കൊച്ചി: തൊഴിലിലും ജീവിതത്തിലും ആദര്‍ശം മുറുകെ പിടിച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു ലീലാമേനോന്‍ എന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ച വ്യക്തിയായിരുന്നു അവര്‍. ലീലാ മേനോനെ അനുസ്മരിക്കുമ്പോള്‍, സത്യം തുറന്ന് പറയാന്‍ ധൈര്യം കാണിച്ച, ജന്മഭൂമി പത്രാധിപ പരമ്പരക്കുള്ള ആദരവ് കൂടിയാണത്, ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരുന്ന ലീലാ മേനോന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ജന്മഭൂമി കൊച്ചി യൂണിറ്റില്‍ സംഘടിപ്പിച്ച ലീലാമേനോന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
സത്യം തുറന്ന് പറയാനുള്ള ധൈര്യം ലീലാ മേനോന് ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് മലയാള മാധ്യമ രംഗം ജനങ്ങളെ തെറ്റായ ആശയത്തിലേക്ക് നയിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നവരുടെ പിടിയിലാണ്. സമൂഹത്തിന്റെ ഭദ്രമായ മുന്നോട്ടുള്ള പ്രയാണത്തിന് ആധികാരികമായ മാധ്യമ പ്രവര്‍ത്തനമാണ് വേണ്ടത് പലപ്പോഴും സത്യം മൂടിവക്കാനാണ് പലരും ശ്രമിക്കുന്നത്. എത്ര ശക്തമായ ഭീഷണിയേയും ചിരിച്ചു കൊണ്ട് നേരിട്ട് സത്യം തുറന്നു പറയാന്‍ ധീരത കാട്ടിയ ലീലാ മേനോനെ ഓര്‍ക്കുന്നത് ഈ സാഹചര്യത്തിലാണ്, രാധാകൃഷ്ണന്‍ പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തെ മാധ്യമ ജീവിതത്തില്‍ ലീലാ മേനോനെ അര്‍ഹിക്കുന്ന ആദരവോടെ സ്വീകരിച്ച ഏക മാധ്യമം ജന്മഭൂമി മാത്രമായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച മറ്റൊരു മാധ്യമ പ്രവര്‍ത്തകയില്ല. അതു തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തതയാക്കിയതും.സമൂഹത്തില്‍ നിന്ന് മൂടിവെച്ച കാര്യങ്ങള്‍ നിര്‍ഭയം തുറന്ന് കാണിക്കാന്‍ ശ്രമിച്ചയാളാണ് ലീലാ മേനോന്‍, മുരളി പാറപ്പുറം പറഞ്ഞു.
സാഹിത്യകാരന്‍ പി.ഐ ശങ്കരനാരായണന്‍ സംസാരിച്ചു. നവീന്‍ കേശവന്‍ സ്വാഗതവും ആര്‍.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















