തിരുവനന്തപുരം : ഏകദേശം 18 വർഷത്തിന് ശേഷം എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ മലയാള ഗാനങ്ങൾ പുറത്തിറക്കി. പ്രവാസി മലയാളിയായ കെആർപി വള്ളിക്കുന്നം രചനയും സംവിധാനവും നിർവഹിച്ച ‘പ്രണയതേൻ മഴയായി ‘ എന്ന സംഗീത ആൽബത്തിലാണ് എസ്.പി. ബാലസുബ്രഹ്മണ്യം രണ്ടു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ആൽബത്തിന്റെ പ്രകാശനം തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ. ജയകുമാർ ഐ.എ.എസ് നിർവ്വഹിച്ചു. 1961 – ൽ കടൽ പാലം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് എത്തിയ എസ്.പി.ബി അവസാനമായി പൂർണ്ണമായും മലയാളത്തിൽ പാടിയത് 2001- ൽ പുറത്തിറങ്ങിയ ദോസ്ത് എന്ന സിനിമയിലാണ്. പിന്നീട് ഏതാനും മലയാള ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും മറ്റു ഭാഷകളിലാണ് ഗാനാലാപനം നടത്തിയിട്ടുള്ളത്.
10 പ്രണയ ഗാനങ്ങളാണ് ‘ പ്രണയതേൻ മഴയായി ‘ എന്ന ആൽബത്തിലുള്ളത്. പിന്നണി ഗായകരായ എം. ജി. ശ്രീകുമാർ, സുജാത, ശ്വേതാ മോഹൻ തുടങ്ങിയവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മധുപാൽ, കവിയൂർ പൊന്നമ്മ തുടങ്ങിയവർക്കൊപ്പം പ്രവാസികളായ പുതുമുഖങ്ങളും ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒമാനിലും, കേരളത്തിലും, ധനുഷ്കോടിയിലുമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ആൽബത്തിൽ പ്രണയത്തിന്റെ 10 ഭാവങ്ങൾ അവതരിക്കപ്പെടുന്നുണ്ട്.
പി. പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ സിനിമയെ ആധാരമാക്കിയുള്ള ഒരു ഗാന ചിത്രീകരണത്തിൽ പദ്മരാജന്റെ തറവാട് വീടും, ഭാര്യ രാധാലക്ഷ്മിയും കഥാപാത്രങ്ങളാകുന്നുണ്ട്. ഗദ്ധാമയായി പ്രവാസി ജീവിതം നയിക്കുന്ന പെൺകുട്ടിയുടെ വിരഹത്തിന്റെയും, വേർപാടിന്റെയും പ്രണയവും, പുതുതലമുറയുടെ ലംബോർഗിനി യുഗത്തിലുള്ള പ്രണയവും ഗാനങ്ങളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയും, മഴയും, കാറ്റുമൊക്കെ പ്രണയ ബിംബങ്ങളാകുന്ന ഈ സംഗീത ആൽബം പ്രവാസിയായ തൻറ്റെ ഗൃഹാതുരത്വത്തിൽ നിന്ന് എഴുതപ്പെട്ടവയാണെങ്കിലും നമുക്ക് നഷ്ട്ടപ്പെട്ടു പോകുന്ന നിഷ്കളങ്ക പ്രണയത്തിൻറെ ഓർമപ്പെടുത്തലുകൾ കൂടിയാണെന്ന് കെ. ആർ. പി വള്ളികുന്നം പറഞ്ഞു.
ആദ്യത്തെ സംഗീത ആൽബം ‘നീലക്കറിഞ്ഞികൾ പൂത്തപ്പോൾ’ ആസ്വാദകർ സ്വീകരിച്ചതിന്റെ പ്രേരണയിലാണ് പുതിയ രചനകൾ ദൃശ്യവൽക്കരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസന്നൻ സരിഗമ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ആൽബത്തിന്റെ തിരക്കഥയും, ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് പ്രമുഖ ഛായാഗ്രഹകനായ ആനന്ദക്കുട്ടന്റെ അസോസിയേറ്റ് ആയിരുന്ന ജിജോ ജോൺ ആണ്. വയലാർ അവാർഡ് ജേതാവ് കെ. പി. മോഹൻ കുമാർ, മധുപാൽ, പദ്മരാജന്റെ ഭാര്യ രാധാ ലക്ഷ്മി, മകൻ അനന്തപദ്മനാഭൻ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ജയിൽ ഡി. ഐ. ജി സന്തോഷ് സുകുമാരൻ, സൂര്യ കൃഷ്ണമൂർത്തി, യു. ഡി. എസ്. റിസോർട്ട് സി. ഇ. ഒ. ഡോ : രാജഗോപാൽ അയ്യർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: