ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനില്‍ നടക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്.
ബിജെപിയുടെയും എന്‍ഡിഎയുടെയും എല്ലാ എംപിമാരോടും ദല്‍ഹിയില്‍ തുടരാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രിയോടെ ആരൊക്കെ മന്ത്രിസഭയിലുണ്ടാവും എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സ്വീകരിക്കും. വിവിധ എന്‍ഡിഎ കക്ഷി നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ചകള്‍ നടത്തുന്നു. ബിജെപിയില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാകും എന്നതില്‍ വിവിധ സംസ്ഥാന നേതൃത്വങ്ങളുമായി ദേശീയ നേതൃത്വം ആശയ വിനിമയം നടത്തി.
നാളെ രാവിലെയോടെ എല്ലാവര്ക്കും ഔദ്യോഗിക വിവരം കൈമാറുന്നത് പൂര്‍ത്തിയാകും. നാളെ രാവിലെ പ്രധാനമന്ത്രി മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭാംഗങ്ങള്‍ക്ക് ലഭിക്കും. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ വഹിച്ചിരുന്ന വകുപ്പുകളില്‍ വലിയ തോതിലുള്ള മാറ്റത്തിന് സാധ്യത കുറവാണ്. എന്നാല്‍ ബംഗാള്‍, ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര് മന്ത്രിസഭയിലുണ്ടാകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോള്‍ ലോകരാജ്യങ്ങളുടെ തലവന്മാരടക്കം വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യവുമുണ്ടാകും. ബംഗ്ലാദേശ്, മ്യാന്മാര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റക്ക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രത്യേകത. പാക്കിസ്ഥാനെ ചടങ്ങിന് ക്ഷണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: