കുണ്ഡലീം ചാലയിത്വാ തു
ഭസ്ത്രാം കുര്യാദ് വിശേഷത:
ഏവമഭ്യസ്യതോ നിത്യം
യമിനോ യമഭീ: കുതഃ 3 122
ശക്തി ചാലനവും ഭസ്ത്രാ കുംഭകവും നിത്യവും ചെയ്യുന്ന യോഗിക്ക് മരണഭയമില്ല.
ദ്വാസപ്തതി സഹസ്രാണാം
നാഡീനാം മലശോധനേ
കുത: പ്രക്ഷാളനോപായ:
കുണ്ഡല്യഭ്യസനാദൃതേ. 3 123
72000 നാഡികളിലെ മലങ്ങള്‍ കഴുകിക്കളയാന്‍ ശക്തി ചാലനമല്ലാതെ മറ്റെന്തഭ്യാസമാണുള്ളത്?
നമ്മുടെ പല മതഗ്രന്ഥങ്ങളും ശരീരത്തെ അപ്രസക്തമായ, വഴി തെറ്റിക്കുന്ന ഒരു വസ്തുവായി ചിത്രീകരിക്കുന്നുണ്ട്. ശരീരം കിട്ടുന്നതു തന്നെ പാപം കൊണ്ടാണ് എന്നാണ് അവരുടെ സിദ്ധാന്തം. എന്നാല്‍ തന്ത്രശാസ്ത്രം ശരീരത്തെ ഒരു ദിവ്യമായ അനുഭൂതിയായാണ് കാണുന്നത്. ശരീരവും ആത്മാവും രണ്ടല്ല ഒന്നു തന്നെ എന്നാണ്. ബോധം 72000 നാഡികളില്‍ നിറഞ്ഞു നില്ക്കുന്നു. അതിലെ മലങ്ങളും പ്രതിബന്ധങ്ങളും ഹഠയോഗത്തിലൂടെ നീക്കണം. അപ്പോള്‍ കൂടുതല്‍ ബോധപ്രവാഹത്തെ താങ്ങാനുള്ള കരുത്ത് അതിനു കൈവരും. അതു കൊണ്ട് ശരീരത്തെ ശപിക്കാതെ അതിനെ ഉദ്ധരിക്കണം. അതിനെ, സൂക്ഷ്മമായ ശക്തികളെ സ്വീകരിക്കാന്‍ പ്രാപ്തമാക്കണം. അതിനുതകുന്ന ജീവിത ശൈലി പാകപ്പെടുത്തണം. ശക്തിചാലനം അതിനുള്ള മാര്‍ഗമാണ്.
ഇയം തു മധ്യമാ നാഡീ
ദൃഢാഭ്യാസേന യോഗിനാം
ആസന പ്രാണസംയാമ
മുദ്രാഭി: സരളാ ഭവേത്. 3 124
ആസനം, പ്രാണായാമം, മുദ്രാ മുതലായവയുടെ അഭ്യാസത്താല്‍ യോഗിമാരുടെ സുഷുമ്നാ നാഡി സരളമാവും.
സരളമാവുകയെന്നാല് ചുരുണ്ടത് നിവരുക എന്നര്‍ഥം. ഒരു പൈപ്പ് അതിലൂടെ ജലപ്രവാഹമില്ലെങ്കില് ചുരുണ്ടിരിക്കും. പ്രവാഹം തുടങ്ങുമ്പോള്‍ നിവര്‍ന്നു വരും. ശക്തമായ പ്രവാഹമായാല്‍ വടി പോലെ നില്ക്കും. അതുപോലെ സുഷുമ്ന സരളമായിയെന്നാല് പ്രവര്‍ത്തനക്ഷമമായി എന്നാണര്‍ഥം.
സുഷുമ്നയിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരാളം പരിശ്രമം ആവശ്യമാണ്. ജീവിതം ക്രമപ്പെടുത്തേണ്ടതാവശ്യമാണ്. പ്രതികൂലമായ കാര്യങ്ങളെ ത്യജിക്കേണ്ടി വരും. ഹഠയോഗം ആദ്യം ശരീരത്തെയാണ് മല വിമുക്തമാക്കുന്നത്. ക്രമത്തില്‍ അതു മനസ്സിനെയും സ്വാധീനിക്കും. അപ്പോള്‍ ഷട്ക്രിയകള്‍, ആസനം, പ്രാണായാമം, മുദ്ര, ബന്ധം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയാണ് ക്രമം.
പ്രത്യാഹാരമാണ് ഉള്ളിലേക്കുള്ള പ്രവേശനത്തിന്റെ തുടക്കം. മനസ്സിനെ പുറത്തുള്ള ആകര്‍ഷണത്തില്‍ നിന്നകറ്റി ഉള്ളിലേക്ക് തിരിക്കുക. അതാണ് പ്രത്യാഹാരം. മനസ്സിനെ ഒരു വസ്തുവില്‍, ഒരു സ്ഥാനത്ത് നിറുത്താനുള്ള പരിശ്രമമാണ് ധാരണ. അവിടെ കാണുന്നയാളും കാണുന്ന വസ്തുവും കാണുക എന്ന കര്‍മ്മവും നടക്കും. ഇവ മൂന്നും ക്രമത്തില്‍ ഒന്നായിത്തീരും. അപ്പോള്‍ നാം ധ്യാനത്തിലേക്കു വഴുതി വീഴും. പിന്നെയും മുന്നോട്ടു പോയാല്‍ കര്‍മത്തിന്റെ വേരുകളെ പോലും അറുക്കുന്ന സമാധിയുടെ മനോഹരമായ സ്വച്ഛതയിലേക്ക്, സമാധിയിലേക്ക് മനസ്സ് പ്രവേശിക്കും. ആനന്ദത്തിന്റെ കൊടുമുടി
തന്നെ അത്.
അഭ്യാസേ തു വിനിദ്രാണാം
മനോ ധൃത്വാ സമാധിനാ
രുദ്രാണീ വാ പരാ മുദ്രാ
ഭദ്രാം സിദ്ധിം പ്രയച്ഛതി. 3 125.
ഉറക്കവും അലസതയും വെടിഞ്ഞ് സമാധിയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി രുദ്രാണീ മുദ്രയോ മറ്റു മുദ്രകളോ അഭ്യസിച്ചാല്‍ ശ്രേഷ്ഠമായ സിദ്ധികള്‍ ലഭിക്കും.
രുദ്രാണി എന്നാല്‍ രുദ്രന്റെ (ശിവന്റെ ) പത്നി. രുദ്രാണീ മുദ്ര തന്നെ ശാംഭവീ മുദ്ര. ദൃഷ്ടി ഭ്രൂമധ്യത്തിലുറപ്പിച്ചോ കണ്ണടച്ചോ മനസ്സിനെ ശാന്തമാക്കുന്ന മുദ്ര. ശം എന്നാല്‍ ശാന്തത, സമാധാനം എന്നാണര്‍ഥം. ‘ശം’ ല്‍ നിന്നു ജനിച്ചത് ശംഭു, ശിവന്. ആ ശിവനുമായി ബന്ധപ്പെട്ടതാണ് ശാംഭവീ മുദ്രാ. അപ്പോള്‍ കണ്ണുകളുടെ കൃഷ്ണമണി മേലേക്ക് ഒട്ടിനില്ക്കും. ചലന രഹിതമാവും. ഇത് ചിന്താരാഹിത്യത്തിന്റെ ലക്ഷണം കൂടിയാണ്. അപ്പോള്‍ ചിന്തകളെ ഇല്ലാതാക്കാന്‍ ശാംഭവീ മുദ്ര ഫലപ്രദമാണെന്നും വരുന്നു. ശാംഭവീ മുദ്രയില്‍ ഇഷ്ടദേവതാ ധ്യാനം കൂടുതല്‍ ഗുണകരവുമാവാം.
‘വിനിദ്രാണാം’ എന്നതിന് മടിയില്ലാത്തവന് എന്നര്‍ഥമെടുക്കണം. നിദ്ര മടിയുടെ, ആലസ്യത്തിന്റെ, അകര്‍മണ്യതയുടെ, തമോഗുണത്തിന്റെ ലക്ഷണമാണ്. അതില്ലാത്തവനാണ് വിനിദ്രന്‍.
ഭദ്രമായ സിദ്ധി ലഭിക്കും എന്നാല്‍ ദോഷകരമല്ലാത്ത സിദ്ധി നേടും എന്നെടുക്കണം. സാധനയ്ക്കു തടസ്സം നില്ക്കുന്ന സിദ്ധികളും ഉണ്ട്. എന്നാല്‍ ഇവിടെ ഭദ്രമായ, മംഗളകരമായ സിദ്ധിയാണ്. സിദ്ധിക്ക് വിജയം എന്നും അര്‍ഥമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: