തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം കനത്ത സമ്മര്‍ദത്തില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത പരാജയത്തില്‍ തലതാഴ്ത്തി നില്ക്കുന്ന സിപിഎമ്മിന് തിരിച്ചു വരണമെങ്കില്‍ ഈ മാസം 27ന് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടണം. അതേ സമയം ബിജെപി പല വാര്‍ഡുകളിലും കാഴ്ച്ച വച്ച മുന്നേറ്റം സിപിഎമ്മിനെ കുറച്ചൊന്നുമല്ല അസ്വ സ്ഥതപ്പെടുത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള മാര്‍ഗമായാണ് സിപിഎം തദ്ദേശ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതും. ആറു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി ഇതിലൂടെ സമാഹരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യവും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 ല്‍ 33 എണ്ണം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും, ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, അഞ്ച് നഗരസഭാ വാര്‍ഡുകളുമാണ്. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലൊഴിച്ച് 12 ജില്ലകളിലും മത്സരമുള്ളതിനാല്‍ സംസ്ഥാനതല പോരാട്ടമായാണ് പരിഗണിക്കപ്പെടുന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇതിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ഡുകളിലെ സിറ്റിങ് സീറ്റുകള്‍ യാതൊരു കാരണവശാലും നഷ്ടപ്പെടരുതെന്നും കൂടുതല്‍ സീറ്റുകള്‍ ഏതു വിധേനയും പിടിച്ചെടുക്കണമെന്നും നേതൃത്വം താഴെ തട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ പിന്നോട്ട് പോയെങ്കിലും വാക്കുകള്‍ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴും വിശ്വാസികള്‍ക്ക് എതിരായി തന്നെയാണ് നില കൊള്ളുന്നത്. അതു കൊണ്ടു തന്നെ ശബരിമല പ്രശ്നത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാട് ശരിയാണെന്ന് പറഞ്ഞു തന്നെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയണമെന്നതാണ് സിപിഎം നേരിടുന്ന വെല്ലുവിളിയും. ഇത് സിപിഎം നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയത്തെ സംബന്ധിച്ച് നടന്ന വിലയിരുത്തലില്‍ നിലവില്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാവും വിലയിരുത്തലും നടപടികളും.
44 വാര്‍ഡുകളില്‍ ഏറിയപങ്കും നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ വന്നശേഷം ഇത്രയധികം വാര്‍ഡുകളിലേക്ക് ഒരുമിച്ചു തെരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നാലു വര്‍ഷം മുമ്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കൈവരിച്ച ആധിപത്യമെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പോടെ ബന്ധപ്പെട്ട മേഖലകളില്‍ മാറി. എല്‍ഡിഎഫിന്റെ അടിത്തറ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചോര്‍ന്നുവെന്ന സന്ദേഹം ഉയരുന്ന സാഹചര്യത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്ന നിര്‍ദ്ദേശമാണു ജില്ലാ കമ്മിറ്റികള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: