാധിദേവന്മാരുടെ സാന്നിധ്യത്തില്‍ ശ്രീവള്ളിയെ മുരുകന് പരിണയിച്ചു. അച്ഛനമ്മമാരുടേയും അമ്മാവന്റേയും എല്ലാം അനുഗ്രഹത്തോടെ മുരുകനും ശ്രീവള്ളിയും വിവാഹാനന്തരം ഒരു ദിവ്യവിമാനത്തില്‍ കയറി കാഞ്ചിയിലേക്ക് യാത്രയായി. ശ്രീപരമേശ്വരനും ശ്രീനിവാസനും മഹര്‍ഷിമാരും എല്ലാം അപ്രത്യക്ഷരായി.
ഗുഹ്യശാസ്ത്രങ്ങളെ അറിയുന്ന ഗുഹനെ, ശ്രീമുരുകനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രീവള്ളിക്ക് ആഗ്രഹം തോന്നി. മുരുകന് പതുക്കെപതുക്കെ അതേക്കുറിച്ച് വിവരിച്ചു. കൂട്ടത്തില്‍ ദേവേന്ദ്രന് തന്നെ ഏല്‍പ്പിച്ച ദേവസേനയെക്കുറിച്ചും വ്യക്തമാക്കി. ദേവസേനയുടെ പതിയായി ദേവേന്ദ്രന് തന്നെ നിയോഗിച്ച കാര്യവും ശ്രീവള്ളിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: