കൊച്ചി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കൂട്ടത്തോല്‍വിയുടെ ഉത്തരാവാദിത്വം പേറാന്‍ ഇടത് മുന്നണിയിലെ ഘടക കക്ഷികള്‍ തയാറായേക്കില്ല. സീറ്റ് വിഭജനമാണ് അതിന് കാരണം.
മുന്നണി സംവിധാനം പാടേ അവഗണിച്ചാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് വിഭജനം നടത്തിയതെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. 20 സീറ്റുകള്‍ സിപിഎമ്മും സിപിഐയും മാത്രമായി പങ്കിട്ടെടുക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളവരുള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഒരു പങ്കും ഉണ്ടായില്ല. എല്ലാം സിപിഎം ഒറ്റക്ക് തീരുമാനിക്കുകയായിരുന്നു.
മുന്നണി യോഗത്തില്‍, ഇതിനെ ഇടത് മുന്നണിയെന്ന് പറയാന്‍ കഴിയില്ലന്നാണ് ചില ഘടകകക്ഷിക്കാര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജനതാദള്‍ എസിന് നല്കിയതായിരുന്നു. മാത്യു.ടി.തോമസാണ് മത്സരിച്ചത്. എന്നാല്‍, ഇക്കുറി അവര്‍പോലും അറിയാതെ സിപിഎം കോട്ടയം സീറ്റ് ഏറ്റെടുത്തു. പകരം എറണാകുളം, വടകര, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതെങ്കിലും ലഭിക്കുമെന്നാണ് ജനതാദള്‍ (എസ്) കരുതിയത്.
യുഡിഎഫില്‍ നിന്ന് ഇടത് മുന്നണിയിലേക്ക് എത്തിയ എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി വടകരയോ കോഴിക്കോടോ പ്രതീക്ഷിച്ചതാണ്. എന്നാല്‍, ഫലമുണ്ടായില്ല. ഇടത്് മുന്നണിക്കെതിരായ ജനവികാരം പിണറായി വിജയന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയായിട്ടാണ് ഘടകക്ഷികള്ക്കുള്ളില് പൊതുവെയുള്ള വിലയിരുത്തല്‍.
അടുത്ത മുന്നണിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കണമെന്ന് ഘടകകക്ഷികള്‍ക്ക് തീരുമാനമുണ്ട്. പക്ഷേ, പിണറായിക്കെതിരെ ആര് ആദ്യം സംസാരിക്കുമെന്നകാര്യത്തിലാണ് നേതാക്കള്‍ക്കിടയിലെ പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: