തെരഞ്ഞെടുപ്പ് തോല്‍വിയെ അപഗ്രഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ ന്യായങ്ങള്‍ വളരെ ബാലിശമായിപ്പോയി. സാഖാവേ, താങ്കളുടെ നിരീക്ഷണം തെറ്റാണ്, അത് സ്വന്തം തടി രക്ഷിക്കാന്‍ സൃഷ്ടിച്ച വാദമാണ്. അല്ലങ്കില്‍ മുഴുവന്‍ നിയമസഭാസീറ്റും എല്‍ഡിഎഫിനുള്ള കൊല്ലത്ത് സിപിഎം ജയിക്കേണ്ടതല്ലേ? എന്‍.കെ. പ്രേമചന്ദ്രന് കോണ്‍ഗ്രസ് അല്ലല്ലോ.
അത് മാത്രമല്ല മോദിയുടെ വേണ്ടപ്പെട്ട കക്ഷിയാണെന്ന അരോപണമുണ്ടായിട്ടും പ്രേമചന്ദ്രന് വിജയിച്ചു. താങ്കള്‍ സ്വയം താത്പര്യമെടുത്ത് പൊന്നാനിയില്‍ നിര്‍ത്തിയ എംഎല്‍എകൂടിയായ അന്‍വര്‍ എന്തേ സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ട് തോറ്റത്? കോട്ടയം എന്ന ഒറ്റ ലോക്സഭാസീറ്റില് സിപിഎം മുന്‍പും കേരളത്തില്‍ ഒതുങ്ങിട്ടുണ്ട്. അന്ന് സുരേഷ്കുറപ്പ് ആയിരുന്നു കേരളത്തില്‍ നിന്നുള്ള ഏക സിപിഎം എംപി.
ഈ സാഹചര്യം ആവര്‍ത്തിക്കാത്തത് എന്തുകൊണ്ട്? കോണ്‍ഗ്രസ് മത്സരിക്കാത്ത കോട്ടയവും മലപ്പുറവും മുഖ്യമന്ത്രിയുടെ നിരക്ഷണത്തെയും ന്യായീകരണത്തെയും തള്ളുന്നു. മറ്റൊരു പ്രധാന ചോദ്യം ആലപ്പുഴയില്‍ തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാന് എന്താ കോണ്‍ഗ്രസല്ലേ? ആലപ്പുഴയിലെ ന്യൂനപക്ഷത്തിന് നരേന്ദ്രമോദിയെ ഭയമില്ലേ? ഏറ്റവും വലിയ ഒറ്റകക്ഷിക്ക് കേരളം വോട്ട് ചെയ്തന്ന മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് ഷാനിമോള്‍ ഉസ്മാന്റെ പരാജയം.
മുഖ്യമന്ത്രിയുടെ അടുത്ത രണ്ട് നിരീക്ഷണം ‘ശബരിമല യുവതീപ്രവേശനം തെരഞ്ഞടുപ്പിനെ ബാധിച്ചിട്ടില്ല. അഥവാ അത് ബാധിച്ചെങ്കില്‍ അതിന്റെ നേട്ടം ബിജെപിക്കല്ലേ ഉണ്ടാക്കുക. ബിജെപി എവിടെയും വിജയിച്ചില്ല എന്നുമാത്രമല്ല പത്തനംതിട്ടയില്‍ മൂന്നാമതാവുകയും ചെയ്തു.
‘ന്യൂനപക്ഷ ഏകീകരണം ചിലയിടങ്ങളില്‍ നടന്നു എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഈ വാദങ്ങള്‍ക്ക് ഉത്തരം ഒരു മറു ചോദ്യമാണ്. എന്താണ് സഖാവേ നേട്ടം? നേട്ടം എന്നത് ലോകസഭാസീറ്റ് കരസ്ഥമാക്കുക എന്നത് മാത്രമല്ല ജനത്തിന്റെ അഭിപ്രായവും അതിന്റെ അവസാനഫലവും കൂടിയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബിജെപിക്ക് ഗണ്യമായി വോട്ട് കൂടി. 2014-നെക്കാള്‍ 2019ല്‍ 5% വരെ വോട്ടുകൂടി. ഇത് പിണറായി വിജയന് മനഃപൂര്‍വ്വം മറച്ചുപിടിച്ചു. അതായത് ശബരിമല പ്രതിഫലിച്ചുവെന്ന് ചുരുക്കം. വിജയിച്ച 20 പേരും വിശ്വാസ സംരക്ഷണ പക്ഷക്കാരാണ്. സംശയിക്കേണ്ട, 19 അല്ല 20 പേരും. മുസ്ലീം വിശ്വാസ സംരക്ഷപ്രകാരം പ്രതിരോധ കുത്തിവെയ്പ്പ് ബഹിഷ്ക്കരിച്ച ആരിഫിനെക്കാള്‍ വലിയ മതവിശ്വാസി അല്ല കെ. സുരേന്ദ്രന്. തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാന് തോറ്റു എന്ന കാര്യം നാട്ടുകാര്‍ക്ക് പിടികിട്ടിയില്ലേ?
ഇതാണ് കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്ന ന്യൂനപക്ഷ ഏകീകരണം. അതായത് തനി മുസ്ലീംവര്ഗ്ഗീയതയാണ് കോണ്‍ഗ്രസിന്റെ വിജയ കാരണം. ജമായത്തെ ഇസ്ലാമി, പിഡിപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ് തുടങ്ങിയവര്‍ മുസ്ലീം എന്ന ഒറ്റവര്ഗ്ഗമായി ഒത്തുചേര്‍ന്ന് വോട്ടുചെയ്തു അതാണ് വര്‍ഗ്ഗീയത.
അവസാനമായി പിണറായി വിജയന് പറഞ്ഞത് സിപിഎമ്മിന്റെ തോല്‍വി താത്കാലികമാണ് എന്നാണ്. ഒരു കണക്കിന് ആ വാദം ഭാഗികമായി ശരിയാണ്. സിപിഎം എന്ന ദേശീയപാര്‍ട്ടി ഇപ്പോള്‍ ഇല്ലാതായി. അതിന്റെ കോട്ടം പിണറായി വിജയന്റെ ഭരണത്തെയോ വ്യക്തിപരമായ അധികാരത്തെയോ ഒരുതരത്തിലും ബാധിക്കില്ല. പക്ഷേ ദേശീയവാദികളെ സംബന്ധിച്ച് ഇത് അവരുടെ വന്‍ വിജയമാണ്. ദേശീയപാര്‍ട്ടികള്‍ക്ക് പ്രാതിനിത്യം കിട്ടുന്ന തന്ത്ര പ്രധാനമായ പല പാര്‍ലമെന്ററി കമ്മിറ്റികളിലും ഇനി ഇടത് പ്രാതിനിത്യം ഉണ്ടാവില്ല.
പതിനേഴാമത് സഭ അത്തരത്തില്‍ ശുദ്ധികരിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ താത്പര്യത്തിന് നല്ലതുതന്നെ. പ്രാദേശികപാര്‍ട്ടി മാത്രമായി മാറുന്ന തരത്തില്‍ ഇടതുകക്ഷികള്‍ക്ക് ഉണ്ടായ തിരിച്ചടി പിണറായി വിജയന് സൂചിപ്പിച്ച വിവിധ കാലഘട്ടത്തിലെ പരാജയങ്ങളുമായി സമാനതകള്‍ ഇല്ലാത്തതാണ്. എങ്കിലും കേരളത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി താത്കാലികം എന്ന് സമ്മതികേണ്ടതായിട്ടുണ്ട്. അതായത് പൊളിറ്റിക്കല്‍ ഇസ്ലാം ഈ തെരഞ്ഞടുപ്പില്‍ യുഡിഎഫിന്റെ കൂടെയായതു താത്കാലികമാണ്. അവര്‍ കൂടുതല്‍ സുരക്ഷിതമായ സിപിഎമ്മില്‍ തിരിച്ച് വരുമ്പോള്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുകിട്ടും എന്ന ലളിതമായ കണക്ക് കാലമാണ് തെളിയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: