ഹൃദയം കൊണ്ട് ഭാരതീയര്‍ സ്വീകരിച്ച മോദി സര്‍ക്കാര്‍ വീണ്ടും ഭരണത്തിലേക്ക്. ഭാരതത്തിന്റെ വികാരവും വികസനവും എന്തെന്ന് അനുഭവിച്ചറിഞ്ഞ നരേന്ദ്ര മോദിയാണ് തങ്ങളെ നയിക്കാന്‍ തികച്ചും യോഗ്യനെന്ന് വ്യക്തമാക്കുന്ന ജനവിധിയാണ് വന്നിരിക്കുന്നത്.
ഒരു തരത്തിലും എന്‍ഡിഎ ഭരണം തുടരാന്‍ അനുവദിക്കില്ലെന്ന് ശഠിച്ച് മുന്നേറിയ ശക്തികള്‍ക്കൊക്കെ കനത്ത ആഘാതമായിരിക്കുന്നു ജനവിധി. തങ്ങളുടെ അവകാശവാദങ്ങളൊക്കെ എട്ടുനിലയില്‍ പൊട്ടിയതിന്റെ ഇച്ഛാഭംഗം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളില്‍ പ്രകടമാണ്. അത് ഏതൊക്കെ തരത്തിലാണ് ഇനിയുള്ള ദിവസങ്ങളില്‍ വരികയെന്നാണ് അറിയാനുള്ളത്; പ്രത്യേകിച്ചും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ സ്ഥിതിയില്‍. എല്ലാ കുന്തമുനകളും ബിജെപിക്കെതിരെ പ്രയോഗിച്ചിട്ടും വര്‍ധിതവീര്യത്തോടെ ആ പാര്‍ട്ടി ഉയര്‍ന്നുവരുമ്പോള്‍ മറ്റുള്ളവര്‍ നിഷ്പ്രഭരാവുകയാണ്.
‘ദൈവത്തോട് സ്വന്തം കാര്യം ചോദിച്ചില്ല, രാഷ്ട്രത്തിന്റെ ഉന്നതിക്കായാണ് പ്രാര്‍ത്ഥിച്ചതെ’ ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒടുവില്‍ കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ പ്രവേശിക്കും മുമ്പ് മോദി വ്യക്തമാക്കിയിരുന്നു. ആ വ്യക്തിത്വത്തിന്റെ തെളിമയും ഗരിമയും എത്രയെന്നും എങ്ങനെയെന്നും ആ രണ്ടുവരികളില്‍ നിറഞ്ഞുകിടക്കുന്നു. ലോകത്തിന്റെ നെറുകയില്‍ ഭാരതത്തിന്റെ പ്രസന്ന മുഖം പ്രകാശിക്കുന്നത് കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത്തരമൊരു സംസ്കാരം പകര്‍ന്നുകൊടുത്ത സംഘടനയുടെ അദമ്യമായ ഇച്ഛാശക്തി ഊണിലും ഉറക്കത്തിലും നരേന്ദ്രമോദിക്കൊപ്പമുണ്ട്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ”വെറുംകൈയുമായി ഇറങ്ങിപ്പോകുന്നതില്‍ ഒരു വിഷമവും തോന്നാത്ത ആളാണ് ഞാന്‍”. ഭരണം കൈയാളുന്നതോടെ എന്തും പ്രാപ്യമാവുന്ന അവസ്ഥയുണ്ട്. എന്നാല്‍ അത്തരം എല്ലാ സൗകര്യങ്ങളില്‍ നിന്നും തികഞ്ഞ അകലം പാലിച്ച മോദി, ഭരണം സാധാരണക്കാരന്റെ വികാരവിചാരങ്ങള്ക്കൊപ്പമാവണമെന്ന് ശഠിച്ചു. തന്റെ സഹപ്രവര്‍ത്തകരോടും അങ്ങനെ വേണമെന്ന് നിര്‍ദ്ദേശിച്ചു.
ഇങ്ങനെ ഏതു ഭാരതീയന്റെയും സ്വപ്നങ്ങളിലേക്ക് യാഥാര്‍ഥ്യത്തിന്റെ പൊന്‍പ്രഭയുമായി എത്താന്‍ മോദിഭരണകൂടത്തിനായി എന്നതാണ് സത്യം. പ്രതിപക്ഷത്തിന്റെ നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചാരണങ്ങളും ക്ഷുദ്ര മുദ്രാവാക്യങ്ങളും ജനങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കാഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല. കൊള്ളയടിച്ചും അഴിമതിയില്‍ മുങ്ങിത്താഴ്ന്നും ജനങ്ങളില്‍ നിന്ന് അകന്നുപോയവര്‍ ഉയര്‍ത്തിയ വാദഗതികളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിഷ്പ്രഭമാക്കിയത് വാസ്തവത്തില്‍ ഇവിടത്തെ ജനകോടികളാണ്. പത്തറുപതുവര്‍ഷം രാജ്യം ഭരിച്ചിട്ടും ഈ നാടിന്റെ സംസ്കാരവും സ്വത്വവും മനസ്സിലാക്കാഞ്ഞവരുടെ കപട വാദഗതികള്‍ അമ്പേ തകര്ന്നടിയുന്നതായി തെരഞ്ഞെടുപ്പ് ഫലം. അപ്പോഴും പക്ഷേ, കേരളം ക്രിയാത്മക രാഷ്ട്രീയ മുന്നേറ്റത്തില്‍ മുഖം തിരിച്ചു നിന്നു എന്നു പറയേണ്ടിവരും. ജനാധിപത്യധ്വംസനം നടന്ന അടിയന്തരാവസ്ഥയ്ക്ക് ശേഷവും കേരളം അത്തരമൊരു നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ഇതിനൊപ്പം ഓര്‍ക്കണം. സാമൂഹിക മുന്നേറ്റത്തില്‍ എന്നും മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനം ഇത്തരമൊരു നിലപാടിലേക്ക് മൂക്കുകുത്തി വീഴുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
‘ഫിര്‍ ഏക്ബാര്‍ മോദി സര്‍ക്കാര്‍’ എന്നത് വെറുമൊരു മുദ്രാവാക്യമായിരുന്നില്ല. അത് ഉണര്‍ത്തിവിട്ട ആവേശം ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുകയായിരുന്നു. രാജ്യം ഇന്നോളം ദര്ശിച്ചിട്ടില്ലാത്തവിധത്തില് വികസനവും ആത്മബലവും എന്‍ഡിഎ സര്‍ക്കാരിന് നല്കാന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരിക്കല്‍കൂടി മോദി ഭരണം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. 2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്രമോദി ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതത്തിന് എഫ്ഡിഐ (ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്) കിട്ടണമെങ്കില്‍ ആദ്യം ഇവിടെ എഫ്ഡിഐ വേണമെന്ന്. അതായത് ‘ഫസ്റ്റ് ഡവലപ്മെന്റ് ഇന്ത്യ’ ആയെങ്കിലേ അത് സംഭവിക്കൂ എന്ന്. അതായത് ഇന്ത്യ വികസിച്ചാലേ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം വരൂ. അങ്ങേയറ്റത്തെ സാധാരണക്കാരനും വികസനത്തിന്റെ പ്രവാഹത്തില്‍ ഒപ്പം ചേര്‍ന്നെങ്കില്‍ മാത്രം സാധ്യമാവുന്നതാണത്; വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്കുമാത്രം സാധിക്കുന്നത്.
ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അനിതര സാധാരണമായ വൈഭവമാണ് നരേന്ദ്രമോദി സര്‍ക്കാരിനുണ്ടായിരുന്നത്. പാക്കിസ്ഥാന് ഉയര്‍ത്തിയ ഭീഷണിക്കെതിരെ യുക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ലോക രാജ്യങ്ങള്‍ ഒപ്പം നില്ക്കാന് കാരണമായതും അതിന്റെ ദൃഷ്ടാന്തമാണ്. ഭംഗിവാക്കുകളിലൂടെ ജനങ്ങളുടെ ചേതനയെ മരവിപ്പിച്ചുനിര്ത്താനല്ല, ഉള്ളിലുറങ്ങിക്കിടന്ന ശക്തിയെ ഉണര്‍ത്തി വിഭാവശാലിയായ ഭാരതത്തിന്റെ പുനര്‍ നിര്‍മാണമാണ് മോദി ലക്ഷ്യമിട്ടത്. അഞ്ചുവര്‍ഷത്തെ ഭരണം അതിന്റെ നിലം ഒരുക്കലായിരുന്നെങ്കില് ഇനിയുള്ള കാലം വിത്തെറിഞ്ഞ് വിളയിച്ച് സമൃദ്ധി നേടാനാവും പരിശ്രമിക്കുക. അശ്രാന്തപരിശ്രമമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഈ സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ശക്തിയും സൗന്ദര്യവും തെരഞ്ഞെടുപ്പു ഫലത്തില്‍ വ്യക്തമായി കാണാവുന്നതാണ്.
മോദി ഭരണം വീണ്ടും വരുമ്പോള്‍ പേടിക്കുന്നവരും ഒളിച്ചോടുന്നവരും ഉണ്ടാവാം. കാരണം ഇതഃപര്യന്തം തങ്ങള്‍ നടത്തിയതൊന്നും ഇനി സാധിക്കില്ല എന്നതുകൊണ്ടുതന്നെ. വിഭാഗീയ ചിന്താഗതിക്കാര്‍, അഴിമതിക്കാര്‍, രാജ്യദ്രോഹികള്‍, ഛിദ്രശക്തികള്‍, ഒറ്റിക്കൊടുപ്പുകാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇനിയുള്ള കാലം കഠിനമായിരിക്കും. അത്തരം നീക്കങ്ങളോട് ഒരുതരത്തിലുമുള്ള സമരസപ്പെടലിനും വിധേയമാകുന്ന ഭരണകൂടമായിരിക്കില്ല മോദിയുടേത്. ദേശസ്നേഹത്തിന് ഒന്നാം സ്ഥാനം നല്‍കുകയും രാജ്യവികസനം മാത്രം ലക്ഷ്യമിടുകയും ചെയ്യുന്ന ആദ്യത്തെ സര്‍ക്കാരാണ് മോദിയുടേത്. വൈയക്തിക താല്‍പ്പര്യങ്ങള്‍ മോദിയും മോദിസര്‍ക്കാരും ഒരു തരത്തിലും കണക്കിലെടുക്കില്ല. അതറിഞ്ഞവര്‍ ഒന്നിച്ചാണ് പറഞ്ഞത്: ഫിര്‍ ഏക്ബാര്‍ മോദിസര്‍ക്കാര്‍; അതെ ഒരിക്കല്‍കൂടി മോദിസര്‍ക്കാര്‍. രാജ്യം ഈ ഭരണകൂടത്തിനൊപ്പമെന്ന് തെരഞ്ഞെടുപ്പ് ഫലം അര്‍ഥശങ്കയ്ക്കിടവരുത്താത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: