ഭൂപരിഷ്കരണത്തിന്റെ പിടിയില്‍ അമര്‍ന്ന് ക്ഷേത്ര സംസ്കാരം തകര്‍ന്നടിഞ്ഞിരുന്ന കാലം. അതുമാത്രം ജപിച്ചിരുന്നാല്‍ അഷ്ടിക്ക് വകയുണ്ടാവില്ലെന്ന് സൂക്ഷ്മമായ കാലം. എന്നിട്ടും വേദം പഠിക്കാനും അതിനെ സംരക്ഷിക്കുവാനും മുതിര്‍ന്ന കുട്ടികളും കാരണവന്മാരും വന്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഋഷിമാരുടേയും പിതൃക്കളുടേയും ഗുരുക്കന്മാരുടേയും ശക്തമായ പ്രാര്‍ത്ഥനയാല്‍ വേദം നിലനിന്നു. കാഞ്ചി ആചാര്യന് ജയേന്ദ്ര സരസ്വതി സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഇരിങ്ങാലക്കുടയില്‍ യജുര്‍വ്വേദ പാഠശാല ആരംഭിച്ചു.
സംന്യാസിവര്യന്‍ തുടങ്ങിയ പാഠശാലയില്‍ പില്ക്കാലത്ത് സംന്യാസിയായ കൂറ്റമ്പിള്ളിയാണ് ആദ്യ അദ്ധ്യാപകന്. അവിടെ അഞ്ചു വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ വന്നെത്തി. അതില്‍ ഒരാളാണ് ആമല്ലൂര്‍ നാരായണന് നമ്പൂതിരി എന്ന എ.ടി.എന്‍. ആറാം ക്ലാസില്‍ പഠിക്കവേയാണ് അക്കാദമിക് വിദ്യാഭ്യാസം നിര്‍ത്തി ഗുരുകുല വിദ്യാഭ്യാസത്തില്‍ വേദം പഠിക്കുവാന്‍ തുടങ്ങിയത്. കേട്ടവര്‍ മൂക്കത്ത് വിരല്‍വച്ച് പുച്ഛിച്ചു. ഇത് പഠിച്ചിരുന്നാല്‍ അന്നം കിട്ടില്ലെന്ന് കുറ്റപ്പെടുത്തി.
അഞ്ചു വിദ്യാര്‍ത്ഥികളായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് അത് മൂന്ന് പേരായി ചുരുങ്ങി. പന്തല്‍ വൈദികന് ദാമോദരന്‍ നമ്പൂതിരി, തോട്ടം കൃഷ്ണന് നമ്പൂതിരി എന്നിവര്‍ വേദാധ്യാപകരായിരുന്നു. ചെങ്ങമനാട് ദാമോദരന്‍ നമ്പ്യാര്‍, അക്കര ചിറ്റൂര്‍ മാധവന് നമ്പൂതിരി എന്നിവര്‍ സംസ്കൃതവും പഠിപ്പിച്ചു. ഒരു പന്തീരാണ്ടു നിന്ന വേദ പഠനത്താല്‍ യജുര്വ്വേദത്തെപ്പറ്റി സാമാന്യ അവഗാഹം ലഭിച്ചു. അന്യം നിന്ന് പോകുമായിരുന്ന യജുര്‍വ്വേദ പഠനത്തിന് കാഞ്ചി സ്വാമികളാണ് കേരളത്തില്‍ തുടക്കം കുറിച്ചത്. 1972ല്‍ തുടങ്ങിയ സ്ഥാപനത്തിന് കാഞ്ചി മഠത്തില്‍ നി്ന്ന് സഹായവും കേന്ദ്രഗവണ്മെന്റിന്റെ ഗ്രാന്റും ഉദാരമതികളുടെ സഹായവും ലഭിച്ചു. കിരാങ്ങാട്ട് നാരായണന് നമ്പൂതിരിപ്പാട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രി തരണനല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാട്, കൈമുക്ക് വൈദികന് പരമേശ്വരന് നമ്പൂതിരി, ആമല്ലൂര്‍ ത്രിവിക്രമന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ ആദ്യകാല സാരഥികളായിരുന്നു. 1989 മുതല്‍ 2017 വരെ ഈ വേദ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു എ.ടി.എന്‍. യജുര്വ്വേദത്തിനെ അടുത്തറിയാവുന്ന വിധത്തില്‍ 30 വിദ്യാര്‍ത്ഥികളെ ഇരിങ്ങാലക്കുടയിലെ ഈ സ്ഥാപനം വളര്‍ത്തിയെടുത്തു.
നീലേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ ഇവിടെ സ്വാധ്യായം ചെയ്തു. എ.ടി.എന്റെ ഉത്സാഹത്താല്‍ യജുര്‍വ്വേദ ലക്ഷാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. അതിരുദ്രം, മഹാരുദ്രം, ഓത്തൂട്ട് എന്നിവ തിരികെയെത്തി. അതിനെല്ലാം ഇദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല. യജുര്‍വ്വേദത്തിലെ പണ്ഡിതന്മാരെ ഇരിങ്ങാലക്കുട, പെരുവനം, തളിപ്പറമ്പ് എന്നിങ്ങനെ മൂന്നായി വിഭജിച്ചിരുന്നു. ഇവര്‍ കിടമത്സരങ്ങളും പുലര്‍ത്തിയിരുന്നു. അതെല്ലാം അവസാനിപ്പിച്ച് എല്ലാ പക്ഷക്കാരും ഒരേ പന്തിയിലിരുന്ന് വേദം ചൊല്ലാറാക്കിയതിന് പിന്നില്‍ എ.ടി.എന്റെ ശ്രമവും ചെറുതല്ല. അതിന് കാരണം നല്ല സ്വയം സേവകത്വം ഇദ്ദേഹത്തില്‍ ഇടം പിടിച്ചിരുന്നതാണ്.
അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് തളിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയ്ക്ക് എ.ടി.എന്നും സംഘവും ചെന്നിരുന്നു. അവിടുത്തെ പ്രധാനിയായിരുന്ന രാധാകൃഷ്ണന് ഏറാടിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്വര്‍ഗ്ഗീയ മാധവ്ജിയുമായുണ്ടായ സമ്പര്‍ക്കത്താലാണ് എ.ടി.എന്‍. സ്വയം സേവകനായി മാറിയത്. 1980 ല്‍ ഇരുപതാം വയസ്സില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പാമ്പുംമേക്കാട് ശ്രീധരന് നമ്പൂതിരി, പള്ളത്തേരി നാരായണന് നമ്പൂതിരി എന്നിവര്‍ എ.ടി.എന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരാണ്. കെ.ജി. മാരാര്‍ജിയുടെ സ്വദേശമായ നാറാത്ത് അമ്പലത്തില്‍ വേദലക്ഷാര്ച്ചനയുമായി ചെല്ലുന്ന അവസരത്തിലാണ് അദ്ദേഹവുമായി അടുത്തത്. അതായിരുന്നു ബി.ജെ.പി പ്രവേശനത്തിലേക്കുള്ള വാതില്‍. 1982 മുതല്‍ 1995 വരെ ഇരിങ്ങാലക്കുടയിലെ ജന്മഭൂമി ലേഖകനായിരുന്നു ഇദ്ദേഹം. വേദവുമായി ഭാരതം മുഴുവന്‍ സഞ്ചരിച്ച എ.ടി.എന്‍. അറുപതിന്റെ നിറവിലെത്തി. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ഇദ്ദേഹം എം.എ. വിദ്യാര്‍ത്ഥികള്‍ക്ക് വേദത്തെപ്പറ്റി ക്ലാസ് എടുത്തിരുന്നു.
വേദം അമൂല്യമാണ്. മുന്‍കാലത്ത് വന്ന മൂല്യച്യുതിക്ക് ശേഷം കരകയറിവന്നത് കാലത്തിന്റെ തിളക്കമാണ്. ഇത് ഋഷിമാര്‍ തപശ്ശക്തിയിലൂടെ മിനുക്കിയെടുത്തതാണ്. ഇതിനെയെല്ലാം പരമപുച്ഛത്തോടെ തള്ളുകയും എതിര്‍ക്കുകയും ചെയ്തിരുന്ന വലിയ സംഘം ഇന്ന് അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. അതാണ് ഭാരതത്തിന്റെ പാരമ്പര്യവും തപശ്ശക്തിയും. വേദത്തിന് വേണ്ടി ഒരു ജന്മം സമര്‍പ്പിച്ച എ.ടി.നാരായണന് നമ്പൂതിരിക്ക് മന്ത്രാഭിവാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: