കട്ടപ്പന(ഇടുക്കി): ഉപ്പുതറ ഒന്പതേക്കറില് എട്ട് വയസുകാരിയെ അമ്മ വീണ്ടും മര്‍ദ്ദിച്ചതായി പരാതി. കുട്ടിയെ വടികൊണ്ട് ക്രൂരമായി അടിച്ച കേസില്‍ ആദ്യം അമ്മയുടെ കാമുകന് കഴിഞ്ഞ 11ന് അറസ്റ്റിലായിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതോടെ ഒളിവില്‍ പോയ യുവതി പിന്നീട് പിടിയിലായി. ജാമ്യത്തിലിറങ്ങി ഇളയകുട്ടികളെ കൂട്ടാനായി എത്തിയപ്പോഴാണ് മൂത്തകുട്ടിയെ വീണ്ടും മര്‍ദ്ദിച്ചത്. കുട്ടിയിപ്പോള്‍ ഉപ്പുതറ സിഎച്ച്സിയില് ചികിത്സയിലാണ്.
സംഭവം ഇങ്ങനെ: ഭര്‍ത്താവിന് തളര്‍വാതം വന്നതോടെ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളുമായി വാടകയ്ക്കാണ് യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവ് ചികിത്സയുടെ ഭാഗമായി തറവാട്ട് വീട്ടിലും. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന അനീഷ് എന്ന യുവാവ്് ഒരു വര്‍ഷമായി ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ വിഷു ദിനത്തില്‍ മൂത്തകുട്ടിയെ വടികൊണ്ട് ക്രൂരമായി തല്ലിയ കേസിലാണ് അമ്മയുടെ കാമുകനായ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) അറസ്റ്റിലായത്. അനീഷ് വീട്ടില്‍ വരുന്നത് മൂത്ത കുട്ടിക്ക് ഇഷ്ടമായിരുന്നില്ല. വിവരം ബന്ധുക്കളോട് പറയുമെന്ന് പറഞ്ഞതോടെയായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ അച്ഛന്റെ സഹോദരിയുടെ പരാതിയിലായിരുന്നു കേസില്‍ അറസ്റ്റ് നടന്നത്. കുട്ടികളെ കാണാന്‍ ഇവരെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നതും. ഇതോടെ കുട്ടിയെ ഇവര്‍ തറവാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അമ്മയും മര്‍ദ്ദിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട അജിത ഒളിവില്‍ പോകുകയും 20ന് ഇടുക്കി കോടതിയില്‍ ഹാജരാകുകയുമായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തതിനാല്‍ ഇളയ രണ്ട് കുട്ടികളേയും ഭര്‍ത്താവിന്റെ അമ്മയോടൊപ്പം അയച്ചു. 24ന് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി അജിത ഞായറാഴ്ച ഉച്ചയോടെ ഇളയ കുട്ടികളെ കൂട്ടാന്‍ എത്തിയപ്പോള്‍ വീണ്ടും മര്‍ദിച്ചെന്നാണ് കുട്ടി ചൈല്‍ഡ് ലൈനും, പോലീസിനും മൊഴി നല്‍കിയിരിക്കുന്നത്. തടയാന്‍ ചെന്ന സന്തോഷിനേയും അജിത മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ കേസെടുക്കാന്‍ ഉപ്പുതറ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ പ്രിന്റോ മാത്യു പറഞ്ഞു.
ചൈല്‍ഡ് ലൈന്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മക്കെതിരെ കേസെടുക്കുമെന്നും, കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്നും ഉപ്പുതറ സിഐ കെ. പി. ജയപ്രകാശ് പറഞ്ഞു. ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി പെരുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: