പരിചിതമല്ലാത്ത വഴികളിലൂടെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ യാത്ര ജനകോടികള്‍ക്ക് ആവേശവും ആശ്വാസവും നല്കുന്നതാവുകയാണ്. വന്‍ ഭൂരിപക്ഷത്തിലൂടെ അധികാരമേറ്റപ്പോള്‍ എല്ലാവര്ക്കും ഒപ്പം എല്ലാവര്ക്കും വേണ്ടി എന്നായിരുന്നു മുഖ്യ മുദ്രാവാക്യം. അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണഫലമാണ് മുമ്പത്തെക്കാള്‍ ജനപിന്തുണയോടെ വീണ്ടും തെരഞ്ഞടുക്കപ്പെട്ടത്. എനിക്ക് പത്ത് വര്‍ഷം വേണം.
രാജ്യത്തിന്റെ മുഖഛായ മാറ്റാനാകും. നവഭാരതസൃഷ്ടിക്കും രാജ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്കി. വാക്കുപാലിച്ചുകൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയത്തിന്റെ പാതിപിന്നിട്ടപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ യാത്ര നല്ല ദിശയിലേക്കാണെന്ന് തിരിച്ചറിഞ്ഞു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ നിരീക്ഷകരെല്ലാം പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരുമെല്ലാംതന്നെ ഒന്നിനൊന്ന് മികച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു. ‘അച്ഛാ ദിന്’ പ്രാപ്തമാക്കാന്‍ കഴിവുള്ളവരാണ് എല്ലാംതന്നെ. രാഷ്ട്രീയത്തിനുപരി വൈദഗ്ധ്യത്തെയും പ്രധാനമന്ത്രി പരിഗണിച്ചതിന്റെ ഉദാഹണമാണ് എസ്. ജയശങ്കറിന്റെ മന്ത്രിസ്ഥാനം. ഏറെക്കാലം വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച പരിചയം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ അഞ്ച് വര്‍ഷം കാര്‍ഷികമേഖലയില്‍ അസ്വസ്ഥതകള്‍ ഏറെയായിരുന്നു. കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങളും ധാരാളമുണ്ടായി. എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതികള്‍ ഏറെയാണെന്നും വ്യക്തമാണ്. പക്ഷേ അത് കര്‍ഷകര്‍ക്ക് വേണ്ടത്ര ബോധ്യപ്പെട്ടില്ലെന്ന് തെളിയുന്നതാണ്. മധ്യപ്രദേശ്, രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് പരിഹരിക്കുന്നതിന്റെ വ്യക്തമായ ചിത്രം ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വരച്ചുകാട്ടിയിരുന്നു.
അന്ന് പറഞ്ഞ കാര്യങ്ങള്‍ രണ്ടാമൂഴത്തിലെ ആദ്യമന്ത്രിസഭതന്നെ പരിഗണിച്ചു. കാര്‍ഷികമേഖലയ്ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആനുകൂല്യം നല്കുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിന്ശേഷം പുറത്തുവന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിക്കുകയാണ് ചെയ്തത്. രണ്ട് ഹെക്ടര്‍ വരെ ഭൂമിയെന്ന നിബന്ധന ഒഴിവാക്കി. പതിമൂന്നര കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണിത്. മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം ആറായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
കര്‍ഷകര്‍ക്ക് പെന്ഷന് പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ പെന്ഷന് യോജന നടപ്പാക്കാനും തീരുമാനിച്ചു. ഇതിനായി മൂന്ന് വര്‍ഷത്തേക്ക് 10,774 കോടി രൂപ അനുവദിക്കുകയും ചെയ്തു. രാജ്യത്തെ കോടിക്കണക്കിന് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. കര്‍ഷകര്‍ നിക്ഷേപിക്കുന്ന അത്രയും തുക സര്‍ക്കാരും നല്‍കും. 60 വയസാണ് കാലപരിധി. മൃഗങ്ങളിലെ രോഗം തടയുന്നതിന് 13,343 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും പ്രത്യക്ഷമായി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ്. 50 കോടി മൃഗങ്ങള്‍ക്ക് വാക്സിനേഷന് നല്‍കും. സര്‍ക്കാരിന്റെ പ്രഥമ പരിഗണന കര്‍ഷകര്‍ക്കായിരിക്കുമെന്ന് വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണ്.
സൈനികര്‍ക്ക് ഒരേ റാങ്ക് ഒരു പെന്ഷന് എന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ചത് മോദി സര്‍ക്കാരാണ്. വീണ്ടും സുരക്ഷാ സേനയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ആദ്യതീരുമാനം. നക്സല്‍, ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകയും അതിന്റെ വ്യാപ്തിയും കൂട്ടാനാണ് തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ പ്രതിരോധനിധി പ്രകാരം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക പ്രതിമാസം 2,250 രൂപയില്‍ നിന്ന് 3,000 രൂപയും ആണ്‍കുട്ടികള്‍ക്കുള്ള തുക 2,000 രൂപയില്‍ നിന്ന് 2,500 രൂപയുമായി ഉയര്‍ത്തുകയാണ്.
വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യരക്ഷയ്ക്ക് മോദി സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തിന്റെ സൂചകമാണിത്. ഒന്നാം മോദി സര്‍ക്കാരും രാജ്യരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുത്തുന്നതും പരാതികള്‍ പരമാവധി ലഘൂകരിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇത് ഉയര്‍ത്തിക്കാട്ടാന്‍ തയ്യാറാകാത്ത ചില മാധ്യമങ്ങള്‍ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന പ്രചാരണത്തിനണ് മുന്‍തൂക്കം നല്‍കുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന ഈ സര്‍ക്കാരിന് അതിനെയെല്ലാം മറികടക്കാനാവുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: