മലയാള ഗാനശാഖയെ താരാട്ടു പാടിയുറക്കുകയും ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത പ്രതിഭാശാലിയാണ് അഭയദേവ്. ഹിന്ദി ട്യൂണുകളുടെ നിഴലും നിലാവുമായി ഒതുങ്ങിക്കൂടിയിരുന്ന ഈ രംഗത്ത് തനതു സംഗീതത്തിന്റെ വസന്തം കൊണ്ടുവന്നതും അഭയദേവായിരുന്നു. ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ…(ജീവിതനൗക), കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപൊന്നുമകനേ…(സ്നേഹസീമ), പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ…(സീത) തുടങ്ങി മലയാളി എന്നും മനസ്സില്‍ വച്ചോമനിക്കുന്ന എത്രയോ ഗാനങ്ങള്‍ അഭയദേവിന്റേതായിട്ടുണ്ട്. അമ്പതിലധികം ചലച്ചിത്രങ്ങള്‍ക്കായി നാനൂറിലേറെ ഗാനങ്ങള്‍ രചിച്ച ഈ അതുല്യപ്രതിഭ കലാപ്രവാഹത്തില് വിസ്മൃതിയില്‍ അമര്‍ന്നു. പുതിയ തലമുറയ്ക്ക് അഭയദേവിന്റെ പേര് അന്യമാണ്. അഭയദേവിന് രണ്ടാം ജന്മം നല്‍കുകയാണ് ‘ദേവപ്രഭ’ എന്ന കൃതിയിലൂടെ അനില്‍ കെ. നമ്പ്യാര്‍.
ഏഴ് അദ്ധ്യായങ്ങളിലായി ഇരുന്നൂറില്‍പ്പരം പേജുകളിലൂടെ ഒരു സമ്പൂര്‍ണജീവിതത്തിന്റെ രേഖാചിത്രം ആവിഷ്കരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും ഗാനരചയിതാവും കവിയും വിവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനും മറ്റുമായ ഒരു സര്ഗ്ഗധനനെയാണ് അനില്‍ അവതരിപ്പിക്കുന്നത്. ദേശഭക്തിഗാനം എഴുതിക്കൊണ്ടായിരുന്നു അഭയദേവ് രംഗത്തേക്ക് വന്നത്. ആരോ ചിട്ടപ്പെടുത്തിയ ഈണത്തിനൊത്ത് വരികള്‍ ചമയ്ക്കാന്‍ വിധിക്കപ്പെട്ട പുതിയ ഗാനരചയിതാക്കള്‍ക്ക് അപ്രാപ്യവും അവിശ്വസനീയവും ആയ ആകാശങ്ങളിലായിരുന്നു അഭയദേവ് സഞ്ചരിച്ചിരുന്നത്.
‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിയ ഒരു അനുഭവം ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട്. മറ്റാരുടെയോ അഭിപ്രായം കേട്ട് വരികള്‍ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ട നിര്‍മാതാവിനോട് അത് സാധ്യമല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം അഭയദേവ് കാണിച്ചു. വൈക്കം ക്ഷേത്രപരിസരത്തുള്ള ഒരു ചായപ്പീടികയുടെ ചായ്പിലെ ബെഞ്ചില്‍ ‘ഗ’ പോലെ വളഞ്ഞുതിരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന ദക്ഷിണാമൂര്‍ത്തിയെ ചലച്ചിത്രലോകത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന രംഗവും ഹൃദയസ്പര്‍ശിയാണ്. പുതിയ ഗാനമെഴുത്തുകാര്ക്ക് സ്വീകരിക്കാവുന്ന ഒരുപാട് സദ്ഗുണങ്ങള്‍ അഭയദേവിനുണ്ടായിരുന്നു. 1995-ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം അഭയദേവിന് തന്നെയായിരുന്നു.
മലയാളഗാന ശാഖയുടെ പഠിതാക്കള്‍ക്കും വരാനിരിക്കുന്ന ഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്. ഇതിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമകരമായ അന്വേഷണത്തിലൂടെ തീര്‍ച്ചയായും അനില്‍ കടന്നുപോയിരിക്കണം. പ്രക്ഷേപണ-സംപ്രേഷണ രംഗത്തും അച്ചടിമീഡിയയിലും രണ്ടു ദശാബ്ദത്തിലേറെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ മാധ്യമപ്രവര്‍ത്തകന്റെ പരിചയ സമ്പത്ത് കൃതിയുടെ ശില്പഘടനയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ട്. അഭയദേവിനൊപ്പം മലയാള സിനിമയുടെ ഒരു കാലഘട്ടവും വായനക്കാരന്റെ മനസ്സില്‍ മിഴിവോടെ നിറയുകയാണ്.
എം. കുഞ്ചാക്കോ, കെ.വി. കോശി, തിക്കുറിശ്ശി, വി. ദക്ഷിണാമൂര്‍ത്തി, സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞുഭാഗവതര്‍, ഓച്ചിറ വേലുക്കുട്ടി, മുതുകുളം രാഘവന്‍പിള്ള, എം.പി. മന്മഥന്, പി.ജെ. ചെറിയാന്, വൈക്കം മണി, മിസ്. കുമാരി തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള പല ആദ്യകാല പ്രതിഭകളെയും പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: