ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്സിഇആര്ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസെര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) തയാറാക്കിയ പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റുകള്‍. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങും മുന്‍പ് വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്തിച്ചതായി വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴാണ് അധ്യാപകരും, പ്രഥമാധ്യപകരും പാഠപുസ്തകങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഇനി പണിയെടുക്കേണ്ടി വരുന്നത്.
ഇരുപത്തിയഞ്ചോളം തെറ്റുകള്‍ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ വന്നതായാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്സിഇആര്ടി ഡയറക്ടര്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും സര്‍ക്കുലര്‍ നല്കി. പാഠപുസ്തകങ്ങളില്‍ സാങ്കേതിക തകരാര്‍ മൂലം പിശകുകള്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ടു, അച്ചടി പൂര്‍ത്തിയായതിനാല്‍ ഇക്കൊല്ലത്തെ പുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല. അതിനാല്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളിലെ ബന്ധപ്പെട്ട പേജുകളില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പാക്കണമെന്നാണ് ഉത്തരവ്.
ക്ലാസ് ഒന്‍പതിലെ മലയാളം അടിസ്ഥാന പാഠാവലി, ക്ലാസ് പത്തിലെ ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) പുറം 37ലെ ഷാര്‍ക്കിന്റെ ചിത്രത്തിന്റെ ചുവട്ടില്‍ പ്ലാനേരി എന്ന് തെറ്റായി അച്ചടിച്ചു, ക്ലാസ് ഒമ്പതിലെ ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം), ക്ലാസ് പത്തിലെ ഗണിതം പുസ്തകം (ഇംഗ്ലീഷ് മീഡിയം) തുടങ്ങി നിരവധി പാഠപുസ്തകങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചു. പുസ്തകങ്ങള്‍ വേഗത്തില്‍ അച്ചടിച്ച് സ്കൂളുകളിലെത്തിക്കാനുള്ള തിരക്കിനിടയില്‍ പ്രൂഫ് റീഡിങ് പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.
ആധുനിക കാലത്ത് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ പോലും ലഭ്യമാകുമ്പോഴാണ് വിദ്യാഭ്യാസ വിദഗ്ധര്‍ തയാറാക്കിയ പുസ്തകങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. സ്കൂളുകള്‍ തുറന്നു കഴിയുമ്പോള്‍ അധ്യാപകര്‍ക്കാണ് തെറ്റു തിരുത്തേണ്ട ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: