മൂന്നില്‍ രണ്ട് ഭൂരിപ ക്ഷം നേടി വിജയിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട് എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്. പതിനാറാം ലോക്സഭയിലെന്നതുപോലെ ഇക്കുറിയും ഔദ്യോഗിക പ്രതിപക്ഷമാകാന്‍ അവര്‍ക്കാകില്ല. 52 സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. 55 സീറ്റെങ്കിലും വേണം ഔദ്യോഗിക പ്രതിപക്ഷമാകാന്‍. തോല്‍വി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനാവുന്നില്ല. തോല്‍വിയില്‍ മനം നൊന്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പദവി ഒഴിയാന്‍ ഉറച്ചുനില്‍ക്കുകയാണ്.
ഞാന്‍ മടുത്തു. എനിക്ക് പകരം മറ്റൊരാള്‍ വരട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. ”അയ്യോ അച്ചാ പോകല്ലെ” എന്നാവര്‍ത്തിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ഇന്നലെ അവര്‍ രാജ്യവ്യാപകമായി പ്രകടനം നടത്തി. ആവശ്യം ഒന്നുമാത്രം. രാഹുല്‍ രാജി വയ്ക്കരുത്. കോണ്‍ഗ്രസിനെ തകര്‍ക്കരുത്. 134 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ രൂപം നല്കിയ കോണ്‍ഗ്രസ് വെള്ളക്കാരുടെ രക്തം പേറുന്ന കോണ്‍ഗ്രസ് നേതൃത്വം ഉദകക്രിയ നടത്താന്‍ ഒരുങ്ങിനില്‍ക്കുകയാണ്. അതിനെ മറി കടക്കാന്‍ എന്തിനാണോവോ കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുന്നത്.
കോണ്‍ഗ്രസിന്റെ ദൗത്യം പൂര്‍ത്തിയായി. അത് പിരിച്ചുവിടണം എന്ന് ഗാന്ധിജി ആഗ്രഹിച്ചതാണ്. അതിന് നെഹ്റു തയാറായില്ല. രാജ്യം വെട്ടിമുറിച്ചാലും അധികാരത്തില്‍ തുടരാനുള്ള നെഹ്റുവിന്റെ ആര്‍ത്തിയാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തിയത്. അതിന് പരമാവധിയായി നെഹ്റു കുടുംബത്തില്‍ നിന്നും ആരും കോണ്‍ഗ്രസിന്റെ തലപ്പത്ത് വേണ്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. രാഹുല്‍ ഉള്‍പ്പെടെ, അതാണ് ശരിയായ ചിന്ത. ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്രയും കാലം നിലനിന്നത്. നെഹ്റു കുടുംബ പാരമ്പര്യം പറഞ്ഞെങ്കില്‍ എത്രയും കാലം മുമ്പെ കോണ്‍ഗ്രസ് നിലംപരിശായേനെ.
ആരാണ് സാര്‍ ഗാന്ധി കുടുംബം. ഗാന്ധിജിയും ഇന്ദിരയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയഗാന്ധി, രാഹുല്‍ഗാന്ധി, വ്യാജന്മാരുടെ വ്യാപാരം കൊയ്തത് അധികാരസ്ഥാനങ്ങളേറെ. കള്ളവ്യാപാരത്തിന് എപ്പോഴെങ്കിലും അന്ത്യമുണ്ടാകുമല്ലോ. ഇപ്പോള്‍ സമയമെത്തി.
കോണ്‍ഗ്രസ് പാരമ്പര്യമോ കുടുംബ മാഹാത്മ്യമോ ഇല്ലാത്ത രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നേരത്തെ ഈ ഗണത്തില്‍ മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അടല്‍ ബിഹാരി വാജ്പേയി. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ സത്യപ്രതിജ്ഞയാണ് ഇന്നലെ നടന്നത്. ഒന്‍പത് രാഷ്ട്രത്തലവന്മാരും മുഖ്യമന്ത്രിമാരും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്മാരുമടക്കമുള്ള 8000 പേരെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ അഞ്ചുവര്‍ഷം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതിനെ നന്ദിപൂര്‍വം സ്മരിച്ചുകൊണ്ടാണ് ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോയത്. ഒന്നോ രണ്ടോ പ്രധാന സംസ്ഥാനങ്ങളൊഴിച്ച് ജനങ്ങള്‍ കൂട്ടമായി താമര ചിഹ്നത്തില്‍ വോട്ടുചെയ്തു. 303 സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ 22 കോടി വോട്ടര്‍ താമര ചിഹ്നത്തില്‍ വിശ്വാസം അര്‍പ്പിച്ചു. ഭരണകക്ഷിയെ ഇത്രയും പേര് അംഗീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ ഇത് പുതുചരിത്രമാണ്. ഇതിന്റെ പകുതി വോട്ടുപോലും രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിക്ക് ലഭിച്ചില്ലെന്ന് ഓര്‍ക്കണം.
ജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. 1984 മുതല്‍ രണ്ട് സീറ്റില്‍ മാത്രം ഒതുങ്ങിയ പാര്‍ട്ടിയാണ് ബിജെപി. അന്നും ബിജെപിക്ക് ഏഴ് ശതമാനം വോട്ട് ലഭിച്ചു. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയായിരുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കറകളഞ്ഞ ദേശീയ ബോധവും സര്‍വോപരി ജനക്ഷേമ തല്പരതയുമാണ് ബിജെപിയെ ഒന്നാമതെത്തിച്ചത്. ജനങ്ങളര്‍പ്പിച്ച വിശ്വാസം തിരിച്ചു നല്‍കുകയാണ് ഇന്നത്തെ കര്‍ത്തവ്യം.
കഴിഞ്ഞ അഞ്ചുവര്‍ഷം അടിസ്ഥാനവര്‍ഗത്തെ ലക്ഷ്യമിട്ട പ്രവര്‍ത്തനമാണ് നടത്തിയത്. നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയും ആരോടും പ്രീണനമോ പീഡനമോ ഇല്ലാതെ ഭരണം മുന്നോട്ടുകൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. പുതു ഇന്ത്യയുടെ സങ്കല്പ പത്രം എന്നാണ് ബിജെപിയുടെ പ്രകടന പത്രികയെ വിശേഷിപ്പിച്ചിരുന്നത്.
യുവാക്കളേയും കര്‍ഷകരേയും ഉള്‍പ്പെടെ പരിഗണിച്ച് ആരോഗ്യത്തിനും വികസനത്തിനും മുന്‍ഗണന നല്കുന്ന സങ്കല്പ് പത്ര സമഗ്രമേഖലയേയും പരാമര്‍ശിക്കുന്നു. സ്വതന്ത്രഭാരതം 2022ല്‍ എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോള്‍ പിന്നിടാന്‍ ഉദ്ദേശിക്കുന്ന എഴുപത്തഞ്ച് വികസനപ്പടവുകള്‍ എണ്ണി പറയുന്ന പ്രകടനപത്രിക പുതിയ ഇന്ത്യയുടെ മാനിഫെസ്റ്റോ ആണ്.ഇത് വെറും വാഗ്ദാനങ്ങളല്ല നിര്‍വ്വഹിക്കാന്‍ കഴിയുന്ന പദ്ധതികളാണ്. ഇത് അഞ്ചു വര്‍ഷത്തിനകം പ്രാവര്‍ത്തികമാക്കുമ്പോള്‍ അതാവും നവഭാരത സൃഷ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: