പൊതുവേദിയില്‍ അവഹേളിച്ചെന്ന മുന്‍ പഴ്സണല്‍ സ്റ്റാഫംഗമായ വനിതയുടെ പരാതിയില്‍ വിചാരണയ്‌ക്ക് ഹാജരാകാതെ മുങ്ങി നടക്കുന്ന മന്ത്രി ജി. സുധാകരനെതിരെ കോടതിയുടെ അന്ത്യശാസനം. കേസ് പരിഗണിക്കുന്ന ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടപ്പള്ളി സ്വദേശി ഉഷാ സാലിയുടെ പരാതിയില്‍ അമ്പലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് നടപടി. രണ്ടാം തവണയും മന്ത്രി ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അന്ത്യശാസനം.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മന്ത്രി എവിടെയെന്ന് അഭിഭാഷകനോട് കോടതി ചോദിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളുരുവിലാണെന്നായിരുന്നു മറുപടി. കേസ് തീയതി മൂന്നുമാസം മുമ്പ് അറിയിച്ചതാണല്ലോയെന്നായി കോടതി. തുടര്‍ന്നു മൂന്നാഴ്ചത്തെ സാവകാശം അഭിഭാഷകന്‍ തേടിയതോടെ നിയമസഭാ സമ്മേളനത്തീയതി അടക്കം അന്വേഷിച്ചശേഷം കേസ് 28 ലേക്കു മാറ്റിയത്. അന്നു മന്ത്രി നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
2016 ഫെബ്രുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടപ്പള്ളി കൊട്ടാരവളവ്- ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനത്തിനു സദസ്യര്‍ കുറഞ്ഞതിന്റെ പേരില്‍ ഉഷാ സാലിയെ വേദിയില്‍ മന്ത്രി സുധാകരന്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു.
















