ദല്‍ഹി ദീനദയാല്‍ മാര്‍ഗ്ഗിലെ ബിജെപി ആസ്ഥാനത്തെ മൂന്നാം നിലയിലുള്ള കൈലാഷ് വിജയവര്‍ഗിയയുടെ ഓഫീസില്‍ തിരക്കൊഴിയുന്നില്ല. രാത്രി വൈകിയും സന്ദര്‍ശകര്‍ ഏറെയാണ്. ബംഗാളിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അഭിനന്ദിക്കാനെത്തുന്നവരാണ് ഭൂരിഭാഗവും. സംസ്ഥാനത്തെ നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തും ബൂത്ത് പിടിച്ചും തോല്പ്പിച്ചെന്ന പരാതി സ്ഥാനാര്‍ത്ഥികളായിരുന്ന ചിലര്‍ ഉന്നയിക്കുന്നുണ്ട്. ആശ്വസിപ്പിച്ചും ആവേശം പകര്‍ന്നും മധുരം നല്കി എല്ലാവരെയും പറഞ്ഞയയ്ക്കുന്നു അവരുടെ ‘ദാദ’.
ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കൈലാഷ് വിജയവര്‍ഗിയയെ 2015ലാണ് അമിത് ഷാ ബംഗാളിന്റെ ചുമതല ഏല്‍പ്പിച്ചത്. മധ്യപ്രദേശിലെ കരുത്തനായ നേതാവായിരുന്ന അദ്ദേഹത്തെ പ്രഭാരിയാക്കുമ്പോള് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഷായുടെ മനസ്സില്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമവും മമതാ ബാനര്‍ജിയുടെ അരാജക ഭരണവും നിറഞ്ഞുനിന്ന ബംഗാളില്‍ ഏകാധിപത്യത്തിന്റെ കോട്ടകള്‍ തകര്‍ത്ത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൈലാഷ് വിജയവര്‍ഗിയ ബിജെപിക്ക് വഴിയൊരുക്കി. 2014ല്‍ രണ്ട് എംപിമാരുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 18 സീറ്റുകള്‍. തൃണമൂലില്‍നിന്നുള്‍പ്പെടെ ബിജെപിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഒഴുകുന്നു. ഒരു കാലത്ത് ഇടത് കോട്ടയായിരുന്ന ബംഗാളിലെ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു.
? അഞ്ച് വര്‍ഷം മുന്‍പ് വരെ ബിജെപിക്ക് ബംഗാളില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എങ്ങനെയാണ് ഇത്രയും വലിയ വിജയം നേടാന്‍ സാധിച്ചത്
2014ലെ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷാ ബംഗാള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് ബംഗാളില്‍ കാണുന്നത്. 10-15 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടാനാകുമെന്നാണ് ചുമതല ലഭിച്ചപ്പോള്‍ ഞാന്‍ കരുതിയത്. എന്നാല്‍ അമിത് ഷായുടെ നേതൃത്വവും മോദിയുടെ ജനപ്രീതിയും നാല് വര്‍ഷത്തിനുള്ളില്‍ വിജയത്തിലെത്തിച്ചു. എല്ലാ പ്രവര്‍ത്തനത്തിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചു. സംഘടന ശക്തിപ്പെടുത്താനും ബൂത്ത് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും സാധിച്ചു. 70 ശതമാനം ബൂത്തുകളിലും ഇപ്പോള്‍ ബിജെപിക്ക് പ്രവര്‍ത്തനമുണ്ട്. നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. തൃണമൂലിന്റെ അക്രമങ്ങളെ ഭയക്കാതെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാധാരണക്കാരുടെയും വിജയമാണിത്.
?ഇത്രയും സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നോ
തീര്‍ച്ചയായും. അക്രമം ഇല്ലായിരുന്നുവെങ്കില്‍ മുപ്പതിലേറെ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ തൃണമൂല്‍ അനുവദിച്ചില്ല. കള്ള വോട്ടും ബൂത്തുപിടിത്തവും നടന്നു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥികളും നേതാക്കളും ആക്രമിക്കപ്പെട്ടു. കേന്ദ്ര സേനയെ വിന്യസിച്ചതുള്‍പ്പെടെ നിരവധി നടപടികള്‍ ഇത്തവണ കൈക്കൊണ്ടെങ്കിലും പരിമിതിയുണ്ടായിരുന്നു. അക്രമം തുടരാന്‍ ഇനി മമതയ്ക്ക് സാധിക്കില്ല. തൃണമൂലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ബിജെപി വളരുന്നുണ്ട്.
?മോദി അനുകൂല തരംഗമാണോ മമതാ വിരുദ്ധ തരംഗമാണോ ബിജെപിയെ സഹായിച്ചത്
ബംഗാളില്‍ ഇത് രണ്ടുമുണ്ട്. വികസനവും രാജ്യസുരക്ഷയും ആഗ്രഹിക്കുന്നവര്‍ മോദിക്ക് വോട്ടു ചെയ്തു. തൃണമൂലിന്റെ അക്രമവും മമതയുടെ ഏകാധിപത്യവും എതിര്‍ക്കുന്നവരുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബംഗാളില്‍ രാഷ്ട്രീയമെന്നാല്‍ അക്രമമാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് ജനങ്ങള്‍ മമതയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ അവരുടെ പാതയാണ് മമത പിന്തുടരുന്നത്. നാല് വര്‍ഷത്തിനിടെ 102 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അതാണ് ബിജെപിക്ക് സീറ്റ് വര്‍ദ്ധിക്കാന്‍ കാരണം. ഇത്തവണ തൃണമൂലിന് വോട്ടു ചെയ്തവര്‍ പോലും അടുത്ത തവണ ബിജെപിക്കൊപ്പം നില്ക്കും.
?സിപിഎം വോട്ടുകള്‍ ലഭിച്ചിട്ടുണ്ടോ
മമതയ്ക്കെതിരായ എല്ലാ വോട്ടുകളും കിട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ വോട്ടുകള്‍ കുറയുകയാണ് ചെയ്തത്. അതിനര്‍ത്ഥം അവരുടെ വോട്ട് കിട്ടിയെന്നാണ്. തൃണമൂലിന്റേത് കുറഞ്ഞിട്ടില്ല. എല്ലാ വിഭാഗങ്ങള്‍ക്കും മമതയോടും ഭരണത്തോടും ദേഷ്യമുണ്ട്. യുവാക്കളും വികസനം ആഗ്രഹിക്കുന്നവരും മമതയെയും ഇടതിനെയും കൈവിട്ടു. ഇടതുപക്ഷത്തിന് ഇന്ന് ഒരിടത്തും പ്രസക്തിയില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ആത്മഹത്യാപരമാണ്.
?നാല്‍പ്പത് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മമതയുടെ ഭരണം പോകുമോ
മമത കാലാവധി പൂര്‍ത്തിയാക്കണം എന്നു തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യത കാണുന്നില്ല. ബിജെപി താഴെയിടില്ല. സ്വയം താഴെ വീഴും. എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് ബംഗാളില്‍. മമതയുടെ ഏകാധിപത്യ സ്വഭാവത്തില്‍ നേതാക്കളും എംഎല്‍എമാരും അതൃപ്തരാണ്. മരുമകന് പാര്‍ട്ടിയുടെ എല്ലാ അധികാരവും നല്‍കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഭരണം പോകുന്നതിന് മമത വേറെയാരെയും പഴിക്കേണ്ടതില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലെത്തും. അടുത്ത തെരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 221 സീറ്റുകളാണ് ലക്ഷ്യം
? ബിജെപി ഹിന്ദു ധ്രുവീകരണത്തെ കൂട്ടുപിടിച്ചെന്നാണ് മമതയുടെ ആരോപണം
വികസനമാണ് മോദിയുടെ മന്ത്രം. അതാണ് ഞങ്ങള്‍ പിന്തുടരുന്നത്. ആരുടെയും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി എതിരല്ല. മമതയുടെ മുസ്ലിം പ്രീണന നടപടികള്‍ ബംഗാളിലെ ഭൂരിപക്ഷ സമുദായത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മദ്രസകള്‍ക്കും മൗലവിമാര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കി. വര്‍ഗ്ഗീയ സംഘര്ഷങ്ങളിലുള്പ്പെട്ട മുസ്ലിം നേതാക്കളെ സംരക്ഷിച്ചു. ദുര്‍ഗ്ഗാ പൂജയും രാമനവമിയും ഉള്‍പ്പെടെയുള്ള ഹിന്ദു ആഘോഷങ്ങള്‍ നിരോധിച്ചു. ഇത്തരം നടപടികള്‍ സമൂഹത്തില്‍ വലിയ രോഷം ഉണ്ടാക്കി. ഇത് ബിജപിക്ക് അനുകൂലമായെന്നതും വസ്തുതയാണ്.
?മറ്റ് പാര്‍ട്ടികളില്‍നിന്നും വരുന്നവര്‍ക്ക് സീറ്റ് കൊടുക്കുന്നത് ആഭ്യന്തര പ്രശ്നം ഉണ്ടാക്കുന്നില്ലേ
തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും മാത്രമേയുള്ളു. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെയില്ല. ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും പത്തോ പന്ത്രണ്ടോ പേര് അര്‍ഹരാണ്. മൂന്ന് തവണ സര്‍വ്വെ നടത്തിയാണ് ഏറ്റവും വിജയ സാധ്യതയുള്ളയാളെ കണ്ടെത്തിയത്. പാര്‍ട്ടി വളരണമെങ്കില്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: