ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്ന ദിവസം, മുഖപത്രത്തില്‍ പിണറായി വിജയനും സര്‍ക്കാരിനും പ്രതിരോധം തീര്‍ത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട പോലും ഹൈജാക്ക് ചെയ്യുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ചത് ശബരിമല വിഷയത്തിലടക്കം ആരോപണങ്ങള്‍ ഉയരാതെ പിണറായി വിജയനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.
മുന്‍ കാലങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും ചേര്‍ന്നതിന് ശേഷമാണ് യോഗ തീരുമാനങ്ങളെ കുറിച്ച് മുഖപത്രത്തില്‍ സെക്രട്ടറിയുടെ ലേഖനം പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാല്‍ ഇക്കുറി പിണറായി വിജയനെ പൂര്‍ണമായും പിന്തുണച്ച് യോഗത്തിന് മുന്‍പ് തന്നെ ലേഖനം വന്നത് പാര്‍ട്ടി നേതൃത്വം സ്തുതിപാഠകരായി അധഃപതിച്ചതിന്റെ തെളിവാണെന്നുമാണ് ആക്ഷേപം. ഇതോടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തന്നെ അപ്രസക്തമായി. യോഗ തീരുമാനം എന്തായിരിക്കുമെന്ന് യോഗത്തിന് മുന്‍പ് തന്നെ സെക്രട്ടറി മുന്‍കൂര്‍ വെളിവാക്കി.
ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായില്ലെന്നും, മതന്യൂന പക്ഷങ്ങളുടെ മോദി പേടിയും, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് ലേഖനത്തില്‍ കോടിയേരി വെളിപ്പെടുത്തുന്നത്. മാധ്യമങ്ങള്‍ക്കും വിമര്‍ശനം ഉണ്ട്.
മോദിപ്പേടി കാരണം കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണം വരട്ടെ എന്ന ബോധം സുനാമി കണക്ക് അലയടിച്ചുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഈ പ്രവണതയ്‌ക്ക് ശക്തി പകരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായാണ് വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി ചാഞ്ഞത്. യുഡിഎഫ് വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനോട് ചായ്വ് കാട്ടുക എന്നത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ആ സ്വഭാവത്തിനൊപ്പം മോദിപ്പേടികൂടി കടന്നുവന്നു.
ജനവിധിയെ നിര്‍ണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്‍ഡിഎഫിനെപ്പറ്റി വിശ്വാസികളില്‍ ഒരുവിഭാഗത്തില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.. തുടങ്ങിയവയാണ് ലേഖനത്തിലെ പരാമര്‍ശങ്ങള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന ഭരണത്തോടുള്ള അതൃപ്തിയായി കാണുന്നില്ലെന്നും കോടിയേരി അസന്നിഗ്ധമായി വ്യക്തമാക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിലപാടുകള്‍ക്കെതിരെ ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാന സമിതിയില്‍ ഒരു ശബ്ദവും ഉയരില്ല.
















