തിരുവനന്തപുരം: വിമാനത്താവളം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തുന്നത്. എന്നാല്‍, ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കി. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിക്കുന്നത്. ഇതിന്റെ അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കിലോയുമായി സുനില്‍കുമാറിനെ പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കടത്തുന്ന സ്വര്‍ണം കേരളത്തിലെ ചില ജ്വല്ലറികള്‍ക്കാണ് സംഘങ്ങള്‍ കൈമാറുന്നത്. മുമ്പ് ട്രെയിനില്‍ സ്വര്‍ണം കടത്തുന്നതിനിടെ തൃശൂരില്‍ വച്ച് ഒരാളെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. 20 കിലോയിലധികം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രശസ്തമായ ഒരു ജ്വല്ലറിയിലേക്കാണ് സ്വര്‍ണം കൊണ്ടുപോയതെന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ അന്വേഷണവും നിലച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തും പ്രമുഖ സ്വര്‍ണ, വജ്ര നിര്‍മാണ വ്യാപാര സ്ഥാപനമായ പിപിഎം ചെയിന്‍സിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രധാന ജില്ലകളിലും ദുബായിലുമായി നിരവധി ശാഖകളുള്ള സ്ഥാപനമാണ് പിപിഎം ചെയിന്‍സ്. മുഹമ്മദലിയുടെ ജ്യേഷ്ഠന്റെ മകനും പിപിഎം ചെയിന്‍സ് തിരുവനന്തപുരം ശാഖയുടെ മാനേജറുമായ ഹക്കീമിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. എന്നാല്‍, മുഹമ്മദലിയെയും ഹക്കീമിനെയും ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിച്ചില്ല. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കാണ് കൂടുതലായും പോകുന്നത്.
സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച് തുടര്‍ അന്വേഷണം അട്ടിമറിക്കും. കടത്തുന്ന സ്വര്‍ണത്തില്‍ തൊണ്ണൂറ് ശതമാനവും ജ്വല്ലറികളിലേക്കാണ് പോകുന്നത്. രാഷ്ട്രീയക്കാരുമായുള്ള ഇവരുടെ ബന്ധങ്ങളും പലപ്പോഴും അന്വേഷണത്തിന് വിലങ്ങുതടിയാകാറുണ്ട്. നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വിവിധ രൂപത്തിലുള്ള ആഭരണങ്ങളാക്കി വില്ക്കുമ്പോള് ജ്വല്ലറികള്‍ക്ക് മൂന്നിരട്ടി ലാഭമാണുള്ളത്. സ്വര്‍ണം സുരക്ഷിതമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഇടനിലക്കാര്‍ക്കും ചെറിയൊരു പങ്ക് നല്കിയാലും വന്‍ ലാഭം ലഭിക്കുന്നതിനാല്‍ കടത്ത് സ്വര്‍ണത്തെയാണ് ആഭരണ നിര്‍മ്മാതാക്കളും ജ്വല്ലറി ഉടമകളും ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: