തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ യാത്രയിലെ ദുരൂഹതകള്‍ അകറ്റാന്‍ കാര്‍യാത്ര പുനരാവിഷ്കരിക്കാന്‍ ക്രൈം ബ്രാഞ്ച്. ദുരൂഹതകളുടെ ചുരുളഴിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്ക്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്ക്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്കറിന്റെ അച്ഛന് ഡിജിപിക്ക് നല്കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: പൂന്തോട്ടം ആയുര്‍വേദാശ്രമം
പാലക്കാട്: ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ.പി.എം.എസ് രവീന്ദ്രനാഥ്. സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാലഭാസ്കറുമായി പതിനഞ്ചുവര്‍ഷമായി ബന്ധമുണ്ടെന്നും ആശുപത്രിയുടെ ആവശ്യത്തിനായി ബാലഭാസ്കറില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്കറിന്റെ സുഹൃത്തായിരുന്നു പ്രകാശന് തമ്പി. എന്നാല്‍ പ്രകാശന് തമ്പിക്ക് മറ്റ് ഇടപാടുകള്‍ ഉള്ളതായി ബാലഭാസ്കര്‍ അറിഞ്ഞിരിക്കില്ലെന്നും ഡോ. പി.എം.എസ് രവീന്ദ്രനാഥ് പറഞ്ഞു. കുടുംബാംഗത്തെപ്പോലെയാണ് ബാലഭാസ്ക്കറെയും ഭാര്യയെയും കണ്ടിട്ടുള്ളത്.എന്നാല്‍ ഈ അടുപ്പം അദ്ദേഹത്തിന്റെ അച്ഛനെയും ബന്ധുക്കളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്നതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് സംഘം വടക്കുന്നാഥനിലെത്തി തെളിവെടുത്തു
തൃശൂര്‍: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലെത്തിയ സംഘം ദേവസ്വം അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു.
ബാലഭാസ്കര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ച സമയം, നടത്തിയ വഴിപാടുകള്‍ എന്നിവയെക്കുറിച്ചും കൂടെ ആരൊക്കെയുണ്ടായിരുന്നു എന്നതു സംബന്ധിച്ചുമുള്ള വിശദാംശങ്ങളുമാണ് ശേഖരിച്ചത്. തൃശൂരില്‍ ബാലഭാസ്കര്‍ താമസിച്ച ലോഡ്ജ്, ഭക്ഷണം കഴിച്ച ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വടക്കുന്നാഥ ക്ഷേത്രത്തില്‍ കുടുംബവുമായി ദര്‍ശനവും പൂജയും വഴിപാടുകളും നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത.് കഴിഞ്ഞ സെപ്തംബര്‍ 25നായിരുന്നു സംഭവം. അപകടത്തില്‍ ബാലഭാസ്കറും മകള്‍ തേജസ്വനി ബാലയും മരിച്ചിരുന്നു.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛന് ഉണ്ണി പരാതി നല്‍കിയതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അപകട സമയത്ത് കാര്‍ ഡ്രൈവ് ചെയ്തിരുന്നത് ആരെന്ന കാര്യത്തിലും തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് സംബന്ധിച്ച മൊഴികളും വിവാദമായി. ഇതിനിടയില്‍ ബാലഭാസ്കറിന്റെ മാനേജരായി പ്രവര്‍ത്തിച്ചയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് അന്വേഷണം പുനരാരംഭിച്ചത്. അപകടസമയത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബാലഭാസ്കറുമായി ബന്ധമുള്ള പാലക്കാട്ടെ ആശുപത്രിയില്‍ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: