പാലക്കാട് : ക്യാമ്പസ് അക്രമണ കേസിലെ പ്രതികളായ എസ്എഫ്‌ഐക്കാര്‍ക്ക് അസാധാരണ ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് അവസാനിക്കുന്നത് വരെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്.
പാലക്കാട് നെന്മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 14 വിദ്യാര്‍ത്ഥികള്‍ക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ അസാധാരണ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
രണ്ട് കെഎസ്.യു പ്രവര്‍ത്തകരെ നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. പ്രതികളെല്ലാവരും 19നും 21നും ഇടയില്‍ മാത്രം പ്രായമുള്ളവരാണെന്നതും ഇവരാരും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഇടപെട്ടവരല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ ഈ നിലപാട്.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ വിനാശകരമായ പ്രവണത ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവര്‍ത്തനം തുടരാന്‍ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസ്സിനകത്ത് തുടരാന്‍ അനുവദിച്ചാല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
















