രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍, ഒരു സംശയവും വേണ്ട, കാര്യപ്രാപ്തി ഉള്ളവരുടെ ഒരു കൂട്ടായ്മയാണ്. അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് അടക്കം ചിലരെല്ലാം മന്ത്രിസഭയിലേക്ക് ഇത്തവണ വന്നില്ലെങ്കിലും പകരക്കാരെ സംബന്ധിച്ച് ഒരു കുറവും പറയാനില്ല. വിദേശകാര്യ വകുപ്പില്‍ മുന്‍ സെക്രട്ടറി എസ്. ജയശങ്കറും, ധനകാര്യ മന്ത്രാലയത്തില്‍ നിര്‍മ്മല സീതാരാമനും അതിനുദാഹരണമാണ്. ഏറ്റെടുത്ത ദൗത്യങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിച്ച, കാണിച്ചുകൊടുത്ത പാരമ്പര്യവുമായാണ് നിര്‍മ്മല സീതാരാമന് ധനമന്ത്രാലയത്തിലെത്തുന്നത്; അല്ലെങ്കില്‍ അതുതന്നെയാണ് അവര്‍ക്ക് അതിന് വഴിയൊരുക്കിയത്.
പ്രതിരോധ മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത രാജ്നാഥ് സിംഗിനെക്കുറിച്ച് പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായം ഉണ്ടാവുകയില്ല; അനുഭവസമ്പത്തും ആത്മാര്‍ഥതയും കൊണ്ട് അദ്ദേഹത്തിന് ആ വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ടത് ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയത്തിലേക്കുള്ള കടന്നുവരവാണ്. അദ്ദേഹം ഇത്തവണ കേന്ദ്രമന്ത്രിസഭയിലെത്തും എന്ന് ഏറെക്കുറെ തീര്‍ച്ചയായിരുന്നു; ഏത് മന്ത്രാലയത്തിലേക്കാണ് എന്നതേ സംശയമുണ്ടായിരുന്നുള്ളു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല… ആഭ്യന്തരമാണ് അമിത് ഭായിക്ക് ഏറ്റവും യോജിച്ചത് എന്ന കാര്യത്തില്‍.
ഇനിയുള്ള അഞ്ച് വര്‍ഷക്കാലത്ത് രാജ്യം ഉറ്റുനോക്കുന്നത് നരേന്ദ്ര മോദിക്കൊപ്പം, അമിത്ഷായെ കൂടിയാവും, സംശയമില്ല. ഇപ്പോഴേ അമിത്ഷായെ കടന്നാക്രമിക്കാന്‍ ചില ബിജെപിവിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ വിദേശ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് കാണാതെ പോയിക്കൂടാ… അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമവും നടക്കുന്നു. ബിജെപിവിരുദ്ധ പക്ഷത്തെ ആശങ്കയാണ് ഇത് കാണിക്കുന്നത് എന്നത് പറയേണ്ടതില്ലല്ലോ. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ നടത്തിയ അഭിപ്രായപ്രകടനം വിരല്‍ചൂണ്ടുന്നതും അതിലേക്കാണ്. തങ്ങള്‍ അധികാരത്തില്‍ ഇരുന്ന സമയത്ത് അമിത്ഷാക്കെതിരെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ സോണിയ പരിവാറും അവരുടെ ശില്ബന്ദികളും മനസ്സില്‍ ഓര്‍ക്കുന്നുണ്ടാവണമല്ലോ… ഭയാശങ്കകളോടെ. എന്നാല്‍ ഒരു കാര്യം ഉറപ്പുണ്ട്; ഒരുവിധത്തിലുള്ള വ്യക്തിവിരോധം തീര്‍ക്കലും ഈ കാലഘട്ടത്തില്‍ മോദിയില്‍നിന്നോ അമിത്ഷായില്‍ നിന്നോ ഉണ്ടാവുകയില്ല. അത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് ഉണ്ടായിരുന്നുമില്ലല്ലോ. അതാണ് ബിജെപിയുടെ സങ്കല്‍പ്പം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിയിലൂടെ നിര്‍ബാധം മുന്നോട്ട് പോകും; അവിടെ അതിന് തടയിടാന്‍ ആര്ക്കുമാവുകയുമില്ല. നിയമത്തെ ഭയക്കാന്‍ ആര്‍ക്കും അവകാശവുമുണ്ട്.
ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസിലാണ് അമിത്ഷായെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടത്. അത് ദുരുദ്ദേശപരമായിരുന്നു എന്നത് പകല്‍പോലെ വ്യക്തമായിരുന്നു. ഗുജറാത്തില്‍ ചാവേറുകളായി എത്തിയ പാക് ചാരസംഘടനയുടെ ആള്‍ക്കാരാണ് അവിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അവര്‍ ഗുജറാത്തിലേക്ക് കടക്കുന്നതായി സൂചന നല്‍കിയത് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി; അതിനെത്തുടര്‍ന്നാണ് ഗുജറാത്ത് പോലീസ് അവരെ നിരീക്ഷിച്ചത്. ആയുധമേന്തിയ ആ ഭീകരര്‍ക്ക് ഉണ്ടായിരുന്ന ബന്ധങ്ങള്‍ അക്കാലത്ത് തന്നെ പാക് ഭീകരപ്രസ്ഥാനം സ്ഥിരീകരിച്ചതുമാണ്. ഇതിനൊക്കെ ശേഷം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു സത്യവാങ്മൂലവും നല്കി… കൊല്ലപ്പെട്ടവര്‍ പാക് ബന്ധമുള്ള ഭീകരരാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്ന ആര്‍വിഎസ് മണി ആണ് അത് ഫയല്‍ ചെയ്തത്.
എന്നാല്‍ പിന്നീട് അമിത്ഷായെ പ്രതിക്കൂട്ടിലാക്കാന്‍ ആ കേസിനെ പ്രയോജനപ്പെടുത്താന്‍ കേന്ദ്രത്തിലെ യുപിഎസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതൊരു രാഷ്ട്രീയ തീരുമാനമാണ്. അതിന് പിന്നിലുണ്ടായിരുന്നത് സോണിയ ഗാന്ധിയും അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരവും പിന്നെ അഹമ്മദ് പട്ടേലും… അതിനപ്പുറം കോണ്‍ഗ്രസിലെ മറ്റ് പലരും. അങ്ങനെയാണ് അമിത്ഷായെ പ്രതിചേര്‍ത്തത്. നോക്കൂ, എന്തായിരുന്നു കാരണം… ഗുജറാത്തില്‍ നരേന്ദ്രമോദിയെ ഇത്രത്തോളം ശക്തമാക്കുന്നത് അമിത്ഷായാണ് എന്ന തിരിച്ചറിവുകൊണ്ടുതന്നെ. 2004 കാലഘട്ടത്തില്‍തന്നെ അത് സോണിയയും അഹമ്മദ് പട്ടേലും മറ്റും തിരിച്ചറിഞ്ഞിരുന്നു എന്നര്‍ത്ഥം. മോദിയെ തകര്‍ക്കാന്‍ ആദ്യം വേണ്ടത് അമിത്ഷായെ നശിപ്പിക്കലാണ് എന്നവര്‍ തീരുമാനിച്ചു.
അക്കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ള അടക്കമുള്ളവര്‍ക്ക് ഇതിന്റെ വസ്തുതകള്‍ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയില്‍, നേരത്തെ സൂചിപ്പിച്ചതുപാലുള്ള, സത്യവാങ്മൂലം യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. അത് തിരുത്താന്‍വേണ്ടി, ഏറ്റുമുട്ടലാണ് എന്ന് വരുത്തിത്തീര്‍ക്കാനും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുമായി, ആ അണ്ടര്‍ സെക്രട്ടറിക്കുമേല്‍ പ്രയോഗിച്ച സമ്മര്‍ദ്ദം, എന്തിനേറെ, ക്രൂരമായ മര്ദ്ദനങ്ങള്പോലും, ഇന്നിപ്പോള്‍ പൊതുമണ്ഡലത്തിലുണ്ട്. പ്രായമേറെയായ സ്വന്തം മാതാപിതാക്കളുടെ മുന്നിലിട്ട് സിബിഐ ഉദ്യോഗസ്ഥര്‍ ആര്‍വിഎസ് മണിയെ ക്രൂരമായി മര്ദ്ദിക്കുകയായിരുന്നുവല്ലോ. എന്നാല്‍ തെറ്റ് ചെയ്യാന്‍ തയാറല്ല എന്ന് അദ്ദേഹം നിലപാടെടുത്തു. ‘ദി മിത്ത് ഓഫ് ഹിന്ദു ടെറര്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം അതൊക്കെ വിശദീകരിച്ചിട്ടുമുണ്ട്. എന്തിനായിരുന്നു അത്, സംശയം വേണ്ട, അമിത്ഷായെ പ്രതിചേര്‍ക്കാന്‍ വേണ്ടി, ജയിലില്‍ അടയ്ക്കാന്‍വേണ്ടി; അദ്ദേഹത്തെ പൊതുജീവിതത്തില്‍നിന്ന് എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ വേണ്ടി.
എന്നാല്‍ ആ കേസിലെ ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിലെത്തിയിരുന്നു; ആവശ്യമുള്ളതെല്ലാം ഗുജറാത്ത് സര്‍ക്കാരിന്റെ പക്കലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് 2014 ഏപ്രില്‍ മാസത്തില്‍ തന്നെ അമിത്ഷായെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകളില്ല എന്ന നിഗമനത്തില്‍ സിബിഐ എത്തിച്ചേര്‍ന്നത്. അതിന്റെ വെളിച്ചത്തില്‍ സിബിഐ കോടതിയാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. പാക് ഭീകരരാണ് എന്ന ഇന്റലിജന്‍സ് ബ്യുറോയുടെ സന്ദേശം, വിദേശ ഭീകരര്‍ തങ്ങളുടെ ചാവേറുകളാണ് കൊല്ലപ്പെട്ടത് എന്ന് പരസ്യമായി പറയുന്നത്, ഇന്ത്യയുടെതന്നെ റെക്കോര്‍ഡുകളില്‍ അവരുമായുള്ള ഇടപെടല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു എന്നതോര്‍ക്കുക. പിന്നെ സ്വാഭാവികമായും സിബിഐക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഓര്‍ക്കേണ്ടത്, യുപിഎ ഭരണകാലത്ത് തന്നെയാണ് സിബിഐക്ക് ഈ നിലപാട് എടുക്കേണ്ടിവന്നത് എന്നതാണ്; അതിന് സിബിഐ നിര്‍ബന്ധിതമാവുകയായിരുന്നു.
മറ്റൊന്ന് സൊറാബുദ്ദിന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസാണ്. അതില്‍ അമിത്ഷായ്ക്കൊപ്പം രാജസ്ഥാനിലെ രണ്ടു പ്രമുഖ ബിജെപി നേതാക്കളെയും പ്രതിചേര്‍ക്കാന്‍ ശ്രമം നടന്നു. നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഭീകര സംഘടനാബന്ധമുള്ള ഗുണ്ടാ നേതാവാണ് സൊറാബുദ്ദിന്‍ ഷെയ്ഖ് എന്നതാണ് ഗുജറാത്ത് പോലീസ് പറഞ്ഞത്. അതിന് മതപരമായ നിറം നല്കി വിവാദമുണ്ടാക്കാന്‍ ശ്രമം നടന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. ആ കേസിലും അമിത്ഷായെ കോടതി വെറുതെവിട്ടു; ആ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി. ഇന്ത്യയില്‍ അക്കാലത്ത് തന്നെ 1700 ലേറെ ഏറ്റുമുട്ടല്‍ കേസുകള്‍ ഉണ്ടായിരിക്കെയാണ് ഗുജറാത്തിലെ ഈ കേസിന്റെ പേരില്‍ രാഷ്ട്രീയ പ്രതികാരത്തിന് കോണ്‍ഗ്രസ് തുനിഞ്ഞിറങ്ങിയത് എന്നത് ചരിത്രം.
അതിലേറെ ശ്രദ്ധിക്കേണ്ടത് അമിത്ഷായ്ക്കെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച പീഡനമുറകളാണ്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയെ കള്ളക്കേസില്‍ സിബിഐ പ്രതിചേര്‍ക്കുന്നു; കൊടും പീഡനത്തിന് ഇരയാക്കുന്നു; ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിക്കുന്നു; കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തിന് പുറത്ത് നടത്തുന്നു… എന്തൊക്കെയാണ് അന്ന് സോണിയ-ചിദംബരം-അഹമ്മദ്പട്ടേല്മാര് ചെയ്തുകൂട്ടിയത്. അതൊക്കെ തിരിച്ചുകിട്ടുമോ എന്നതാവണം കോണ്‍ഗ്രസുകാരെ ആശങ്കാകുലരാക്കുന്നത്; അന്ന് കോണ്‍ഗ്രസുകാരുടെ ദല്ലാളന്മാരായി നടന്ന ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നത്. അവര്‍ക്കൊപ്പം നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പഴയ കള്ളക്കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് അമിത്ഷാ കൊലപാതകിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാവണം.
വെള്ളിയാഴ്ച, അദ്ദേഹം മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന്, ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ പ്രസിദ്ധീകരിച്ച ലേഖനം അതിന് ഉദാഹരണമാണ്… ഇന്ത്യക്കാരിയായ റാണ അയൂബ് ആണ് ലേഖിക. അവരെ പരിചയപ്പെടുത്തേണ്ടതില്ല… മോദി പരാജയപ്പെടണം എന്ന് ആഗ്രഹിച്ച് നാടുനീളെ പ്രചാരണം നടത്തിയ മാധ്യമപ്രവര്‍ത്തക. അമിത്ഷാ വിമര്‍ശനത്തിന് അതീതനൊന്നുമല്ല; പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും. എന്നാല്‍ ആ വിമര്‍ശനം സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാവണം. ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ പക്ഷെ ചെയ്തത്, കോടതി തെളിവുകളുടെ അഭാവത്തില്‍ തിരസ്കരിച്ച കേസുകളെ തെറ്റിദ്ധാരണകളോടെ പ്രസിദ്ധീകരിക്കുകയാണ്. അതൊക്കെ അതുപോലുള്ള ഒരു പത്രത്തിന് ചേര്‍ന്നതാണോ ആവോ?.
ബിജെപിയെ വാനോളമുയര്‍ത്തിയ രാഷ്ട്രീയ നേതാവാണ് അമിത് ഷാ; ഗുജറാത്ത് ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് മികച്ച ഭരണകര്‍ത്താവെന്ന് തെളിയിച്ച വ്യക്തിത്വവുമാണ്. കര്‍ക്കശ്യത്തിന് ഉടമയാണ് അദ്ദേഹം; എന്നാല്‍ ദേശീയതലത്തില്‍ അദ്ദേഹത്തിന് ഇനിയും ഏറെ തെളിയിക്കാനുണ്ട്; രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ നീതിയും സത്യവും പുലരുന്നു എന്ന് ഉറപ്പാക്കേണ്ട വലിയ ചുമതലയും ഇന്നിപ്പോള്‍ അദ്ദേഹത്തെയാണ് മോദി ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും ആശങ്ക വേണ്ട; എന്നാല്‍ തട്ടിപ്പും കള്ളത്തരവും കാണിച്ചുനടക്കുന്നവര്ക്ക് ഭയപ്പെടേണ്ടിവരികയും ചെയ്യും. ‘ബ്രിട്ടീഷ് പൗരത്വ’വും അഴിമതിയും വിദേശനാണ്യതട്ടിപ്പ് കേസുകളുമൊക്കെ സസൂക്ഷ്മം നിയമത്തിന്റെ വഴിയേ നീങ്ങുമെന്ന് അദ്ദേഹം ഉറപ്പാക്കുമെന്നതില്‍ സംശയമില്ല. അതിലൊക്കെ പെട്ടവര്‍ക്ക് വിഷമങ്ങളുണ്ടാവുക സ്വാഭാവികം; നീതിനിര്‍വഹണം നീതി പൂര്വമാവുമ്പോള് സ്വാഭാവികമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: