‘ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡു’കളുടെ സ്വപ്ന ഭൂമിയായിരുന്നു ഒരു കാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ചൈനയുടെയും വിദേശ ഏന്‍ജിഒകളുടെയും സഹായത്തോടെ ചോരപ്പുഴയൊരുക്കിയ വിഘടനവാദികള്‍ മേഖലയില്‍ അശാന്തി പടര്‍ത്തി. ദേശവിരുദ്ധ ശക്തികളെ ആവശ്യാനുസരണം ഉപയോഗിച്ച് കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടികളും അധികാരം നിലനിര്‍ത്തി. 2014ലെ മോദിയുടെ വരവ് രാജ്യത്തെ ‘പ്രഥമ കുടുംബ’ത്തിന്റെയും അവരെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന അഴിമതിക്കാരുടെയും ഇടനിലക്കാരുടെയും കച്ചവടം അവസാനിപ്പിച്ചതിനൊപ്പം വടക്കു കിഴക്കന്‍ മേഖലയിലെ വിഘടനവാദ സംഘടനകള്‍ക്കും കടിഞ്ഞാണിട്ടു. ഇവിടെ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടിയാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്. ദേശീയതക്കൊപ്പം അടിയുറച്ചുനില്‍ക്കുന്നുവെന്ന സന്ദേശമാണ് ‘അഷ്ടലക്ഷ്മികള്’ ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന് നല്‍കിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, സിക്കിം, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, മിസോറാം എന്നിവിടങ്ങളിലായി 25 ലോകസ്ഭാ സീറ്റുകളാണുള്ളത്. ഇതില്‍ പതിനാലിടത്ത് ബിജെപിയും (അസം-9, മണിപ്പൂര്‍-1, അരുണാചല്‍-2, ത്രിപുര-2) നാലിടത്ത് സഖ്യകക്ഷികളും ജയിച്ചു. കഴിഞ്ഞ തവണ എട്ട് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയിരുന്നത്. എട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് നാലിലൊതുങ്ങി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിരുന്ന അസം, മണിപ്പൂര്‍, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ മുന്നേറി. കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിമാരായ കെ.എല്‍. ചിസി, നബാം തൂക്കി, മുകുള്‍ സാംഗ്മ എന്നിവര്‍ പരാജയപ്പെട്ടു. ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മുന്നേറ്റം തുടരുമെന്നതിന്റെ സൂചനയാണ്.
ചുവപ്പിന് അന്ത്യം
ത്രിപുരയിലെ 25 വര്‍ഷത്തെ ഭരണം ബിജെപിക്ക് അടിയറവച്ച സിപിഎമ്മിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ രണ്ട് ലോകസ്ഭാ സീറ്റും ബിജെപി പിടിച്ചെടുത്തു. ത്രിപുര ഈസ്റ്റില്‍ 2.04 ലക്ഷം ഭൂരിപക്ഷത്തിന് രേബതി ത്രിപുരയും ത്രിപുര വെസ്റ്റില്‍ 3.05 ലക്ഷം ഭൂരിപക്ഷത്തിന് പ്രതിമാ ഭൗമിക്കും ജയിച്ചു. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ച സിപിഎം കോണ്‍ഗ്രസ്സിനും പിന്നില്‍ മൂന്നാമതായി. 1952ന്ശേഷം 11 തവണ ജയിച്ച സീറ്റുകളിലാണ് സിപിഎമ്മിന്റെ ദയനീയ തോല്‍വി.
2014ല്‍ 64.77 ശതമാനം വോട്ടുണ്ടായിരുന്നത് 17.31 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 49.03 ശതമാനമാണ് ബിജെപിയുടെ വോട്ട്. എന്‍ഡിഎ സഖ്യത്തിലുള്ള ഐപിഎഫ്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും ബിജെപിയുടെ വിജയത്തെ ബാധിച്ചില്ല. 25.34 ശതമാനം വോട്ടോടെ കോണ്‍ഗ്രസ് രണ്ടാമതെത്തിയത് അപ്രതീക്ഷിതമായി. നേരത്തെ പഞ്ചായത്ത് ഉപതെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭൂരിഭാഗം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല. ബിജെപി മോദിയുടെ വികസനവും കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലും ചര്‍ച്ചയാക്കി. പ്രചാരണത്തില്‍ത്തന്നെ സിപിഎം മത്സരം കൈവിട്ടിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനുള്ള ജനവിധി
പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ തീരുമാനിച്ചത് ആത്മഹത്യാപരമാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ മോദി സര്‍ക്കാരിന് ഏറ്റവും വലിയ പ്രക്ഷോഭം നേരിടേണ്ടി വന്നത് ഈ വിഷയത്തിലായിരുന്നു. അസം, ത്രിപുര, മണിപ്പൂര്‍, മിസോറാം തുടങ്ങി മേഖലയിലെമ്പാടും അക്രമങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ദിവസങ്ങളോളം ഹര്‍ത്താല്‍ നടന്നു. നിരവധി പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
നേതാക്കളും ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് ബില്ലിനെതിരെ മുന്‍നിരയില്‍ ഉണ്ടായിരുന്നതെങ്കിലും വിഘടനവാദ സംഘടനകളായിരുന്നു സമരത്തെ പിന്നണിയില്‍ നിയന്ത്രിച്ചത്. ത്രിപുരയില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭ പാസായെങ്കിലും രാജ്യസഭ കടന്നില്ല.
വിഘടനവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങാനില്ലെന്നും നടപടിയുമായി മുന്നോട്ടുപോകുമെന്നും ബിജെപി വ്യക്തമാക്കി. വിദ്വേഷ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ഭയമുണ്ടാക്കി വിളവെടുക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മോഹം വടക്കു കിഴക്കന്‍ ജനത തല്ലിക്കെടുത്തി. കൂടുതല്‍ സീറ്റുകള്‍ നല്കി ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ അവര്‍ മോദിക്ക് അനുവാദം നല്കി. വാജ്പേയി സര്‍ക്കാരിന് ശേഷം മോദി ഭരണത്തിലാണ് വികസനം എന്താണെന്ന് ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞത്.
റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നിരവധി വന്‍കിട പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. പൗരത്വ ബില്‍ സംബന്ധിച്ച പ്രചാരണം തള്ളി മോദിയെ പുല്കാന് ജനങ്ങളെ പ്രേരിപ്പിച്ചതും വികസനം തന്നെയാണ്. അഞ്ച് വര്‍ഷത്തിനിടെ സംഘടനാ സംവിധാനം ശക്തമാക്കാനും പ്രാദേശിക നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടു വരാനും മോദിക്കും അമിത് ഷാക്കും സാധിച്ചിട്ടുണ്ട്. വിജയം മോദിയുടെ വികസനത്തിന്റെ നേട്ടമാണെന്ന് വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: