കാസര്‍കോട്: പശുവിനെ ആക്ഷേപിച്ചതിന് യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു. വെള്ളരികുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സാജന്‍ അബ്രഹാം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഓണകുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്. വെള്ളരികുണ്ടിലെ ചായ കടയില്‍ സാജന്‍ അബ്രഹാമും ചന്ദ്രനും സംസാരിച്ച് കൊണ്ടിരിക്കെ രാഷ്‌ട്രീയവും കടന്ന് വന്നു. ഇതിനിടയില്‍ ഗോമാതാവിനെ ഏറെ ബഹുമാനിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ പാല്‍ കുടിക്കുന്നില്ലെ എന്ന് സാജന്‍ അബ്രഹാം ചോദിച്ചു.
പശുവിനെ ആക്ഷേപിച്ചതു കൂടാതെ ശ്രീരാമനും ശ്രീകൃഷ്ണനുമൊന്നും ദൈവമല്ലന്നും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റേയും മക്കളെ വെറുതെ വിടില്ലന്നും സാജന്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നു കാണിച്ച് ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളരികുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്രഹാം മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവൃത്തി നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തല്‍. വെള്ളരികുണ്ട് സിഐക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ പശുവിന്റെ പേരില്‍ കേസ് എടുത്തു എന്ന വാര്‍ത്ത വൈറലായതോടെ തലയൂരാനുള്ള ശ്രമത്തിലാണ് പോലീസ്. പരാതിയിന്മേല്‍ അന്വേഷണം എന്നതിനപ്പുറം ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വടക്കേ ഇന്ത്യയില്‍ പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെയും കേസുകളെയും രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുന്ന കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുകയാണ് സൈബര്‍ സഖാക്കള്‍.
















