കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് നാണം കെട്ട തോല്‍വിയേറ്റു വാങ്ങിയ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തു നിന്നും പൂര്‍ണമായും ഒറ്റപ്പെടുന്നു. പാര്‍ട്ടിയില്‍ സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടി നടപടിക്ക് വിധേനായ ജയരാജന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനഭിമതനായ പി.ജയരാജനെ ഒതുക്കുന്നതിന് പിണറായി ഒരുക്കിയ തന്ത്രത്തിന്റെ ഭാഗമാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വമെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ സിപിഎം എന്നാല്‍ പി.ജയരാജനായിരുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിതുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി നേരിടേണ്ടി വന്നത്. ജില്ലാ സെക്രട്ടറിയായിരിക്കെ പാര്ട്ടിയെക്കാളും വളര്‍ന്നുവെന്ന വിമര്‍ശനവും ജയരാജന് കേട്ടിരുന്നു. കണ്ണൂരിന് താരകമല്ലോ..ചെഞ്ചോരപ്പൊന്‍ കതിരല്ലോ… എന്ന ജയരാജനെ സ്തുതിച്ചുള്ള സംഗീത ശില്‍പ്പം ഹിറ്റായതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അണികളില്‍ നിന്ന് ഇവര്‍ക്കാര്‍ക്കും ലഭിക്കാത്ത സ്വീകരണങ്ങള്‍ ലഭിച്ചു പോന്നതും ജയരാജനെ സംസ്ഥാന നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാക്കി.
മെരുക്കാന്‍ കണ്ടെത്തിയ മാര്‍ഗം
ജയരാജനെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കിയത്. സംസ്ഥാന നേതൃത്വത്തെ അപ്രസക്തമാക്കി കണ്ണൂര്‍ ജില്ലാ ഘടകത്തെ കൈപ്പിടിയിലൊതുക്കിയ ജയരാജനെ മെരുക്കാന്‍ പാര്‍ട്ടിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കൊലപാതകങ്ങളും പയ്യന്നൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് സ്റ്റേഷന് വരാന്തയില്‍ കയറി ഉദ്ഘാടനം ചെയ്തതുമാണ് സന്തത സഹചാരിയായിരുന്ന പി.ജയരാജനെ പിണറായിക്ക് അനഭിമതനാക്കിയത്. സമീപ കാലത്ത് കണ്ണൂര്‍ ജില്ലയില്‍ പിണറായി പങ്കെടുക്കുന്ന പരിപാടികളില്‍ ജയരാജന്റെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജ്, കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് മോഹനന്, എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ജയരാജന്. മനോജ്, ഷുക്കൂര്‍ കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, ടി.പി.ചന്ദ്രശേഖരന് എന്നിവരുടെ കൊലപാതകക്കേസുകളിലും പി.ജയരാജന് ആരോപണം നേരിട്ടിരുന്നു. ഇത്തരം പ്രശ്നങ്ങളോട് ബോധപൂര്‍വ്വം കണ്ണടച്ചാണ് ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന വടകരയില്‍ തന്നെ ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ആര്‍എംപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജയരാജന് ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ലഭിക്കാത്തതിനാല്‍ സ്വന്തം നിലയിലാണ് ജയരാജന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
ഇനി ജില്ലാ സെക്രട്ടറിയാക്കില്ല
പരാജയപ്പെട്ടാല്‍ പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെയെത്താതിരിക്കാന്‍ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ എം.വി.ജയരാജനെ പ്രതിഷ്ഠിച്ച് പിണറായി ആ സാധ്യതകളും അടച്ചു. നേരത്തെ പി.ജയരാജന് ജയിലിലായപ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ എം.വി.ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്നു. ഇനി പകരക്കാരനാവാന്‍ തയാറല്ലെന്ന് അറിയിച്ചതിനാല്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് എം.വി.ജയരാജനെ ഇപ്പോള്‍ ജില്ലാ സെക്രട്ടറിയാക്കിയത്. അതിനാല്‍ പി.ജയരാജന് തിരികെ ജില്ലാ സെക്രട്ടറിയാകാന്‍ സാധിക്കില്ല. വടകരയില്‍ ജയരാജനിലൂടെ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതു കാരണം ഇനി പാര്‍ലമെന്ററി രംഗത്തേക്കും പരിഗണിക്കാനിടയില്ല. തിരികെ സംഘടനാ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാന്‍ പിണറായി വിജയനും കോടിയേരിയും താല്പര്യമെടുക്കില്ലയെന്നതും പി.ജയരാജന് വിനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: