കൊച്ചി: ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതിയെ മരവിപ്പിച്ച് നിര്‍ത്തി പുതുതായി ശബരിമല വികസന അതോറിട്ടി രൂപീകരിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തെ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു. ശബരിമലയിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തെക്കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് പി.ആര്‍. രാമന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ ഹൈക്കോടതി നിയോഗിച്ചത്.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ആചാരവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ നടപടികള്‍ ഇതോടെ അവസാനിച്ചു. പിണറായി സര്‍ക്കാരിന്റെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് വിഘാതമായതിനാലാണ് ഉന്നതാധികാര സമിതിയെ മറികടന്ന് പുതിയ വികസന സമിതി രൂപീകരിക്കാനുള്ള ശ്രമം. ഇതോടെ സ്വയംഭരണാവകാശമുള്ള ദേവസ്വം ബോര്‍ഡിനെ നിഷ്പ്രഭമാക്കി ദേവസ്വംഭരണം സമ്പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും.
ക്ഷേത്ര ഭരണത്തെ മാര്‍ക്‌സിസ്റ്റ് വത്കരിക്കാനുള്ള നീക്കമാണ് ദേവസ്വം ക്ഷേത്രങ്ങളിലെ കായികപരിശീലന നിയന്ത്രണ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്നും ആയുധപരിശീലനമുണ്ടെന്നുമുള്ള ദേവസ്വം മന്ത്രിയുടെ ആരോപണം തെളിയിക്കാനായിട്ടില്ല. ആര്‍എസ്എസിന്റെ പേരു പറഞ്ഞ് ക്ഷേത്രങ്ങളെ കൈപ്പിടിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബാബു പറഞ്ഞു.
















