ഭാരതം നരേന്ദ്രമോദിയില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചപ്പോള്‍ കശ്മീര്‍ വിഷയത്തിലും ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനുതകുന്ന കാല്‍വയ്പുകള്‍ സ്വാഭാവികമായും പ്രതീക്ഷിക്കാം. ജമ്മു കശ്മീര്‍, ഭാരതീയ ദേശീയതയുടെ മുഖ്യധാരയെ എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമാക്കേണ്ടതുണ്ട്. അതിനെതിര് നില്ക്കുന്ന എല്ലാ ഘടകങ്ങളെയും വിട്ടുവീഴ്ചയില്ലാതെ നേരിടണം. ദേശവിരുദ്ധ ശക്തികളുടെ എല്ലാ കുതന്ത്രങ്ങളെയും വേരോടെ പിഴുതെറിഞ്ഞ് ഇല്ലാതാക്കണം. ചരിത്രപരമായ ആ വെല്ലുവിളിയെ നേരിടുവാനുള്ള കെല്പുണ്ട് എന്ന ബോദ്ധ്യമുള്ളതുകൊണ്ടാണല്ലോ ഭാരതീയ ജനതാ പാര്‍ട്ടിയുള്‍പ്പെടുന്ന ദേശീയ ജനാധിപത്യസഖ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭരണം തുടരാന്‍ രാജ്യം വര്‍ദ്ധിച്ച ജനപിന്തുണയില്‍ അവസരം നല്‍കിയത്.
ജനഹിതം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ദൃഢനിശ്ചയം വിളിച്ചോതുന്ന നടപടികളാണ് പുതിയതായി ചുമതലയേറ്റ ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിവെക്കുന്നതെന്നുള്ള സൂചനകളാണല്ലോ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ സമാധാനം കെടുത്തുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആപത്ത് വിതയ്ക്കുന്ന തലവന്മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹിറ്റ് ലിസ്റ്റ് (ഒഴിവാക്കപ്പെടേണ്ട തീവ്രവാദികളുടെ ചിത്രങ്ങളടങ്ങുന്ന ചെക്ക്ലിസ്റ്റ്) തയാറാക്കിയിട്ടുണ്ട്. അവരെ നിശ്ചലമാക്കുവാനുള്ള രണതന്ത്രം രൂപപ്പെടുത്തി മുന്നേറുവാനുള്ള ശക്തമായ നീക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സുരക്ഷയുടെ ചുമതലയുള്ള പ്രതിരോധ സംവിധാനത്തിന് പരമാവധി പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കി ശത്രുപാളയങ്ങള്‍ക്ക് ആയുധങ്ങള്‍ താഴെവച്ച് നിയമത്തിന് മുമ്പില്‍ തലകുനിക്കുന്നതിനപ്പുറമുള്ള മാര്‍ഗമൊന്നും ബാക്കിയില്ലെന്ന കൃത്യമായ സന്ദേശം നല്കുന്നു. ഒപ്പംതന്നെ ഭാരതീയ ദേശീയ മുഖ്യധാരപ്രദാനം ചെയ്യുന്ന സാദ്ധ്യതകളിലൂടെ വികസനത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും വഴിയെ മുന്നോട്ട് പോകുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ജമ്മു കശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ചുറപ്പാക്കുകയും ചെയ്യുന്നു.
പുതിയ ദേശീയ ഭരണകുടത്തിന്റെ സത്വരശ്രദ്ധ പതിഞ്ഞ് പരിഹാരത്തിന് പടയൊരുക്കം തുടങ്ങി കഴിഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് ജമ്മു കാശ്മീരില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി. ജനാധിപത്യം ജനങ്ങളുടെ ഭാഗധേയം ജനങ്ങള്‍ക്ക് തന്നെ നല്കുന്ന ഭരണവ്യവസ്ഥയെന്ന കാഴ്ചപ്പാട് സാര്‍ത്ഥകവും സുശക്തവുമാകണമെങ്കില് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങള്‍ ജനസംഖ്യക്കും പ്രദേശവിസ്തീര്ണ്ണത്തിനും ആനുപാതികമാകണം.
പക്ഷേ അനുഭവത്തില്‍ ജമ്മു മേഖലയുടെ വിസ്തീര്ണ്ണത്തിനനുസരിച്ചുള്ള ജനപ്രതിനിധികളുടെ എണ്ണം ജമ്മു കശ്്മീര്‍ നിയമസഭയില്‍ ലഭിക്കുന്നില്ല. അതുപോലെ തന്നെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യവും ജമ്മുവിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നേരേ മറിച്ച് ജമ്മുവുമായി താരതമ്യം ചെയ്യുമ്പോള്‍ കശ്മീര്‍ താഴ്വരയ്ക്ക് അര്‍ഹതയിലധികം നിയമസഭാംഗങ്ങളെ ലഭിക്കുന്നതിനിടയാക്കുന്നു.
ശരാശരി കശ്്മീര്‍ നിയമസഭാ മണ്ഡലത്തില്‍ നാല്പത്തിയഞ്ചില്പരം ലക്ഷം സമ്മതിദായകര്‍ക്ക് ഒരു നിയമസഭാ അംഗത്തെ ലഭിക്കുമ്പോള്‍ ജമ്മുവില്‍ ശരാശരി അറുപത്തിയഞ്ചു ലക്ഷം സമ്മതിദായകര്‍ക്കു മാത്രമേ ഒരു നിയമസഭാ അംഗത്തെ ലഭിക്കുന്നുള്ളു. അങ്ങനെ ഭൂവിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ജനസംഖ്യയുടെ അടിസ്ഥാനത്തിലും കൂടുതല്‍ നിയമ സഭാ അംഗങ്ങളെ കിട്ടാന്‍ അര്‍ഹതയുള്ള ജമ്മുവിന് മതിയായ നിയമസഭാ പ്രാതിനിധ്യം ലഭിക്കുന്നില്ല. പട്ടിക ജാതി പട്ടിക വര്‍ഗ സംവരണവും പരോക്ഷമായി അട്ടിമറിക്കപ്പെടുന്നു. ഫലമോ മുഖ്യമന്തിപദവും ഭരണ നേതൃത്വവും എന്നും കശ്മീര്‍ താഴ്വരയ്ക്ക്. ജമ്മുവിനൊരിക്കലും ഒരു മുഖ്യമന്ത്രിയെയോ ഭരണനേതൃത്വമോ ലഭിക്കാത്ത അവസ്ഥ.
സ്വതന്ത്ര ഭാരതം ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പലതവണ ലോകസഭാ/നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണ്ണയത്തിനായി ഡീലിമിറ്റേഷന്‍ നടപടികള്‍ നടത്തി. ജനസംഖ്യയിലും മറ്റും വരുന്ന മാറ്റങ്ങളെ കണക്കിലെടുത്ത് മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണ്ണയത്തിനു നടത്തിയ ആ ഇടപെടലുകളില്‍ നിന്ന് ജമ്മു കശ്മീരിനേ സ്വതന്ത്രഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഫറൂക്ക് അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ ഒഴിവാക്കി. അങ്ങനെ ജനഹിതം അവഗണിക്കപ്പെട്ടു.
1939ല്‍ ഷേക്ക് അബ്ദുള്ള ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്തുണയോടെയാണ് ഈ അവസ്ഥയ്ക്ക് വിത്തിട്ടത്. 1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടന നിയമമായി മാറിയപ്പോള്‍ 1939ലെ മഹാരാജാവിന്റെ ഭരണഘടനയുടെ മറപിടിച്ച് ഷേക്ക് അബ്ദുള്ള തന്ത്രപൂര്‍വ്വം ഇടപെട്ട് കശ്മീരിന് 43 ജമ്മുവിന് 30 ലഡാക്കിന് 2 എന്നരീതിയില്‍ നിയമസഭയുടെ അംഗത്വം നിജപ്പെടുത്തി. പിന്നീട് കശ്മീരിന് 46 ജമ്മുവിന് 37 ലഡാക്കിന് 4 എന്ന തരത്തില്‍ നിയമസഭാ സംഖ്യ പുനര്‍ നിര്‍ണ്ണയിക്കയും ചെയ്തു. അതില്‍ത്തന്നെ മറ്റൊരുപ്രശ്നം സംവരണമണ്ഡലങ്ങള്‍ ഏഴും ജമ്മുവില്‍ പെടുത്തിയിരിക്കുന്നതും അത് കാലം കഴിയുമ്പോള്‍ മാറ്റുക എന്ന രീതി അനുവര്ത്തിക്കാതിരിക്കുന്നതുമാണ്. നിലവില്‍ 1995നു ശേഷം ഡീലിമിറ്റേഷന്‍ നടന്നിട്ടില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. 1995 നു ശേഷം 2005ല്‍ ഡീലിമിറ്റേഷന്‍ നടക്കേണ്ടിയിരുന്നു. പക്ഷേ ഡോ ഫറൂക്ക് അബ്ദുള്ള 2005ല്‍ ജനപ്രാധിനിധ്യ നിയമം ഭേദഗതി ചെയ്ത് ജമ്മു കാശ്മീരിലെ ഡീലിമിറ്റേഷന്‍ പ്രക്രിയ 2026നു ശേഷം നടക്കുന്ന സെന്സസ്സിനു ശേഷമേ നടക്കാന്‍ പാടുള്ളൂവെന്ന അവസ്ഥയെത്തിച്ചിരിക്കയാണ്.
2018 ഡിസംബര്‍ മുതല്‍ പ്രസിഡന്റു ഭരണം നില നില്ക്കുന്ന സാഹചര്യത്തില്‍ 1957ലെ ജമ്മു കശ്മീര്‍ ഭരണഘടന ഗവര്‍ണര്‍ക്ക് നല്കുന്ന വിശേഷാധികാരം ഉപയോഗിച്ചു ഭാരതതമാകെ നിലനില്‍ക്കുന്ന ജനാധിപത്യ ഭരണ സമ്പ്രദായം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജമ്മു കശ്മീരിലും ഉറപ്പാക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുന്ന നടപടികളോടൊപ്പമായിരിക്കും ജനാധിപത്യ സമൂഹം. ജമ്മുവിലെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും കൂടി അര്‍ഹതപ്പെട്ടതും പ്രായോഗികമായി പ്രാപ്യവുമാകുന്നതുമാകും ജമ്മു ക്ശ്മീര്‍ മുഖ്യമന്ത്രി പദവും ഭരണാധികാരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: