കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നേതാവുമായിരുന്ന തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കാന്‍ പോലീസ് ശ്രമം. തന്നെ അക്രമിച്ചതിനു പിന്നില്‍ തലശ്ശേരിയിലെ ഒരു ജനപ്രതിനിധിക്കും സിപിഎമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരുടെ പേരുള്‍പ്പടെ പോലീസിന് നല്‍കിയിട്ടും ഇതുവരെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല.
ആഭ്യന്തര വകുപ്പിലുള്ള സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമെന്നാണ് ആരോപണം. തലശ്ശേരി ഏരിയയിലെ ചില ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളില്‍ നസീറിനെതിരായ വധശ്രമത്തില്‍ ശക്തമായ വിമര്‍ശനമാണ് നേതൃത്വത്തിന് നേരിടേണ്ടി വന്നത്. ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും സിപിഎമ്മിനെ കൈവിട്ടതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍ വരുന്നതിനിടെയാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്.
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ നസീറിനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന പ്രാഥമിക വിലയിരുത്തലും ഞെട്ടിക്കുന്നു. ചില നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിന് ബോധപൂര്‍വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് നസീര്‍ വധശ്രമമെന്നത് നേതൃത്വത്തെയും ആശങ്കയിലാക്കി. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായത്. സംഭവത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ട സിപിഎം, ഗൂഢാലോചന നേതാക്കളിലെത്താതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കുന്നതിനെതിരായ ഗൂഢാലോചന കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നസീറിന്റെ നീക്കം. കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉന്നതനായ ഒരു നേതാവിന്റെ പിന്തുണകൂടി നസീറിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: