കടംവാങ്ങി ധൂര്‍ത്തടിക്കുക, കടത്തിന്റെ പലിശ കണ്ടെത്താന്‍ തെണ്ടുക, കേരളം കാലങ്ങളായി അനുവര്‍ത്തിക്കുന്ന സമീപനമാണിത്. ലോട്ടറി പണം സമ്പാദിക്കാന്‍ നല്ല മാര്‍ഗമാണെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ വഴിയില്‍ നീങ്ങി. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭയാണ് സര്‍ക്കാര്‍ ലോട്ടറി തുടങ്ങിയത്. തുടര്‍ന്ന് വന്ന അച്യുതമേനോന് സര്‍ക്കാരും അത് തുടര്‍ന്നു.
പണ്ട് കൊല്‍ക്കത്തയില്‍ ഒരു ലോട്ടറിയുണ്ടായിരുന്നു. കല്‍ക്കത്ത ഷോഡതി എന്നായിരുന്നു അതിന്റെ പേര്. അതുതന്നെയാകാം കേരളം മാതൃകയാക്കിയത്. ഒരു ദിവസംകൊണ്ട് ഒരാള്‍ ലക്ഷാധിപതിയാകുന്നത് സോഷ്യലിസത്തിന് എതിരല്ലെ എന്ന് മുഖ്യമന്ത്രി അച്യുതമേനോനോട് ഒരു കുസൃതിചോദ്യമുന്നയിച്ചിരുന്നു. ഉത്തരംപറയാന്‍ മേനോന് കുറച്ച് ആലോചിക്കേണ്ടിവന്നു. അദ്ദേഹം നല്കിയ മറുപടി ‘സോവ്യറ്റ് യൂണിയനിലും ലോട്ടറിയുണ്ട്’ എന്നാണ്. മോസ്കോയില്‍ മഴപെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് ആക്ഷേപിക്കപ്പെടുമ്പോഴായിരുന്നു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ വിചിത്രമായ മറുപടി.
കാലം ഏറെ മാറി. സോവിയറ്റ് യൂണിയന് തന്നെ തകര്‍ന്ന് തരിപ്പണമായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം സംഭരിക്കാന്‍ വേറിട്ട ഒരു രീതി പരിഗണിച്ചത് മറക്കാറായിട്ടില്ല. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ ജില്ലകള്‍ തോറും യേശുദാസിന്റെ ഗാനമേള നടത്തുകയുണ്ടായി. അതിനെതിരെ ഒരു മുദ്രാവാക്യമുയര്‍ന്നിരുന്നു. ‘പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍ പോരെ.’ പിണറായി വിജയന്റെ സര്‍ക്കാര്‍ ലോട്ടറികളുടെ വൈവിധ്യവല്‍ക്കരണം തന്നെയുണ്ടാക്കി. കൂടാതെ പണത്തിനായി ചിട്ടിയും തുടങ്ങുന്നു. എല്ലാം പ്രവാസികളെ പിഴിയലാണ്.
സംസ്ഥാനത്തിന്റെ സമ്പദ്ഘടന നിലനില്‍ക്കുന്നത് ഗള്‍ഫ് പണം കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാം. ഗള്‍ഫില്‍നിന്ന് പണംവരവ് നിന്നാല്‍ കേരളം തകര്‍ന്നടിയുമെന്ന് സര്‍വരും പറയുന്നു. പണം ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടുപോയി പണം വാങ്ങുക. സര്‍ക്കാര്‍ ഇത് തുടരുന്നു. ചില പാര്‍ട്ടി നേതാക്കളും അത് പിന്തുടരുന്നു. സ്ഥാനാര്‍ത്ഥിയായി നിര്ദ്ദേശിക്കപ്പെട്ടാല് ഉടന്‍ ഗള്‍ഫിലേക്ക് പോകും. പണക്കാരെയും പണിക്കാരെയും കണ്ട് പണം വാങ്ങും. പണം തന്നവരെ പിന്നെ ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല.
ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം ചിട്ടി നടത്തുക എന്നതാണ്. പ്രവാസി ചിട്ടി എന്നൊരു തന്ത്രം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പണംകിട്ടിയോ എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളു. അതിനിടയില്‍ മറ്റൊരു ചിട്ടി കൂടി തുടങ്ങാന്‍ പോകുന്നു. അതിന്റെ പേരാണ് കൗതുകം ഉളവാക്കുന്നത്. ‘ഹലാല്‍ ചിട്ടി’ ലക്ഷ്യം വയ്ക്കുന്നത് ആരെയെന്ന് വ്യക്തം. പലിശവാങ്ങുന്നതും നല്‍കുന്നതും ഹറാമെന്ന് വിശ്വസിക്കുന്നവരെ ഹലാല്‍ എന്ന പുല്‍ക്കൊടികാട്ടി വശീകരിക്കുക. ചിട്ടിയുടെ വിശദാംശങ്ങള്‍ക്ക് രൂപംനല്കാന് ഇപ്പോള്‍ ചിട്ടി നടത്തുന്ന കെഎസ്എഫ്ഇയും ശരിയത്ത് പണ്ഡിതരും അടങ്ങുന്നവരുടെ സമിതി രൂപീകരിക്കും.
ചിട്ടിക്ക് ലേലം ഉണ്ടാകില്ല. പകരം സമവായപ്രകാരം തുകനല്‍കും. ശരിയത്ത് നിയമപ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ക്കാകും ലാഭം ഉപയോഗിക്കുക. 500 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയാനന്തര കേരളം പുനര്‍നിര്‍മിക്കാനാണ് പണ സമാഹരണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പലഭാഗത്തുനിന്നും ലഭിച്ച പണം എവിടെ എങ്ങനെ ചെലവായി എന്നൊന്നും ചോദിച്ചേക്കരുത്. ദുരന്തം പേറിയവര്‍ക്കായി ഇവിടെ എത്തിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും കെട്ടുനാറുകയാണെന്ന വാര്‍ത്തകള്‍ പടരുന്നു. ആദ്യഗഡു 10,000 രൂപ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിട്ടില്ല. പുനരധിവാസം സാധ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ കേരളീയരെ പിഴിയാന്‍ ഉത്തരവ്കൂടി ഇറങ്ങി. ജൂണ്‍ ഒന്നുമുതല്‍ സാധനങ്ങള്‍ക്ക് ഒരുശതമാനം തീരുവ ഈടാക്കാനാണ് തീരുമാനം. കൊട്ടിഘോഷിച്ച് തുടങ്ങിയ കിഫ്ബിയും മസാലാ ബോണ്ടും വിവാദക്കുരുക്കിലാണ്. ലോകബാങ്ക് വായ്പയും എഡിബി വായ്പയുമൊക്കെ ചരടുള്ളതാണെന്നുമൊക്കെ ആക്ഷേപിച്ച പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയാണ് കൂടിയ പലിശയ്ക്ക് വായ്പയെടുക്കാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍ നാലാള് കേട്ടാല്‍ വ്യക്തമാകുന്ന മറുപടി പോലും ധനമന്ത്രിക്കുണ്ടായില്ല. എന്നിട്ടാണിപ്പോള്‍ പുതിയ ചിട്ടി!
ചിട്ടി നടത്തി പണം കണ്ടെത്തി കേരളം ഭരിക്കണമെങ്കില്‍ ഭരണസിരാകേന്ദ്രം മുത്തൂറ്റിനെയും ഗോകുലത്തെയും ഏല്‍പ്പിക്കുന്നതാകും നന്നാവുക. ചിട്ടിപൊട്ടിയാല്‍ അവരെ പിടിക്കാമല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: