പരാജയത്തിനു ചോരകൊണ്ടു പകരംവീട്ടുന്നതു ഭാരതീയ സംസ്കാരമല്ല. ഭാരതത്തേയും അതിന്റെ പൈതൃകത്തേയും അറിഞ്ഞവര്‍ക്കേ അതു മനസ്സിലാകൂ. ഈ രാജ്യത്തുള്ള എല്ലാവരും അത് അറിഞ്ഞവരല്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം യുപിയിലെ അമേഠിയില്‍ നടന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്പിച്ച സമൃതി ഇറാനിയുടെ വലംകൈയായിരുന്ന സുരേന്ദ്ര സിങ്ങിനെ വെടിവച്ചു കൊന്നതും തുടര്‍ന്നു നടന്ന സംഭവങ്ങളും രണ്ടു വ്യത്യസ്ത സന്ദേശങ്ങളാണു സമൂഹത്തിനു നല്‍കുന്നത്.
മല്‍സരത്തെ മല്‍സരമായും പരാജയത്തെ പരാജയമായും ഉള്‍ക്കൊള്ളാനാവാത്ത കിരാത മനോഭാവത്തില്‍ നിന്നാണ് ആ വെടിയുണ്ട പാഞ്ഞത്. അതേസമയം, മരണാനന്തര ചടങ്ങില്‍ നേരിട്ടു പങ്കെടുത്ത് ആ കുടുംബത്തിന്റെ വേദന സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങിയ സ്മൃതി ഇറാനി ശവമഞ്ചവും ചുമന്നു നീങ്ങുന്ന ചിത്രം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിബദ്ധതയുടേയും ജീവിക്കുന്ന സന്ദേശമായി മാറി. രണ്ടും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് യഥാര്‍ഥ ഇന്ത്യയുടെ ചിത്രം. അടിയുറച്ചു വിശ്വസിച്ച പ്രസ്ഥാനത്തിനായി സ്വയം മറന്ന് അധ്വാനിക്കുക മാത്രമാണ്, ബിജെപി നേതാവും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്രസിങ് ചെയ്തത്.
പ്രസ്ഥാനത്തിന്റെ വിജയം തന്റേയും വിജയവും ചുമതലയുമാണെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. സ്മൃതി ഇറാനിയുടെ സന്തത സഹചാരിയായി കൂടെനിന്നത്, രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവിനോടുള്ള വ്യക്തിവൈരാഗ്യംകൊണ്ടല്ലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും. ചിലര്‍ക്കെങ്കിലും അത് ഇല്ലാതെ പോയത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. ഈ സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാനുമാകില്ല.
കുടുംബത്തിന്റെ പരമ്പരാഗത സ്വത്തുപോലെ കാത്തുസൂക്ഷിച്ചിരുന്ന മണ്ഡലത്തിലെ രാഹുലിന്റെ തോല്‍വി പാര്‍ട്ടിയേയും പ്രതിപക്ഷത്തെ ആകമാനവും പിടിച്ചുകുലുക്കി എന്നതു സത്യം. പക്ഷേ, അതില്‍ ഒതുങ്ങുന്നില്ല ഈ സംഭവത്തിലെ ദുസ്സൂചനകള്‍. രാഹുലിന്റെയോ കോണ്‍ഗ്രസ്സിന്റെയോ വിജയത്തിനപ്പുറം നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ തോല്‍വി ആഗ്രഹിച്ചവരാണ് ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളും നേതാക്കളും അവരെ ആശ്രയിച്ചിരുന്ന തീവ്രവാദ ബന്ധം പോലുമുള്ള മറ്റു ചിലരും. മോദി തോല്‍ക്കേണ്ടത് ചിലരുടെയൊക്കെ നിലനില്‍പ്പിന് ആവശ്യമായിരുന്നു എന്ന് അര്‍ഥം. അതു സംഭവിക്കാത്തതിലെ അസഹിഷ്ണുതയും പ്രതികാരദാഹവും ഉടലെടുത്തത് ഒരുതരം ഭീതിയില്‍ നിന്ന് ആയിരിക്കണം. പ്രതീക്ഷിച്ച രക്ഷാകവചം നഷ്ടപ്പെട്ട തങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്ന ഭീതി.
മോദിക്കെതിരെ നവമാധ്യമത്തിലൂടെയുണ്ടായ വധഭീഷണിയും ശ്രീലങ്കയില്‍ നിന്നു കടല്‍ വഴി ഐഎസ് ഭീകരര്‍ വരുന്നതായുള്ള സൂചനയും അവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനായി നാട്ടില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടക്കുന്നതായുള്ള കണ്ടെത്തലും എല്ലാം ഇതുമായി കൂട്ടിവായിക്കണം. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ വ്യാപക അക്രമത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നല്ലോ.
അഞ്ചുവര്‍ഷത്തെ എന്‍ഡിഎ ഭരണം അഴിമതിക്കാരേയും വിഘടനവാദികളേയും മതതീവ്രവാദികളേയും എത്രമാത്രം അസ്വസ്ഥരാക്കിയിരിക്കുന്നു എന്നതിനുള്ള തെളിവ് ഇതിലുണ്ട്. നരേന്ദ്രമോദി എന്ന എതിരാളിക്കെതിരെ കൂട്ടമായി അണിനിരക്കാന്‍ പ്രതിപക്ഷത്തെ ഇരുപത്തിരണ്ടോളം കക്ഷികള്‍ നീക്കം നടത്തിയതും അതിന്റെ പ്രതിഫലനം തന്നെ. അവരുടെ മറവില്‍ ജമാഅത്തേ ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ സംഘടനകളും തീവ്ര ഇടതു സംഘടനകളും ഉണ്ടായിരുന്നിരിക്കണം.
വിദേശത്തു നിന്നുള്ള പ്രവര്‍ത്തന മൂലധനത്തിന്റെ വരവു നിയന്ത്രിക്കപ്പെട്ടതും കള്ളപ്പണത്തിന്റെ സ്രോതസ്സുകള്‍ അടഞ്ഞതും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചിരുന്നു. സ്വാഭാവികമായും, അവര്‍ക്കു തണലൊരുക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ അത്തരം സംഘടനകളുടെ പ്രതിക്കൂട്ടിലാവുകയും ചെയ്തിട്ടുണ്ടാവണം. പാക്കിസ്ഥാന് അനുകൂലമായും ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് എതിരായും പല നേതാക്കളും നിലവിട്ടപോലെ പ്രസ്താവനകള്‍ നടത്തിയതും പ്രസംഗിച്ചതും അതിന്റെയൊക്കെ ഫലമാകാനേ വഴിയുള്ളൂ.
എല്ലാത്തിനും ഈ തെരഞ്ഞെടുപ്പ് പരിഹാരമാവുമെന്നും മോദി എന്ന ഭീഷണി ഒഴിവാകുമെന്നും അവരൊക്കെ എങ്ങനെയോ ധരിച്ചുവശായി. ആ നീര്‍ക്കുമിള പൊട്ടിയതിലെ അങ്കലാപ്പും ഭാവിയേക്കുറിച്ചുള്ള ഭീതിയുമാണ് പല രൂപത്തില്‍ പുറത്തുവരുന്നത്. പല നേതാക്കളും പൊടുന്നനെ നിശ്ശബ്ദരായി. പ്രതിപക്ഷം പെട്ടെന്നു നിശ്ചലമായി. ആ സംയമനത്തിനുള്ള പക്വത പോലും കാട്ടാന്‍ കഴിയാത്ത ചിലര്‍ അടിത്തട്ടിലുണ്ട്. അവരുടെ അസ്വസ്ഥതയാണ് അക്രമങ്ങളായി പുറത്തുചാടുന്നത്. രണ്ടാം മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന വ്യാഴാഴ്ച കരിദിനമാചരിക്കാന്‍ ജമാഅത്ത് കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ഇന്ത്യയിലെ പ്രതിപക്ഷവും അവുടെ തണലിലെ മതതീവ്രവാദികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: