ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നുണപ്രചാരണം പൊളിയുന്നു. വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകളിലേക്ക് പുറമെനിന്ന് കൃത്രിമം നടത്തിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് കണക്കിലെടുത്ത് മണ്ഡലങ്ങളില്‍ കൂടുതല്‍ ഇവിഎമ്മുകള്‍ എത്തിക്കാറുണ്ട്. ഇങ്ങനെ അധികമായി കരുതിയിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നതാണ് പ്രതിപക്ഷം മറ്റ് രീതിയില്‍ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ വാഹനത്തില്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിപക്ഷം നുണപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
എല്ലാ വോട്ടെടുപ്പിലുമുണ്ടാകാറുള്ള സാധാരണ നടപടിയെയാണ് തോല്‍വി മുന്‍കൂട്ടിക്കണ്ട് വിവാദമാക്കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് യുപിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. മതിയായ സുരക്ഷയോടെ നടപടിക്രമങ്ങള്‍ പാലിച്ചാണ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും മുന്നിലാണ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്നത്. ഇതിന്റെ വീഡിയോയും പകര്‍ത്തും. സ്ട്രോങ് റൂമുകള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികള്‍ക്ക് അനുവാദവുമുണ്ട്. ഇവിഎമ്മുകള്‍ മാറ്റാനാകില്ല. ജനങ്ങള്‍ പരിഭ്രാന്തരാകരുത്, അദ്ദേഹം വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം തള്ളി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തിയതും പ്രതിപക്ഷത്തിന് തിരിച്ചടിയായി. മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. കമ്മീഷനെ വിമര്‍ശിക്കേണ്ടതില്ല. ഇവിഎമ്മിനെതിരായ ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മീഷന് നടപടിയെടുക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വിവിപാറ്റ് മെഷീനുകളിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജ്ജി സുപ്രീംകോടതിയും തള്ളി. പ്രതിപക്ഷം ഏറെ നാളായി ഈ ആവശ്യം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവിഎമ്മിനെതിരായ ആരോപണം ആവര്‍ത്തിച്ചു. ഇതില്‍ പരാതികള്‍ നല്കാന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറക്കാന്‍ കമ്മീഷന് തീരുമാനിച്ചു.
പ്രതിപക്ഷത്തിന്റേത് തീക്കളി
2014ന് ശേഷമുള്ള തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒറ്റ ന്യായീകരണമേയുള്ളു. അതാണ് ഇവിഎം. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന ആദ്യത്തെ ആരോപണം. ഇപ്പോള്‍ അത് സ്ട്രോങ് റൂമുകളില്‍ നിന്നു യന്ത്രങ്ങള്‍ കടത്തുന്നുവെന്നാക്കി.
കൃത്രിമം നടത്താന്‍ ബിജെപിക്ക് സാധിക്കുമെങ്കില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന ചോദ്യത്തിന് മറുപടിയില്ല. പഞ്ചാബ്, ദല്‍ഹി, കര്‍ണാടക ഫലങ്ങളും ഇവിഎം വിരുദ്ധര്‍ മറച്ചുപിടിക്കുന്നു. നേരത്തെ ക്രമക്കേട് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നല്‍കിയെങ്കിലും ആരോപണമുന്നയിച്ചവര്‍ വെല്ലുവിളി ഏറ്റെടുത്തില്ല. ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ലണ്ടനില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സംഘടിപ്പിച്ച പരിപാടിയും പൊളിഞ്ഞിരുന്നു. തോല്‍വിയില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രതിപക്ഷത്തിന്റെ പാഴ്ശ്രമം ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യ സംവിധാനത്തില്‍ അവിശ്വാസം വര്‍ധിപ്പിക്കുന്ന തീക്കളിയായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: