കുവൈത്ത് സിറ്റി : സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ഇനി പുതുക്കി നല്‍കില്ല. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടെ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാര്‍ പുതുക്കണോ എന്ന് തീരുമാനിക്കുക.
വിദേശികളുടെ തൊഴില്‍ കരാറുകള്‍ സിവില്‍ സര്‍വിസ് കമീഷെന്റ അനുമതിക്ക് ശേഷം മാത്രമേ അംഗീകാരം നല്‍കുകയുള്ളു. ഇവരുടെ ശമ്പള സ്കെയില്‍ നിര്‍ണയവും ആനുകൂല്യങ്ങളും സിവില്‍ സര്‍വിസ് കമീഷന് നിശ്ചയിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജോലിയുടെ പ്രത്യേകതക്കനുസരിച്ചായിരിക്കും നിശ്ചയിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.
കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു സര്‍ക്കാര്‍ ജോലിയില്‍ 81,817 വിദേശികള്‍ ജോലിചെയ്തു വരുന്നുണ്ട്. ജിസിസി രാജ്യങ്ങളില്‍നിന്നുള്ള 4,273 പേരുള്‍പ്പെടെ അമ്പതിനായിരത്തോളം ജീവനക്കാര്‍ അറബ് പൗരന്മാരാണ്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് അറബ് രാജ്യക്കാരില്‍ കൂടുതല്‍.
183 യൂറോപ്യന്‍ പൗരന്മാരും 27,708 ഏഷ്യക്കാരും, 207 ആഫ്രിക്കക്കാരും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന് സര്‍ക്കാര്‍ മേഖലയിലെ വിദേശ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: