ഇന്ന് ജൂണ്‍ അഞ്ച്. പരിസ്ഥതി ദിനം. സ്കൂള്‍ കുട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും വൃക്ഷതൈകളും, ഫോട്ടോഗ്രാഫറുടെ അകമ്പടിയുമായി നിരത്ത് കൈയടക്കുന്ന ദിവസം. സത്യത്തില്‍ ഈ ദിനം കേരളത്തിലെ മുറിക്കപ്പെട്ട വൃക്ഷങ്ങളുടെയും ചതിക്കപ്പെട്ട തീരങ്ങളുടെയും, വഞ്ചിക്കപ്പെട്ട കൈയേറ്റങ്ങളുടെയും ഓര്‍മ്മ പുതുക്കുന്നദിനമായി മാറേണ്ടിയിരിക്കുന്നു. കൃത്രിമ വികസനത്തിന് വേണ്ടി അതിക്രമങ്ങള്‍ നടന്ന നാടാണ്. പച്ചയായ മനുഷ്യരും പക്ഷിമൃഗാദികളും, നിര്‍ദാക്ഷിണ്യം കൊല്ലപ്പെട്ട വൃക്ഷങ്ങളും മലിനമാക്കപ്പെട്ട പുഴകളും തകര്‍ക്കപ്പെട്ട തീരങ്ങളും ഉള്‍പ്പടുന്ന ഈറനണിഞ്ഞ നഷ്ട ഭുസമ്പത്തുക്കളുടെ നാട്. ഒര്‍മ്മകള്‍ ഭയപ്പെടുത്തുന്ന നന്ദിഗ്രാമും, വയല്‍ക്കിളി കളങ്ങളും, മരട് കൈയേറ്റങ്ങളും ഇന്ന് ശാന്തി വനത്തിന് ചരമം കുറിച്ച് കടന്ന് പോയ ദിനങ്ങള്‍ നമ്മള് എല്ലാവരുംഓര്ക്കണം.
ഇവിടെ അല്പമെങ്കിലും ആശക്ക് വകനല്‍കുന്നത് മോദി സര്‍ക്കാര്‍ രണ്ടാംമൂഴത്തില്‍ നല്കിയ വാഗ്ദാനം മാത്രമാണ് -ജല്‍ ശക്തി 2024-. 60 കോടി ജനങ്ങള്‍ക്ക് പൈപ്പിലൂടെ ശുദ്ധജലം നല്കുന്ന പുതിയ പദ്ധതി.
അതിന്റെ പ്രകൃതിദത്ത വശം ഇത് മാത്രമാണ്. ധാരാളം മഴ ലഭിക്കണം, അത് ഭൂമിയില്‍ ആഴ്ന്നിറങ്ങണം. വന്‍ ഭൂഗര്‍ഭ ജലശേഖരം ലഭ്യമാകണം. പുഴകള്‍, കായല്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളം ജലം എത്തണം. ഇതിന് ജാഗ്രതയും ഇച്ഛാശക്തിയും വേണം. ഇനി സാങ്കേതിക വശത്തില്‍ ഊന്നിയാല്‍ ഇവയില്‍ പ്രകൃതിദത്തമായ രീതിയില്‍ സംയോജിപ്പിക്കാവുന്നതിനെ സംയോജിപ്പിക്കണം. പിന്നെ, അതിനെ ഫില്‍റ്റര്‍ ബെഡ് കെട്ടി ശുദ്ധീകരിക്കണം. അതിന് ശേഷം ക്ലോറിനും ആലവും ചേര്‍ത്ത് അണുവിമുക്തമാക്കണം. ഇങ്ങനെ ശേഖരിക്കുന്ന ജലം ശാസ്ത്രീയമായി വന്‍ കുഴല്‍ പൈപ്പിലൂടെ പമ്പ് ചെയ്യണം. അത് ചെറുകുഴല് പൈപ്പുകളിലൂടെ പാവപ്പെട്ട അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടാപ്പ് തുറന്നാല്‍ ശുദ്ധജലമായി യഥേഷ്ടം ലഭിക്കണം. ഇതാണ് സാധാരണക്കാരനായ ഒരുപ്രധാനമന്ത്രിയുടെ മനസ്സിനെ അലട്ടി ഉണര്‍ത്തിയ ഉയര്‍ന്ന ചിന്ത.
കേരളത്തില്‍ നുണ കണക്കുകള്‍ നിരത്തി ദുരഭിമാനികളായ ഭരണ കര്‍ത്താക്കള്‍ വീമ്പു പറയാറുണ്ട്. കേരള വാട്ടര്‍’ അഥോറിട്ടി 60% പേര്‍ക്ക് പൈപ്പ് വഴി ശുദ്ധ ജലം നല്‍കുന്നുയെന്ന്. ശരിയാണ്, പൂട്ടി കിടക്കുന്ന ഫ്ളാറ്റിന്റെ പതിനാറാമത്തെ നിലയില്‍ വരെ വെള്ളമെത്തി. എന്നാല്‍ പാവപ്പെട്ടവരും ആദിവാസികളും, കിലോ മീറ്റര്‍ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അത് പരിഹരിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലായെന്നു ജന്മഭൂമി തുടങ്ങിയ മാധ്യമങ്ങളില്‍ വന്നവാര്‍ത്ത ഹൃദയഭേദകങ്ങളായിരുന്നു. അവിടെയാണ് പ്രധാനമന്ത്രി ജല ശക്തിയുടെ പ്രസക്തിയും മേന്മയും തിരിച്ചറിയേണ്ടത്. പല സംസ്കാരങ്ങളും നദീതീരങ്ങളിലാണ്. ആ സംസ്കാരത്തിന്റെ പൈതൃകം പേറുന്ന ഒരു പ്രധാനമന്ത്രിയുടെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതികള്‍. എത്രയോ രാജ്യത്തെ ജനസഞ്ചയങ്ങള്‍ നദീതട സംസ്കാരങ്ങളായിരുന്നു. നൈല്‍ നദീതീരത്ത് ഈജിപ്ഷ്യന്‍ സംസ്കാരം, യുഫ്രട്ടീസ്, ടൈഗ്രീസ് നദീതീരങ്ങളില്‍ മെസപ്പോട്ടോമീയന് സംസ്കാരം. സിന്ധു, ഗംഗ സമതലങ്ങളില്‍ ഹൈന്ദവ സംസ്കാരം. ഇങ്ങനെ സുലഭമായ ശുദ്ധജലവും വളക്കൂറുള്ള മണ്ണും ഒരു ജനതയുടെ ആത്മസംതൃപ്തിയുടെ പ്രതിചലനങ്ങളായി മാറി.
അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്കിയ സൂചന. ഇപ്പോള്‍ രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ കിട്ടിയ സ്വര്‍ണ പദ്ധതി തന്നെയാണ് ജല്‍ ശക്തി-2024.
സംസ്ഥാനം മുഴുവന്‍ വന്‍ വൃക്ഷങ്ങള്‍ വെട്ടി വെളിപ്പിച്ചെടുത്തിട്ട് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് തൈകള്‍ നടുന്ന കലാപരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന ഭരണസാരഥികളില്‍ എത്ര പേര്‍ക്ക് അറിയാം പുഴയില്‍ എത്രയിനം മത്സ്യങ്ങളുണ്ടെന്ന്? കാട്ടില്‍ എത്രയിനം മരങ്ങളുണ്ട്, കിളികളുണ്ട്, പൂക്കളുണ്ട് കായ്കളുണ്ട് പഴങ്ങളുണ്ട്്, ജൈവ വൈവിദ്ധ്യങ്ങള്‍ ഇനിയെത്രയുണ്ട് എന്നൊന്നും അവര്‍ക്ക് അറിയേണ്ടേ? ജലത്തിലും, വായുവിലും, മണ്ണിലും ഉള്ള മൂലകങ്ങളായ കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, തുടങ്ങിയവയും മണ്ണിലെ സൂഷ്മമുലകങ്ങള് ആയ ബോറോണ്‍, ക്ലോറിന്‍, കോപ്പര്‍, ഇരുമ്പ്, മാംഗനീസ്, സിങ്ക്, നിക്കല്‍ ഇങ്ങനെ ലവണാംശമടങ്ങിമണ്ണ് പ്രകൃതി ഭാവി തലമുറയ്ക്ക് കരുതി വെച്ചത് മിച്ചം ഉണ്ടോയെന്ന് അവര്‍ക്ക് അറിയേണ്ടേ?
അത് കൊണ്ടാണ് സ്വീഡനിലെ ആ പെണ്‍കുട്ടി പാര്‍ലമെന്റിന്റെ മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയത്. തങ്ങള്‍ക്ക് ഒന്നും കരുതിവെക്കാതെ എല്ലാം നശിപ്പിച്ചിട്ട് പോകുന്ന വര്‍ത്തമാനകാല തലമുറയെ പിടിച്ചുലച്ച സംഭവമായിരുന്നു ആ സമരം… ലോകത്തിലെ കുട്ടികള്‍ ഏറ്റെടുത്ത സമരമായിരുന്നു ഫ്രൈഡേ ഫോര്‍ ഫൂച്ചര്‍ എന്ന പ്രകൃതി സമരം. അത് അവശ്യം വേണ്ടത് നമ്മുടെ ഈ കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: