ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച മഹാസഖ്യം തകര്‍ന്നു. എസ്പിയുമായി വേര്‍പിരിയുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വലിയ പരാജയമായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അഖിലേഷ് യാദവുമായി ചേര്‍ന്ന് ഇനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ അറിയിച്ചത്. എസ്പിയുടെ പരമ്പരാഗത യാദവ വോട്ടുകള്‍ ഒരിടത്തും ലഭിച്ചില്ലെന്നാണ് മായാവതിയുടെ വിലയിരുത്തല്‍.
ഉത്തര്‍പ്രദേശില്‍ ഉടന്‍ വരാനിരിക്കുന്ന പതിനൊന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി തനിച്ച് മത്സരിക്കുമെന്ന് മായാവതി അറിയിച്ചു. യുപിയില്‍ വിജയിച്ച പത്തു ലോക്‌സഭാ സീറ്റുകളും ബിഎസ്പിയുടെ പരമ്പരാഗത ജാദവ-ദളിത് വോട്ടുകള്‍ കൊണ്ട് വിജയിച്ചതാണെന്നാണ് ബിഎസ്പി വിലയിരുത്തല്‍. ഒരു മണ്ഡലത്തില്‍ പോലും യാദവ വോട്ടുകള്‍ ലഭിച്ചിട്ടില്ല. എസ്പി വോട്ടുകള്‍ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ ലഭിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു.
ബിഎസ്പി സ്വന്തം സംഘടനാ സംവിധാനം ശക്തിപ്പെടുത്തി മുന്നോട്ടുപോകും. മറ്റാരെയും ആശ്രയിക്കാതെ തന്നെ തനിച്ചു നില്‍ക്കാനും വിജയിക്കാനും ശേഷിയുണ്ടെന്നും മായാവതി വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയിലെ മറ്റു നേതാക്കളെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സഖ്യം വേര്‍പിരിയുകയാണെന്ന വിവരം മായാവതി പ്രഖ്യാപിച്ചത്.
എണ്‍പത് ലോക്‌സഭാ സീറ്റുകളുള്ള യുപിയില്‍ ബിഎസ്പി 38 ഇടത്തും എസ്പി 37 സീറ്റിലുമാണ് മത്സരിച്ചത്. പത്തിടത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥികളും അഞ്ചിടത്ത് എസ്പിയും വിജയിച്ചെങ്കിലും അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കമുള്ള പ്രമുഖ സഖ്യസ്ഥാനാര്‍ത്ഥികള്‍ ദയനീയമായി തോറ്റു. ഇരുപത് സീറ്റിലെങ്കിലും വിജയം ഉറപ്പിച്ച ബിഎസ്പിക്ക് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യം രൂപീകരിച്ചത് തിരിച്ചടിയായെന്ന ബോധ്യത്തെ തുടര്‍ന്നാണ് മായാവതിയുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: