തീയ്യസമുദായത്തില്‍ പെട്ട ഒരു അമ്മയുടെ ദുരന്തപൂര്‍ണമായ കഥയാണ് തോട്ടിന്‍കര ഭഗവതിയുടേത്. നൊന്തുപെറ്റ പന്ത്രണ്ടു മക്കളും മരിച്ചതിന്റെ വേദന മറക്കാന്‍ ഇവര്‍ രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കല്‍ തമ്പുരാന്റെ കാര്യസ്ഥന് അതുവഴി വരാന്‍ ഇടയായി. ഗ്രന്ഥപാരായണം സവര്‍ണരുടെ മാത്രം കുത്തകയായിരുന്ന കാലമായതിനാല്‍, കാര്യസ്ഥന് ഇക്കാര്യം തമ്പുരാനെ അറിയിച്ചു. സ്ത്രീയെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ക്ഷുഭിതനായ തമ്പുരാന് ‘ഇവള് അപാര മനക്കരുത്തിനുടമയായതിനാ
ല്‍ അവളുടെ തലയില്‍ നെരിപ്പോടും തീയ്യും വച്ച് പറഞ്ഞുവിടാന്‍ ശിക്ഷ നല്കി. മക്കളെല്ലാം മരിച്ചതില്‍ സങ്കടപ്പെട്ടിരിക്കേണ്ട ഒരമ്മ രാമായണ പാരായണം നടത്തി എന്നതാണ് കുറ്റം. കൊട്ടാരത്തില്‍ നിന്നും നിലവിളിച്ച്് കൊണ്ടോടിയ സ്ത്രീ കാക്കത്തോട് എന്ന സ്ഥലത്തെത്തി. കാക്കതോട്ടിലിറങ്ങി അവള് ആ തീ അണച്ചു. ഇതിനകം അവള് വിവസ്ത്രയായിരുന്നു. തോട്ടിന്‍കരെ കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കി അവള് നടന്നു. അതൊരു തറവാടായിരുന്നു.
അവിടത്തെ തറവാട്ടമ്മ ഇവര്‍ക്ക് ധരിക്കാന്‍ വസ്ത്രവും കുടിക്കാന്‍ ജലവും കൊടുത്തു. വസ്ത്രം ധരിച്ച് വെള്ളം കുടിച്ചതോടെ ആ സ്ത്രീ തറവാട് വരാന്തയില്‍ മരിച്ചു വീഴുകയായിരുന്നു. ആരാണ് എന്താണ് എന്നറിയാത്ത സ്ത്രീയുടെ മൃതദേഹം അവര്‍ ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആ തറവാട്ടില്‍ ശുഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്രെ. ഒപ്പം തന്നെ കൊട്ടാരത്തില്‍ ദുര്‍ലക്ഷണങ്ങളും. തോട്ടില്‍ നിന്ന് ശമനം വരുത്തി രക്ഷ നേടാന്‍ ശ്രമിച്ച സ്ത്രീ ദൈവക്കരു ആയി, തോട്ടിന്‍കര ഭഗവതി എന്ന പേരില്‍ തെയ്യം കെട്ടി ആരാധിക്കപ്പെടാന്‍ തുടങ്ങി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: