കോട്ടയം: സ്ത്രീകളെ വശീകരിച്ച് കെണിയില്‍പ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ പ്രദീഷ് കുമാര്‍ (ഹരി -25) ആണ് അറസ്റ്റിലായത്. ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്‍പതോളം സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ടതായിട്ടാണ് വിവരം.
താല്പര്യം തോന്നുന്ന സ്ത്രീകളെ യാദൃച്ഛികമായി എന്നവണ്ണം പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ കരസ്ഥമാക്കും. പിന്നീട് അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ മനസ്സിലാക്കും. അതിനുശേഷം അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടെന്നു സ്ഥാപിക്കാനായി സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയച്ചു നല്‍കും.
തന്റെ ഭര്‍ത്താവ് ഫേസ്ബുക്കിലൂടെ പരസ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്നവര്‍ ഭര്‍ത്താവുമായി അകലുകയും ഇയാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഈ അവസ്ഥ മുതലെടുത്ത് ഇയാള്‍ വീഡിയോ ചാറ്റിനു സ്ത്രീകളെ ക്ഷണിക്കുകയും ഫോട്ടോകള്‍ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് നഗ്‌ന ഫോട്ടോകള്‍ ആക്കും. അതോടെ ഭീഷണിയുടെ വഴിയിലേക്ക് തിരിയുന്ന ഇയാള്‍ പിന്നീട് ഈ ഫോട്ടോ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണി മുഴക്കും. 2021നു മുമ്പ് ഇരകളുടെ എണ്ണം നൂറു തികയ്‌ക്കണമെന്ന് ഇയാള്‍ ആഗ്രഹം പറഞ്ഞിരുന്നതത്രേ. ഇരകള്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാന്‍ ഓരോരുത്തര്‍ക്കും പ്രത്യേക കോഡ് നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
മാനസികമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇരകളെ കെണിയില്‍പ്പെടുത്തിയത്. എപ്പോള്‍ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തിയിരിക്കണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. ഭര്‍ത്താവുമായി ഒന്നിച്ച് എവിടെയും പോകാന്‍ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോണ്‍ എടുത്തിരിക്കണം. വാട്‌സ് ആപ് അയക്കുന്ന മെസ്സേജുകള്‍ക്ക് ഉടന്‍ തന്നെ മറുപടി അയക്കണം തുടങ്ങിയ നിബന്ധനകള്‍ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
ഇരകള്‍ സഞ്ചരിക്കുന്ന വഴികളില്‍ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയില്‍ തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ ഒക്കെ വീട്ടമ്മമാരെ കയറ്റിക്കൊണ്ടു പോകാറുണ്ടായിരുന്നു. അരീപ്പറമ്പിലുള്ള ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇയാള്‍ പലപ്പോഴും ഇത്തരത്തില്‍ വീട്ടമ്മമാരെ കൊണ്ടുവരാറുണ്ടെന്ന് വിവരവും പോലീസിന് ലഭിച്ചു. ലാപ്‌ടോപ്പില്‍ ഇയാളുമായി അടുപ്പമുള്ള നിരവധി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും കണ്ടെടുത്തു.
















