അടുത്തടുത്ത രണ്ട് സംഭവങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് പേടിസ്വപ്നമായിക്കഴിഞ്ഞു. സാധാരണക്കാരുടെ ആശ്രയകേന്ദ്രം പേടിയുടെ കോട്ടയായി. കോട്ടയം മെഡിക്കല്‍ കോളേജിന് എന്താണ് പറ്റിയത്? ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി രോഗികള്‍ക്ക് പണ്ടേ പേടി സ്വപ്നമാണെന്ന് പരാതിയുണ്ട്. അതിന് സമാനമായ നിലയിലേക്ക്, മികവിന്റെ കേന്ദ്രമായി അറിയപ്പെടുന്ന, കോട്ടയം മെഡിക്കല്‍ കോളേജ് മാറുകയാണോയെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. കഴിഞ്ഞ ദിവസം കാന്‍സറില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി നടത്തി കുപ്രസിദ്ധിയിലേക്ക് അടിതെറ്റി വീണതിന്റെ പിന്നാലെ അത്യാസന്ന നിലയിലായ രോഗിക്ക് ചികിത്സ നിഷേധിച്ച് ആതുരസേവനത്തിന് പോലും മാനഹാനി സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളും കൈയൊഴിഞ്ഞതോടെ ചികിത്സ കിട്ടാതെ മരിച്ച രോഗിയുടെ മരണം തിട്ടപ്പെടുത്തിക്കൊടുക്കാന്‍ പോലും കൂട്ടാക്കാതിരുന്ന ഡോക്ടര്‍മാരുടെ മനുഷ്യത്വം മരവിച്ച മനസുകളെയും കോട്ടയത്ത് കാണാന്‍ കഴിഞ്ഞിരിക്കുന്നു. ഇവരൊക്കെ സമൂഹത്തില്‍ ജീവിക്കുന്നത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം സാധാരണക്കാര്‍ ചോദിക്കുകയാണ്.
കടുത്ത പനിയും മൂത്രതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിച്ച തോമസ്ജേക്കബ് എന്നയാളാണ് യഥാസമയം മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായത്. കുറ്റക്കാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ്. ആരോഗ്യമേഖലയില്‍ അഭിമാനകരമായ നേട്ടം കൈവശപ്പെടുത്തിയെന്ന് മേനിനടിക്കുന്ന കേരളത്തിന് ഒരിക്കല്‍കൂടി അഭിമാനക്ഷതം ഉണ്ടാക്കുന്നതായി ഈ സംഭവം.
റഫറല്‍ ആശുപത്രിയെന്ന നിലയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് തോമസ് ജേക്കബിനെ ആദ്യം എത്തിച്ചത്. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പ്രാഥമിക പരിശോധനകള്‍ക്കുപോലും മുതിരാതെ അവര്‍ കൈയൊഴിഞ്ഞു. പിന്നീടാണ് സ്വകാര്യ ആശുപത്രികളില്‍ അഭയം തേടിയത്. ഇവിടെയും ഫലം വ്യത്യസ്തമായില്ല. മുമ്പ് തിരുവനന്തപുരത്ത് ഉണ്ടായ സംഭവത്തിന് സമാനമാണ് കോട്ടയത്തും ഉണ്ടായിരിക്കുന്നത്. വെന്റിലേറ്റര്‍ തന്നെയാണ് വില്ലന്‍.
മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമേ രണ്ട് സ്വകാര്യ ആശുപത്രികളും കോട്ടയം സംഭവത്തിലെ വില്ലന്‍ പട്ടികയിലിടം നേടി. എംസി റോഡിന്റെ ഓരം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാതാ, കാരിത്താസ് ആശുപത്രികളാണിവ. മെഡിക്കല്‍ കോളേജിന് പിന്നാലെ സ്വകാര്യ ആശുപത്രികളും സമയോചിതമായ ഇടപെടലുകള്‍ നടത്താതെ കൈയൊഴിഞ്ഞതോടെ തകര്‍ന്നുപോയ കുടുംബാംഗങ്ങളുടെ കണ്മുന്നില്, ആംബുലന്‍സില്‍വെച്ചാണ് തോമസ് ജേക്കബിന് ദാരുണാന്ത്യം സംഭവിച്ചത്.
ഏതെങ്കിലും സാഹചര്യത്തില്‍ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാഥമികമായ ചികിത്സാനടപടികള്‍ ആശുപത്രികള്‍ കൈക്കൊള്ളണമെന്ന കര്‍ശന നിര്‍ദ്ദേശങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും കോട്ടയത്തിതൊന്നും ഫലവത്തായില്ല. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മൂന്ന് ആശുപത്രികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മരിച്ച തോമസ് ജേക്കബിന്റെ മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ചും പോലീസ് അന്വേഷിക്കും.
ഇതിനിടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കെതിരെ വിവിധ രാഷ്ട്രീയ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഇരമ്പി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ചുകളും നടന്നു. ഇത്തരം പ്രക്ഷോഭങ്ങളും മറ്റും രണ്ടോമൂന്നോ ദിവസം ജനശ്രദ്ധയില്‍ നില്ക്കും. പിന്നീട് മറവിയിലേക്കുപോകും. അതിന് അവസരമുണ്ടാവരുത്. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. കേരളം മാനവികതയുടെ നാടാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഇവിടുത്തെ സര്‍ക്കാറിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: