മാനന്തവാടി: കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് നടപടി ഊര്‍ജ്ജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ വയനാട് സ്വദേശിനിയും. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല സ്വദേശിനി ജിഷയുടെ പേരാണ് നോട്ടീസിലുള്ളത്.
കര്‍ണാടകത്തിലെ 14ഉം മറ്റ് സംസ്ഥാനങ്ങളിലെ 20ഉം മാവോയിസ്റ്റുകളുടെ വിവരങ്ങള്‍ നോട്ടീസിലുണ്ട്. കര്‍ണാടകത്തിലെ 12 വനിതകളുടെയും നാല് പുരുഷന്മാരുടെയും മറ്റ് സംസ്ഥാനങ്ങളിലെ ആറ് വനിതകളുടെയും 14 പുരുഷന്മാരുടെയും ചിത്രമാണ് പുറത്തുവിട്ടത്. പ്രധാനപ്പെട്ട ടൗണുകള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. വിക്രംഗൗഡ, സോമന്, ലത, സുന്ദരി വേല്മുരുകന്, മണിവാസകം, മൊയ്തിന്, സാവിത്രി, കവിത, ഉണ്ണി, ചന്ദ്രു, ഡാനിഷ്, ഗണേഷ്, അരവിന്ദ്, സന്തോഷ്, രാമന്, രവി, ശ്രീമതി, രമ എന്നിവരുടെ ചിത്രങ്ങളും നോട്ടീസിലുണ്ട്. കേരള പോലീസ് മാവോ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശമാണ് മക്കിമല.
ചിത്രത്തില്‍ കാണുന്നവര്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധികേസുകളില് പിടികിട്ടാപുള്ളികളാണെന്നും നോട്ടീസിലുണ്ട്.
ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പരിതോഷികങ്ങള്‍ നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളും പോലിസിന് ജാഗ്രതാനിര്‍ദേശം നല്കി.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, വയനാട്ടിലെ മക്കിമല, തിരുനെല്ലി, കര്‍ണാടകത്തിലെ കുടക്, തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ വനമേഖലകളിലാണ് മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുള്ളതെന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ കര്‍ശന നീരീക്ഷണവുമേര്പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: