ആലപ്പുഴ: കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും മഹാപ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവരില്‍ പകുതി പേര്‍ക്കുപോലും സുരക്ഷിതമായ വീട് ഒരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍. കുട്ടനാട്ടില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്. നിലവില്‍ 16,179 അപ്പീലുകളാണ് കുട്ടനാട് താലൂക്ക് ഓഫീസില്‍ ലഭിച്ചത്. വീട് പൂര്‍ണമായും ഭാഗികമായും നശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ തീരുമാനമുണ്ടാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തവണത്തെ മഴക്കാലവും കുട്ടനാട്ടുകാര്‍ക്ക് ദുരിതമാകുമെന്ന് വ്യക്തം.
കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്ത് മാസങ്ങളിലായി മൂന്നുതവണയാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായി. ആഗസ്ത് 16ന് പെയ്തിറങ്ങിയ മഹാപ്രളയത്തില്‍ ലക്ഷങ്ങളാണ് പലായനം ചെയ്തത്. കുട്ടനാട്ടില്‍ 54,067 പേര്‍ക്കാണ് പ്രാഥമിക ദുരിതാശ്വാസമായ 10,000 രൂപ വീതം കിട്ടിയത്. പ്രളയത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 905 അപേക്ഷകളിലാണ് അപ്പീലില്‍ തീരുമാനമായത്. ഇതില്‍ 535 വീട്ടുകാര്‍ക്ക് ആദ്യഗഡുവായ 95,100 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ആദ്യഘട്ടത്തില്‍ 306 പേര്‍ക്ക് ആദ്യഗഡു നല്‍കിയിരുന്നു. പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയാണ് നാലു തവണകളായി നല്‍കുന്നത്. കഴിഞ്ഞ 31നകം പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം ആദ്യഘട്ട തുക നല്‍കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴും അര്‍ഹരായവരുടെ പട്ടിക പോലും പൂര്‍ണമായിട്ടില്ല.
രണ്ടാംഘട്ടത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പണം കടംവാങ്ങിയും മറ്റുമാണ് പണി ചെയ്യിപ്പിക്കുന്നത്. പ്രളയക്കെടുതി അന്വഷിക്കാനെത്തിയ സംഘം റീ ബില്‍ഡ് മൊബൈല്‍ ആപ്പിലൂടെ ചിത്രങ്ങള്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറിയെങ്കിലും വീടുകള്‍ പൂര്‍ണമായി നശിച്ച ഗുണഭോക്താക്കള്‍ ലിസ്റ്റില്‍ ഇടംപിടിച്ചില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: