കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിയുന്നു. നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്സുമാര്‍, ഒരു നഴ്സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കള്‍, ബന്ധു എന്നിവര്‍ക്കാണ് രോഗമില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്. ഇതോടെ രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജൂലൈ പകുതിവരെ ജാഗ്രത തുടരും. ഒരാളുടെ പരിശോധനാഫലം കൂടി വരാനുണ്ട്.
നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പനി കുറഞ്ഞതായും ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. നിലവില്‍ രോഗിക്ക് റിബാവൈറിന്‍ ആണ് നല്‍കുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് ‘ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റി ബോഡി’ എത്തിച്ചിട്ടുണ്ടെങ്കിലും അത് നല്‍കേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ധസംഘം വ്യക്തമാക്കി. യുവാവ് ഇന്റര്‍കോം സംവിധാനത്തില്‍ ബന്ധുക്കളുമായി സംസാരിച്ചെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ രോഗലക്ഷണ സംശയത്തോടെ മറ്റൊരാളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഒരാളടക്കം രണ്ട് പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ രണ്ട് പേരും കോഴിക്കോട്ട് ഒരാളും ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയയ്ക്കും. ഇടുക്കിയില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയും പനിബാധയെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തിലാണ്.
നിലവില്‍ 316 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ 255 പേരുടെ പൂര്‍ണവിവരങ്ങള്‍ ആരോഗ്യവകുപ്പിന് ലഭിച്ചു. 61 പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. 224 പേരെ രോഗം വരാനുള്ള സാധ്യത അനുസരിച്ച് തരംതിരിച്ചതില്‍ 33 പേര് രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട് അതീവ അപകട മേഖലയിലുള്ളവരാണ്. ശേഷിക്കുന്ന 191 പേര് അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലുള്ളവരാണ്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലാണ്. ഇവരിലാരിലും നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എറണാകുളത്ത് അവലോകനയോഗം ചേര്‍ന്നു. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്നും ഇപ്പോഴുള്ള ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആറി)ലെയും ശാസ്ത്രജ്ഞര്‍ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. സമൂഹമാധ്യമങ്ങളില്‍ നിപ വൈറസ് സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന പോസ്റ്റ് ഇട്ട മൂന്നു പേര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: