ചാത്തന്നൂര്‍ (കൊല്ലം): സേവാഭാരതിയുടെ ഇടപെടലില്‍ ഒമാനില്‍ നിന്ന് സിന്ധുവിന് നാട്ടിലേക്ക് യാത്ര. വീട്ടുജോലിക്ക് പോയ പാരിപ്പള്ളി എഴിപ്പുറം കോളനിയില്‍ അര്‍ച്ചന ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന സുഗതന്റെ ഭാര്യ സിന്ധുവിനാണ് സേവാഭാരതി തുണയായത്.
ജോലി ചെയ്ത വീട്ടില്‍ സിന്ധു മാനസിക വിഭ്രാന്തി കാണിച്ചതിനെത്തുടര്‍ന്ന് അവര്‍ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാര്‍ ജില്ലാ സേവാഭാരതിയെ സമീപിക്കുകയും ജില്ലാ സെക്രട്ടറി അഡ്വ. വേണുഗോപാല്‍ ഒമാനിലെ സേവാപ്രവര്ത്തകരുമായി ബന്ധപ്പെട്ട് സിന്ധുവിന് മടക്കയാത്രയ്ക്ക് വഴിയൊരുക്കുകയുമായിരുന്നു. ഇന്നലെ ഒമാന്‍ ഫ്ളൈറ്റില്‍ ഒമാനിലെ ഒരു സേവാപ്രവര്ത്തകയ്ക്കൊപ്പം തിരുവനന്തപുരത്തെത്തി. സേവാഭാരതി പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിച്ച് വീട്ടിലെത്തിച്ചു.
സ്വന്തമായി ഒരു തുണ്ട് വസ്തു, കയറിക്കിടക്കാന്‍ ഒരു കൂര… ജീവിതം പകുതി വഴി പിന്നിട്ടപ്പോള്‍ വിദേശത്തേക്ക് വീട്ടുജോലിക്കുപോയതാണ് സിന്ധു. ആഗ്രഹം പൂര്‍ത്തീകരിക്കാതെയാണ് അവര്‍ ജീവിതപ്രാരബ്ധങ്ങളിലേക്ക് മടങ്ങുന്നത്. സുഗതനും സിന്ധുവിനും രണ്ട് പെണ്മക്കളാണ്. പാരിപ്പള്ളി കുളമടയില്‍ ഉണ്ടായിരുന്ന വസ്തു ആദ്യം പണയം വച്ചും പിന്നെ സഹകരണ ബാങ്കിലെ ബാധ്യത തീര്‍ക്കാന്‍ വസ്തു വിറ്റും രണ്ട് പേരെയും കല്യാണം കഴിച്ചയച്ചു. പിന്നെ വാടകവീടുകളായിരുന്നു അഭയം.
ഒരു വീടിനും രണ്ട് സെന്റ് വസ്തുവിനും വേണ്ടി ഗ്രാമസഭകളില്‍ കയറിയിറങ്ങി ജനപ്രതിനിധികളുടെ മുന്നില്‍ യാചിച്ചു. എല്ലാവരും അവഗണിച്ചു. ഈ അലച്ചിലിനിടയിലാണ് ഏജന്‍സി മുഖേന വിദേശത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: