കൊച്ചി: ശ്രീലങ്കയില്‍ നിന്ന് ഐഎസ് ഭീകരര്‍ ലക്ഷദ്വീപിന്റെ ഭാഗങ്ങളില്‍ എത്തിയതായി സൂചന. വെള്ള നിറത്തിലുള്ള മത്സ്യബന്ധന ബോട്ടില്‍ പതിനഞ്ച് പേരടങ്ങുന്ന സംഘം ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കഴിഞ്ഞ 23ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തര ഘട്ടത്തെ നേരിടാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ തീരദേശ പോലീസും, കോസ്റ്റ് ഗാര്‍ഡും നല്കി.
കടലില്‍ സംശയകരമായി ബോട്ടുകള്‍ കാണുകയോ, ബോട്ടുകളില്‍ അപരിചിതരായ ആളുകളെ കാണുകയോ ചെയ്താല്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇന്നലെ എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ പുതിയ ബോട്ട് കടലില്‍ കറങ്ങിയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന സ്ഥലത്തെത്തി ബോട്ടില്‍ പരിശോധന നടത്തിയിരുന്നു.
അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ഭീകരര്‍ ലക്ഷദ്വീപിന് സമീപത്ത് എത്തിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ അതിവേഗ നിരീക്ഷണ കപ്പലടക്കം ഏഴ് കപ്പലുകള്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ട്. ലക്ഷദ്വീപിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ മത്സ്യ ബന്ധന ബോട്ടുകളടക്കം സേന പരിശോധിക്കുകയാണ്. മുംബൈ, കൊല്‍ക്കത്ത, കൊച്ചി നാവിക താവളങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ നാവിക താവളത്തില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനങ്ങളും, ഹെലികോപ്റ്ററുകളുമാണ് ലക്ഷദ്വീപില്‍ നിരീക്ഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: