അദ്ധ്യായം ഒന്ന്
നാലാം പാദം
ഇതില്‍ എട്ട് അധികരണങ്ങളാണ് ഉള്ളത്.28 സൂത്രങ്ങളും.
ഒന്നാം അദ്ധ്യായമായ സമന്വയത്തിലെ ആദ്യ മൂന്ന് പാദങ്ങളിലുമായി നടന്ന ചര്‍ച്ചയില്‍ ജഗത്തിന്റെ കാരണം പരബ്രഹ്മം തന്നെയാണ് എന്ന് ഉറപ്പിച്ചു.ഇതിന് വേദത്തിന്റെ പിന്‍ബലവുമുണ്ട്. എന്നാല്‍ ഇതിനോട് വിയോജിക്കന്ന ഋഷിമാരുള്പ്പടെയുള്ളവര്ക്കുള്ള മറുപടിയാണ് നാലാംപാദത്തില്‍.
ആനുമാനികാധികരണം
ഈ അധികരണത്തില്‍ ആകെ ഏഴ് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം – ആനുമാനികമപ്യേകേഷാമിതി ചേന്നശരീര രൂപക വിന്യസ്തഗൃഹീതേര്ദര്ശയതി ച
(ആനുമാനികം അപി ഏകേഷാം ഇതി ചേത് ന ശരീരരൂപക വിന്യസ്ത ഗൃഹീതേര് ദര്‍ശയതി ച)
അനുമാന പ്രമാണ കൊണ്ട് ‘പ്രധാനം’ ജഗത്തിന് കാരണമെന്ന ചിലരുടെ പക്ഷം ശരിയല്ല. അവ്യക്തമെന്ന പദം ശരീരമായി രൂപകത്തിലൂടെ പറഞ്ഞിട്ടുള്ളത് ഇതിനെ കാണിക്കുന്നു.
സാംഖ്യദര്‍ശന പ്രകാരമാണ് അവ്യക്തമായ പ്രധാനം ജഗത്തിന്റെ കാരണമായി ചിലര്‍ പറയുന്നത്. ഇത് ശരിയല്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു. അവ്യക്തം എന്ന വാക്ക് ശരീരത്തെപ്പറ്റി പറയാനാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതിനാല്‍ ഇക്കാര്യം വ്യക്തമായി കാണിക്കുന്നുണ്ട്. സാംഖ്യ ദര്‍ശനം പ്രകൃതിയെ 24 തത്വങ്ങളായി കണക്കാക്കിയിരിക്കുന്നു. ഈ പ്രകൃതിയാണ് ലോകത്തിന്റെ സൃഷ്ടി ,സ്ഥിതി, സംഹാരങ്ങള്‍ക്ക് കാരണമായി പറയുന്നത്.
പ്രകൃതിയെ പ്രചോദിപ്പിക്കുന്ന പുരുഷന് 25-ാമത്തെ തത്വമാണ്.ഈ തത്വസംഖ്യകളില് ഉറച്ച് നിന്ന് ദര്‍ശനത്തെ അവതരിപ്പിച്ചതിനാലാണ് സാംഖ്യന്മാര് എന്ന് വിളിക്കുന്നത്.
പ്രകൃതിയെ അവ്യക്തം, പ്രധാനം തുടങ്ങിയ പേരുകളിലാണ് വിശേഷിപ്പിക്കുന്നത്. വേദത്തില്‍ പ്രധാനത്തെയാണ് അവ്യക്തമായി പറഞ്ഞിട്ടുള്ളതെന്നാണ് ഇവരുടെ വാദം. അതിനാല്‍ പ്രധാനം ജഗത്തിന് കാരണമെന്ന് വേദ സമ്മതിയുള്ളതായി ഇവര്‍ കരുതുന്നു.ഇതിനെയാണ് സൂത്രം നിഷേധിക്കുന്നത്.
കഠോപനിഷത്തില്‍ ‘മഹത: പരമവ്യക്താത് പുരുഷ: പര:
പുരുഷാന്ന പരം കിഞ്ചിത് സാ കാഷ്ഠാ സാ പരാഗതി: ‘ എന്നുണ്ട്.
മഹതത്വത്തേക്കാള് അവ്യക്തം ശ്രേഷ്ഠമാണ്. പുരുഷന് അവ്യക്തത്തേക്കാള്‍ ശ്രേഷ്ഠവും.പുരുഷനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. അത് തന്നെയാണ് എല്ലാറ്റിനും കാരണവും പരമകാരണവും.എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനവും അവിടെയാണ്.
ഇവിടെ പറഞ്ഞിരിക്കുന്ന അവ്യക്തവും പ്രധാനവും ഒന്ന് തന്നെയാണ് എന്നതാണ് സാംഖ്യന്മാരുടെ വാദം.എന്നാല്‍ ഇവിടെ പറയുന്ന അവ്യക്തത്തിന് പ്രധാനം എന്ന അര്‍ത്ഥമില്ല. ഉപനിഷത്ത് മന്ത്രത്തില്‍ അങ്ങനെയൊരു അര്‍ത്ഥം കല്പിക്കുന്നത് ശരിയല്ല താനും.
കഠോപനിഷത്തില്‍ രഥ കല്പ്പനയുമായി ബന്ധപ്പെട്ട ഭാഗത്താണ് ഈ മന്ത്രം വരുന്നത്. ശരീരത്തെ ഒരു രഥമായും ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയെ രഥവുമായി ബന്ധപ്പെട്ടവയുമായി സങ്കല്പിച്ച് കൂടുതല്‍ കൂടുതല്‍ ഉല്‍കൃഷ്ടമായതിനെ പറയുകയാണിവിടെ. ജീവാത്മാവാണ് രഥമുടമ. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി മഹതത്ത്വം, അവ്യക്തം, പുരുഷന് എന്നിവയെ ക്രമത്തില്‍ കൂടുതല്‍ കേമമായും സൂക്ഷ്മമായും പറയുന്നു. വളരെയേറെ സൂക്ഷ്മമായതും അറിയാന്‍ കഴിത്തതുമെന്ന അര്‍ത്ഥത്തിലാണ് അവ്യക്ത ശബ്ദത്തെ ഉപയോഗിച്ചിരിക്കുന്നത്.
അവ്യക്ത ശബ്ദം ഭഗവാന്റെ മായയെ കുറിക്കുന്നു. കാരണ ശരീരമായിരിക്കുന്നതും അത് തന്നെയാണ്. മായാശക്തി എന്ന അര്‍ത്ഥം വളരെ ഉചിതമായിരിക്കുകയും ചെയ്യും.
അവ്യക്തത്തിന് ഇവിടെ പ്രധാനം എന്ന അര്‍ത്ഥമേയില്ല. ഇക്കാരണത്താല്‍ ജഗത്തിന്റെ കാരണം പ്രധാനമല്ല എന്ന് വേദാന്തം തീര്‍ത്തു പറയുന്നു.
ജഗത്തിന് കാരണം പരമാത്മാവ് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: