ആ നക്ഷത്രങ്ങളില്‍ ഒരിക്കലും ജാതകങ്ങള്‍ ചേര്‍ത്തുവെക്കാത്ത ദൈവജ്ഞനോട്!
വല്ലഭിയുടെ നാള് അനിഴം.
രാമശേഷന്റേത് അവിട്ടം.
രണ്ടും മധ്യമരജ്ജുവില്‍ വരുന്ന നക്ഷത്രങ്ങള്‍… പാപഗ്രഹ നക്ഷത്രങ്ങള്‍…
”ആരോഹണം അവരോഹണത്തില് എടുക്കലാംന്ന് പണിക്കര്‍ ശൊല്ലറാന്‍…”, ആലോചന വന്നപ്പോള്‍ അച്ഛന് അറിയിച്ചു.
മെഡിക്കല്‍ റെപ്രസന്റേറ്റീവായ രാമശേഷന് ജ്യോതിഷത്തിന്റെ എബിസി അറിയാത്ത കാലമാണ്. വല്ലഭിയുടെ വീട്ടുകാര്‍ ഏതു ജ്യോത്സ്യനെ കാണിച്ചുവോ ആവോ? അയാളും ഇതേ പ്രമാണം പറഞ്ഞുവോ എന്തോ?
ഏതായാലും വിവാഹം നടന്നു. മുതല്‍ രാത്രിയില്‍ത്തന്നെ കല്ലുകടി തുടങ്ങി. പുതിയ കാലെടുത്തു വെയ്പല്ലേ, അതിന്റെ പരിഭ്രമമായിരിക്കും എന്നാണ് കരുതിയത്. ഒരു മധുവിധുവില്‍ എല്ലാം കലങ്ങിത്തെളിയുമെന്ന് കരുതി. കൊടൈക്കനാലിലെ നക്ഷത്രഹോട്ടലിന്റെ സൗഭാഗ്യത്തിലും രണ്ട് അപരിചിതരെപ്പോലെ കിടന്നു. പരസ്പരം പങ്കുവെയ്ക്കാതെയാണ് മടങ്ങിയത്. ബസ്സില്‍ ശത്രുക്കളെപ്പോലെ വെവ്വേറെ സീറ്റുകളില്‍ ഇരിക്കേണ്ട കാര്യമെന്താണ്? രണ്ടുപേര്‍ക്കും എന്തോ ഒരാകര്‍ഷണമില്ലായ്മ…വിവാഹം കഴിഞ്ഞ മുതല്‍ ദിനങ്ങള്‍ ഇങ്ങനെയെങ്കില്‍ ഇനിയുള്ള കാലം?
ജാതകങ്ങള്‍ കണ്ട മാത്രയില്‍ കുട്ടന് പണിക്കര്‍ ചോദിച്ചു.
”ആരാ ഇത് ചേര്‍ത്തത്?”
ആരോഹണ അവരോഹണ പ്രമാണം പറഞ്ഞപ്പോള്‍ പണിക്കര്‍ ചിരിച്ചു.
”ആദിമരജ്ജുവിനും അന്തിമരജ്ജുവിനും മാത്രമാണ് ആ പ്രമാണം ബാധകം…മധ്യമരജ്ജുവിന് പറഞ്ഞിട്ടില്ല…”
ജാതകം ചേര്‍ത്ത ജ്യോത്സ്യന് തെറ്റിയോ? അതോ കേട്ട അച്ഛനോ? വല്ലഭിയുടെ വീട്ടുകാര്‍ക്കും തെറ്റുമോ? ആര്‍ക്കാണ് തെറ്റുപറ്റിയതെന്നറിയാതെ ഉള്ളില്‍ ഒരു കുത്തിപ്പറിക്കല്‍…
അഞ്ചക്ക ശമ്പളം, ചെറുതെങ്കിലും സ്വന്തമായി വീട്, ഇരുചക്രവാഹനം, ദുശ്ശീലങ്ങളില്ലാത്ത വാലിഭം… ആകെയുള്ള ജീവിതമാണ് മുന്നില്‍ ആടിക്കളിക്കുന്നത്!
”എന്തെങ്കിലുമൊരു പോംവഴി പറയൂ പണിക്കരെ…”
”വിധി എന്നു കരുതുക,” പണിക്കര്‍ സമാശ്വസിപ്പിച്ചു. ”രണ്ടുപേര്‍ക്കും വിധിച്ചതിതാണ്… ആ വിധിയെ പഴിക്കാതെ, അതില്‍ വിശ്വസിച്ച് സമാധാനമായി കഴിയുക… എല്ലാം പൂര്‍വ്വജന്മാര്‍ജിതമാണ്.
ആ വാക്ക് അന്നാണ് ആദ്യമായി കേട്ടത്. യുവമിഥുനങ്ങളുടെ വരുംകാല ദിനങ്ങളെയോര്‍ത്തുള്ള സഹതാപമോ എന്തോ, പണിക്കര്‍ ദക്ഷിണ സ്വീകരിച്ചില്ല.
ഒരിടയ്ക്ക് കലഹം അധികരിച്ച് ഒരാഴ്ചയോളം ഒന്നും മിണ്ടാതെ ഒരേ വീട്ടില്‍ കഴിഞ്ഞപ്പോള്‍ ബന്ധത്തിന്റെ കെട്ടഴിക്കലിനെക്കുറിച്ച് വരെ ആലോചിച്ചു. അപ്പോഴേക്കും വല്ലഭി അമ്മയാകാനുള്ള തകുതി നേടിക്കഴിഞ്ഞിരുന്നു. തന്നില്‍നിന്ന് മുള പൊട്ടിയ വിത്ത് വല്ലഭിയുടെ വയറ്റില്‍ അനക്കം വെച്ചു തുടങ്ങി എന്നറിഞ്ഞപ്പോള്‍ ആ ചിന്ത ഉപേക്ഷിച്ചു. വിധി എന്നു വിശ്വസിച്ച് ഇക്കാലമത്രയും ജീവിച്ചു. ഇപ്പോഴും ജീവിക്കുന്നു.
വ്യാഴക്ഷേത്രമായ ആലങ്കുടിയിലേക്കുള്ള യാത്രാമധ്യേ ആല്‍ത്തറയില്‍ നില്ക്കുന്ന ഒരു പുരാതന ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ഗുരുനാഥന് രാമശേഷനരികില്‍ വന്നു.
”വരൂ…മധ്യമരജ്ജുവില്‍ വിവാഹിതരായവര്‍ പ്രായശ്ചിത്തം ചെയ്യുന്ന കോവിലാണ്…”
ഗുരുനാഥന് തന്റെ എല്ലാമറിയാം. കണ്ണീരിന്റെ ചൂട്, നെഞ്ചിലെ വിങ്ങല്‍… എല്ലാം…”
മകീര്യം, ചിത്തിര നക്ഷത്രങ്ങളില്‍ വിവാഹിതരായ ദേവനും ദേവിയുമാണ് കോവിലിലെ പ്രതിഷ്ഠ. രണ്ടുപേര്‍ക്കും രണ്ടു സന്നിധികള്‍. പരസ്പര ദൃഷ്ടിയില്ലാത്ത രീതിയിലാണ് സ്ഥാനനിശ്ചയം. തമ്മില്‍ ആകര്‍ഷണം തോന്നി തിരുമണം ചെയ്തെങ്കിലും പിന്നീട് ദുരിതജീവിതം നയിച്ച ദമ്പതികള്‍… മരണം വരെയും അവര്‍ വെവ്വേറെ വീടുകളില്‍ കഴിഞ്ഞു. പക്ഷേ, വേര്‍പെട്ടില്ല. അതുകൊണ്ടാണ് ഒരേ കോവിലില്‍ രണ്ടു സ്ഥാനങ്ങള്‍… ദേവിക്ക് ചുവന്ന പട്ടും ദേവന് വെളുത്ത മുണ്ടുമാണ് വഴിപാടുകള്‍…
മധ്യമരജ്ജു നക്ഷത്രങ്ങളില്‍ വിവാഹിതരായവര്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാട് കഴിച്ചാല്‍ നിലവിലുള്ള കഷ്ടങ്ങള്‍ മാറി ദാമ്പത്യശാന്തി കൈവരും എന്നു വിശ്വാസം.
ബസ്സില്‍നിന്നും രാമശേഷന് മാത്രമേ ഇറങ്ങിയുള്ളൂ. വിറയ്ക്കുന്ന ദേഹത്തോടെ അയാള്‍ കൈകൂപ്പി നില്‍ക്കുന്നത് ബസ്സിലിരുന്നുകൊണ്ട് ശാരിക ശ്രദ്ധിച്ചു. രാമശേഷന് ഒരര്‍ത്ഥത്തില്‍ തന്നോടടുപ്പം തോന്നാന്‍ കാരണം വല്ലഭിയോടുള്ള ആകര്‍ഷണക്കുറവല്ലേ? അതിനുകാരണം മധ്യമരജ്ജു നക്ഷത്രത്തിലുള്ള വിവാഹമല്ലേ?
”ശനിക്ഷേത്രം കഴിഞ്ഞതും വ്യാഴക്ഷേത്രം തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്നറിയാമോ?”
ഗുരുനാഥന് അങ്ങനെ തീരുമാനിച്ചതില്‍ എന്തെങ്കിലും കാര്യമുണ്ടാവുമെന്ന് ശിഷ്യര്‍ക്കറിയാമായിരുന്നു.
”വ്യാഴമാണ് ഗ്രഹങ്ങളുടെ ഗ്രഹം…ബൃഹസ്പതി…ഏറ്റവും വലിയ ശുഭഗ്രഹവും ബ്രാഹ്മണ ഗ്രഹവും…വ്യാഴം പ്രസാദിച്ചാല്‍ സകല ദോഷങ്ങള്‍ക്കും പരിഹാരമാണ്…”
രാശിചക്രത്തില്‍ ശനി കഴിഞ്ഞാല്‍ ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഗ്രഹവും വ്യാഴം തന്നെ. ഗുരു എന്നും ഒരു പര്യായം. പഴയ ദൈവജ്ഞന്മാര് പ്രശ്നഫലം ചിന്തിക്കുമ്പോള്‍ വ്യാഴം ദുസ്ഥാനങ്ങളില്‍ നിന്നാല്‍ ‘ഭഗവാന് മറഞ്ഞു’ എന്നാണ് പറയാറ്.
”വ്യാഴം രാശി മാറുന്ന ദിവസം ഇവിടേയും ലക്ഷങ്ങള്‍ തടിച്ചുകൂടും…”
ക്ഷേത്രഗോപുരത്തെ നോക്കി ഗുരുനാഥന് കൈകൂപ്പി.
കരച്ചില് തടയാന്‍ പാടുപെട്ട് മുന്നിലിരിക്കുന്ന അമ്മയോട് രാമശേഷന് പറഞ്ഞു.
”മകന്റെ ഇഷ്ടം ഇതാണെങ്കില്‍ നടക്കട്ടെ… നിങ്ങള്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യും എന്നല്ലേ അവന് പറയണേ…”
”അതെ സ്വാമി…”
”പിന്നെ എതിര്‍ക്കുന്നതില്‍ എന്തര്‍ത്ഥം? അവന് ക്ഷണിച്ചുവരുത്തിയ അവന്റെ വിധി… അതിന്റെ നല്ലതും ചീത്തയും അനുഭവിക്കാന്‍ അവന് ബാധ്യസ്ഥനാണ്…”
ഈ ചെറുപ്പക്കാര്‍ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നൊരാശ്വാസമെങ്കിലുമുണ്ട്. താനോ?
”ആകെയുള്ള മകനാണ് സ്വാമി…”
അവരെഴുന്നേറ്റു.
അവര്‍ നീട്ടിയ ദക്ഷിണയില്‍ വെറ്റിലയും അടയ്ക്കയും മാത്രം രാമശേഷന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: