തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണം. മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് ചുരുങ്ങിയത് ഇരുപത്തിയഞ്ചു ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണം. കേരളം നമ്പര്‍ വണ്‍ എന്ന് നാഴികയ്‌ക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ നീതി ഉറപ്പുവരുത്താന്‍ ഇത്തരവാദപ്പെട്ടവര്‍ക്കു ബാധ്യതയുണ്ടെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത് . എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. ശ്വാസതടസ്സം നേരിട്ട രോഗിയെ ഉച്ചയ്‌ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രി പിആര്‍ഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് രോഗിയെയും കൊണ്ട് തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗിയെ തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കാരിത്താസിലെയും മാതാ ആശുപത്രിയിലെയും ഡോക്ടര്‍മാരോട് തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ അപേക്ഷിച്ച അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പിന്നീട് നാലു മണിയോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കുന്നതിനു പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു.
















