തിരുവനന്തപുരം: വിവാദമായ എച്ച്ഡിഎഫ്‌സി വായ്‌പാ തട്ടിപ്പില്‍ മറ്റൊരു ബാങ്കിന്റെ വനിതാ മാനേജരും കുടുങ്ങും. മാരാരിക്കുളത്തെ സ്വകാര്യ ബാങ്ക് മാനേജരായ സരിതയ്‌ക്കതിരെ നടപടി ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് എസ്പിയുടെ റിപ്പോര്‍ട്ട് നല്‍കി.
തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ട ഭര്‍തൃ സഹോദരനെയും അടുത്ത സുഹൃത്തിനേയും രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ സരിതയ്‌ക്കതിരെ കൂടുതല്‍ അന്വേഷണവും നടപടിയും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വ്യാജ വിലാസം നല്‍കി പാലാരിവട്ടം എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്‌പ എടുത്ത യുവ വ്യവസായി പി.സി. ഷക്കീലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഷക്കീലിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ചിലരുമായുള്ള ബന്ധങ്ങളും തുടരെയുള്ള ശ്രീലങ്കന്‍ യാത്രകളും ദുരൂഹതയുയര്‍ത്തിയിരുന്നു. ഇയാള്‍ക്ക് വായ്‌പാ തട്ടിപ്പിന് സഹായമൊരുക്കിയെന്ന പരാതിയിലാണ് ബന്ധുവായ വനിതാ മാനേജര്‍ക്കെതിരെ അന്വേഷണം നടന്നത്. ചാവക്കാട് സ്വദേശി ഷഫീക്കിന്റെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ ടി.ബി വിജയനെതിരെ സരിത, ഐജി എസ്. ശ്രീജിത്തിന് പരാതി നല്‍കി. പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യുവാണ് സരിതക്കെതിരായ അന്വേഷണത്തില്‍ തെറ്റില്ലെന്നും നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ട് നല്‍കിയത്.
സരിതയെകുറിച്ച് പരാതിയിലും മൊഴിയിലും പരാമര്‍ശമുണ്ടെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തിയതില്‍ ഒരു അപാകതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണവും നടപടിയും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യപ്രതി ഷക്കീലിന്റെ ഹൈക്കോടതിയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം കൊടുത്ത സത്യവാങ്മൂലത്തില്‍ 23 ലക്ഷം നല്‍കാനുണ്ടെന്ന് സമ്മതിച്ചതിന്റെ വെളിച്ചത്തില്‍ ഹൈക്കോടതി മധ്യസ്ഥതയ്‌ക്ക് വിടുകയും ഇടക്കാല ജാമ്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മധ്യസ്ഥത തൃപ്തികരമല്ലാത്തതിനാല്‍ ജാമ്യം റദ്ദ് ചെയ്തു.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുന്നോടിയായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബൈജു പൗലോസ് ആണ് കേസ് അന്വേഷിക്കുന്നത്.
















