തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോല്‍വിക്ക് ശബരിമലയിലെ യുവതീ പ്രവേശനവും മുഖ്യമന്ത്രിയുടെ ശൈലിയും കാരണമാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ്. ശബരിമല വിഷയത്തെ മാറ്റി നിര്‍ത്തി േലാക്‌സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താനാകില്ല. സുപ്രീംകോടതി വിധി വന്നയുടന്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ വിധി നടപ്പിലാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അവിവേകമായി. സര്‍ക്കാര്‍ അറിവോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഹിന്ദു വോട്ടുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍ മേലാണ് ഇന്നലെ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. നവോത്ഥാന സമിതിയെന്നൊരു ബാനറുണ്ടാക്കി വനിതാ മതില്‍ തീര്‍ത്തത് വിശ്വാസി സമൂഹത്തെ എല്‍ഡിഎഫില്‍ നിന്നും അകറ്റി. വനിതാമതില്‍ സംഘടിപ്പിച്ചതിനു പിന്നാലെ ആക്ടിവിസ്റ്റുകളായ രണ്ടു സ്ത്രീകളെ പോലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ കയറ്റിയതു വിശ്വാസികളെ വേദനിപ്പിച്ചു. ജനങ്ങളെ വെറുപ്പിക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. അല്ലാതെ അദ്ദേഹത്തിന്റെ ശൈലിക്കൊത്തു സര്‍ക്കാരിനെ കൊണ്ടുപോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി മാറ്റണമെന്നും പരാമര്‍ശമുണ്ടായി.
















