കൊച്ചി: നിപയില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയിലുള്‍പ്പെടെ ഉത്കണ്ഠകളും വിവാദങ്ങളും ശക്തമായിരിക്കെ, മന്ത്രിസഭയിലെ രണ്ടാമന്‍ ഉല്ലാസയാത്രയില്‍. ബന്ധുക്കള്‍ക്ക് വഴിവിട്ട സഹായം ചെയ്ത് ഒരിക്കല്‍ മന്ത്രിപദം പോയ വ്യവസായ, കായികമന്ത്രി ഇ.പി. ജയരാജന്‍ കുടുംബസമേതമാണ് വേനല്‍ക്കാലയാത്രയ്‌ക്ക് പോയത്.
ഇ.പി. ജയരാജന്‍, ഭാര്യ പി.കെ. ഇന്ദിരയും കുടുംബാംഗങ്ങളുമൊത്ത് കശ്മീരിലാണ്. ചുട്ടുപൊള്ളുന്ന കേരള കാലാവസ്ഥയില്‍ നിന്ന് മഞ്ഞുവീഴ്ചയുള്ള, തണുപ്പേറിയ ലേയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി. പെരുന്നാള്‍ അവധി കഴിഞ്ഞ് ജൂണ്‍ 10ന് നിയമസഭാ സമ്മേളനം തുടരുമ്പോഴേ മടങ്ങിയെത്തൂയെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
രണ്ടു ദിവസം ദല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനും യാത്രയ്‌ക്കിടെ മന്ത്രി സമയം കണ്ടെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് പാര്‍ട്ടി യോഗം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായിയെന്ന് സിപിഎം അടക്കമുള്ള ഇടതു സംഘടനകള്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് വിനോദ സഞ്ചാരത്തിന് സിപിഎം മന്ത്രി കശ്മീരിലെത്തിയെന്നതും ശ്രദ്ധേയം.
















