ആലപ്പുഴ: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് ഒന്നു ചിരിച്ചു. ഒരു ഒന്നൊന്നര ചിരി. ആ ‘വിഖ്യാത’മായ ചിരി നാളെയും മുഴങ്ങുമോയെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
വിഎസ് ചിരിക്കാതിരിക്കില്ല. ചിരിയുടെ ദൈര്‍ഘ്യം കൂടുമോ, കുറയുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. വിഎസിനെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം അന്തഃരംഗത്തിലെങ്കിലും വിഎസ് മതിമറന്ന് ചിരിക്കുമെന്ന്. പ്രായാധിക്യത്താല്‍ ചിലപ്പോള്‍ ചിരിയുടെ ദൈര്‍ഘ്യം കുറയാം അത്രമാത്രം.
ഇടതുപക്ഷത്തിന് 2009ല്‍ ലഭിച്ചത് ഇരുപതില്‍ മൂന്ന് സീറ്റ് മാത്രം. പ്രതികരണമറിയാന്‍ വിഎസിനെ കാണാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിരിയായിരുന്നു മറുപടി.
ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് ആ ചിരിയുടെ അര്‍ത്ഥം പൂര്‍ണമായി മനസിലാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്.
തന്നെ കേരളം മുഴുവന്‍ കൊണ്ടു നടന്ന് വോട്ടു നേടിയ ശേഷം കറിവേപ്പിലപോലെ വലിച്ചെറിഞ്ഞ് അധികാരത്തിലേറിയവരോട് അത്ര പഥ്യമൊന്നും ഇപ്പോഴും വിഎസിനില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും സംസ്ഥാന സെക്രട്ടറിയായ പിണറായി വിഎസിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയായിരുന്നു.ഇക്കുറി പ്രചരണ പോസ്റ്ററുകളില്‍നിന്ന് വിഎസിന്റെ ചിത്രം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. പിണറായിയുടേയും കോടിയേരിയുടെയും ചിത്രമായിരുന്നു പോസ്റ്ററുകളില്‍.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കടുത്ത നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് അവസാനം ഗത്യന്തരമില്ലാതെ വിഎസിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിച്ചത്.ഭൂരിപക്ഷസമുദായത്തിന്റെ വിശ്വാസങ്ങളെ ചവിട്ടിമെതിച്ചും, പ്രകോപിപ്പിച്ചും, വേദനിപ്പിച്ചും ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി നേടുകയെന്ന തുഗ്ലക് തന്ത്രമായിരുന്നു പിണറായിയുടേത്, ഏതാണ്ടൊരു ഉന്മാദാവസ്ഥ. ഭൂരിഭാഗം സര്‍വെകളും ഇടതുപക്ഷം പിന്നിലാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: